Friday, October 6, 2017

ഇഷിഗുറോ: ഓര്‍മയുടെ കാന്‍വാസിലെ കഥാകാരന്‍


(നൊബേല്‍ പുരസ്‌കാരം നേടിയ കസുവോ ഇഷിഗുറയെ കുറിച്ചെഴുതിയ ലേഖനം)

''ഭാഷ അനുഭവങ്ങളുടെ വാതിലും സ്‌നേഹത്തിന്റെ കിടപ്പറയും അനിശ്ചിതത്വത്തിന്റെയും ചോദ്യംചെയ്യലിന്റെയും അന്തരീക്ഷത്തിലേക്കു തുറക്കുന്ന ജനാലയുമാണ്.''                   കാര്‍ലോസ് ഫുന്റസ്

കഥാരചനയില്‍ പൊതുരീതികളെ കൈയൊഴിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ സമകാലിക കഥാകാരന്‍മാരില്‍ ശ്രദ്ധേയനാണു ജപ്പാനില്‍ ജനിച്ച് ഇംഗ്ലീഷില്‍ എഴുതുന്ന കസുവോ ഇഷിഗുറോ. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയതിന്റെ കാരണവും മറ്റൊന്നല്ല. വൈകാരികമായി കരുത്തുള്ള കഥാപാത്രങ്ങളാണ് ഇഷിഗുറോയുടെ നോവലുകളുടെ മഹത്വമെന്നാണു നൊബേല്‍ പുരസ്‌കാരസമിതി വിലയിരുത്തിയത്.

കഥാപാത്രങ്ങളുടെ ഒര്‍മകളിലൂടെയാണ് ഇഷിഗുറോയുടെ കഥകള്‍ പുരോഗമിക്കുന്നത്. അതിനു കാലത്തിന്റെ പിന്‍ബലവുമുണ്ട്. അദ്ദേഹത്തിന്റെ പൊതു സ്വഭാവമായി നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളതു വളരെ ജാഗ്രതയോടെ നിലനിര്‍ത്തിയിട്ടുള്ള ഭ്രമാത്മകതയാണ്.  ഇഷിഗുറോയുടെ രചനകളില്‍ ഭാവനയുടെ അതിപ്രസരമെന്നു വിമര്‍ശകര്‍ വിമര്‍ശനമുന്നയിച്ചിട്ടുള്ളപ്പോഴൊക്കെ അദ്ദേഹം കൊടുത്തിട്ടുള്ള മറുപടി ഇങ്ങനെ: 'അതു ഭാവനയല്ല മിഥ്യയാണ്. മനുഷ്യരുടെ മിഥ്യാധാരണകളെക്കുറിച്ചും പിന്നീട് അവരുടെ ബോധമണ്ഡലത്തില്‍ ഇടം നേടുന്ന മിഥ്യാ ബോധ്യങ്ങളെക്കുറിച്ചുമാണു ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. ഓര്‍മ എന്നെ സംബന്ധിച്ചു വളരെ വിലപ്പെട്ടതാണ്, പ്രധാനപ്പെട്ടതും. ഓര്‍മകളിലൂടെ ഞാന്‍ നടത്തുന്ന യാത്രയാണ് എന്റെ കൃതികളായി പുറത്തുവരുന്നത്.''


എഴുത്തില്‍ ചെറുപ്പക്കാരനായ ഇഷിഗുറോയുടെ നോവലുകളിലെ കാലം മിക്കപ്പോഴും ഭൂതകാലമാണ്. അതിനാല്‍ തന്നെ കഥയ്ക്കു പുറത്തുള്ള ജീവിതത്തെക്കൂടി തന്റെ വായനയുടെ വൃത്തത്തിനുള്ളിലേക്കു കൊണ്ടുവരാന്‍ വായനക്കാരന്‍ നിര്‍ബന്ധിതനാവുന്നു. അതു മിക്കപ്പോഴും സമകാലിക ലോകക്രമത്തോടു ചേര്‍ന്നുനില്‍ക്കുന്നതുമായിരിക്കും. പലപ്പോഴും തന്റെ കൃതിയിലൂടെ ഒരു കഥ പറയുക എന്നതിനപ്പുറം ചില ചിന്തകളെയും ഓര്‍മകളെയും മിഥ്യാബോധങ്ങളെയും വാരി വിതറാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇവിടെയാണ് ഇഷിഗുറോ കഥാരചനയുടെ എല്ലാ നിര്‍വചനങ്ങളെയും തകര്‍ക്കുന്നത്. ഇത്തരത്തില്‍ ഇഷിഗുറോ വിതറിയിട്ടവയെ പെറുക്കി കഥയുടെ പൂര്‍ണതയില്‍ എത്തിക്കേണ്ട വലിയ ദൗത്യമാണു വായനക്കാരന്റെ മുന്നിലുള്ളത്.

ബാല്യകാല ഓര്‍മകളുടെ കൗതുകവും സൗന്ദര്യവും ആവോളം നിറഞ്ഞ അദ്ദേഹത്തിന്റെ നോവലായ നെവര്‍ ലെറ്റ മി ഗോ അനുപമമായ ഈ രചനാശൈലിയുടെ മകുടോദാഹരണമാണ്. ഈ നോവലില്‍ അദ്ദേഹം ഭൂതകാലം മാത്രമല്ല ഭാവികാലവും വളരെ സൂക്ഷ്മമായി സംയോജിപ്പിച്ചിരിക്കുന്നു. നല്ല ഓര്‍മകളില്‍ ജീവിക്കാനാവുക എന്നതാണ് ഒരു മനുഷ്യന് ഏറ്റവും വലിയ സന്തോഷം പ്രദാനം ചെയ്യുന്നതെന്നാണ് ഇഷിഗുറോയുടെ പക്ഷം. അക്കാരണത്താലാവാം മനുഷ്യരുടെ ആയുസ് നീട്ടിക്കൊണ്ടു പോകുന്നതിന് അവയവദാനം നടത്താന്‍ വേണ്ടി അവരുടെ ക്ളോണുകളെ സൃഷ്ടിക്കുകയും അവയെ പോറ്റിവളര്‍ത്തുകയും ചെയ്യുന്ന ഒരു ഭാവികാലത്തിലാണ് നെവര്‍ ലെറ്റ് മി ഗോയുടെ പരിസരം അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നത്. ലക്ഷണമൊത്ത സയന്‍സ് ഫിക്ഷന്‍ എന്നു വിശേഷിപ്പാക്കാനാവില്ലെങ്കിലും ഒരു ശാസ്ത്ര നോവലിന്റെ പരിസരങ്ങളിലൂടെയെല്ലാം അദ്ദേഹം യാത്ര ചെയ്യുന്നുണ്ട് ഈ നോവലില്‍.

ഏതാണ്ട് അഞ്ചു കൊല്ലത്തെ ഇടവേളകളിലാണ് ഇഷിഗുറോയുടെ ഓരോ പുസ്തകവും  ഇറങ്ങുന്നത്. നെവര്‍ ലെറ്റ് മി ഗോയുടെ ചലച്ചിത്രാവിഷ്‌കാരം 2010-ല്‍  പുറത്തിറങ്ങി. ബുക്കര്‍,  ആര്‍തര്‍.സി ക്ളാര്‍ക് പുരസ്‌കാരങ്ങള്‍ക്ക് ഷോര്‍ട്ട് ലിസ്റ്റ്  ചെയ്യപ്പെട്ട ഈ കൃതി, 2005-ല്‍ ടൈം മാസിക തയാറാക്കിയ എക്കാലത്തെയും (1923  മുതല്‍ പ്രസിദ്ധീകരിച്ച ഇംഗ്ളീഷ് നോവലുകള്‍) മികച്ച 100 നോവലുകളുടെ  നിരയിലും ഇടംനേടി.

കഥാകാരനായിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു റോക്ക് ഗായകനായി തീരുമായിരുന്നുവെന്നു വേണം കരുതാന്‍. ഇഷിഗുറോ പാട്ടെഴുത്തിലും ആലാപനത്തിലും ഒരു കൈ നോക്കിയിരുന്നു എന്നതു കൂട്ടിവായിക്കുന്‌പോഴാണ് ഈ നിഗമനം ശരിയാവുന്നത്.  തന്റെ നോവലുകള്‍ക്കിടയില്‍ കൃത്യമായ ഇടവേളകള്‍ കാത്തു സൂക്ഷിക്കുന്നതില്‍ ഇഷിഗുറോ വളരെ കണിശക്കാരനായിരുന്നുവെന്നു വേണം കരുതാന്‍. ഏകദേശം അഞ്ചു വര്‍ഷത്തെ ഇടവേളകളിലാണ് അദ്ദേഹത്തിന്റെ കൃതികള്‍ പുറത്തിറങ്ങിയിരുന്നത്.

മഹനീയമായ ആദരമെന്നാണ് ഏറ്റവും വലിയ സാഹിത്യ ബഹുമതി തേടിയെത്തിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്. തനിക്കുമുന്‌പേ ജീവിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പ്രതിഭാധനരായ എഴുത്തുകാരുടെ പട്ടികയിലെ അവസാന പാദം തന്റേതായിരിക്കുന്ന് അദ്ദേഹം പറഞ്ഞു.

 ദ റിമെയിന്‍സ് ഓഫ് ഡെയ്‌സിന് ബുക്കര്‍ സമ്മാനം നേടിയ ഇഷിഗുറോ നാലുതവണ മാന്‍ ബുക്കര്‍ പ്രൈസിനു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.  എ പെയില്‍ വ്യൂ ഓഫ് ഹില്‍സ് , ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദ ഫ്‌ലോട്ടിംഗ് വേള്‍ഡ്, ദി അണ്‍ കണ്‍സോള്‍ഡ്, ദ ബറീഡ് ജയന്റ്, വെന്‍ വി വേര്‍ ഓര്‍ഫന്‍സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

 1954 നവംബര്‍ എട്ടിനാണു ഇഷിഗുറോയുടെ ജനനം. പിതാവിന്റെ ജോലിയുടെ ഭാഗമായി അഞ്ചാം വയസില്‍ അദ്ദേഹം ഇം ഗ്ലണ്ടിലേക്കു കുടിയേറി. 2015 ല്‍ പുറത്തിറങ്ങിയ ദ ബറീഡ് ജയന്റ് ആണു ഏറ്റവും പുതിയ രചന. ഡിസംബര്‍ പത്തിനു സ്റ്റോക്‌ഹോമില്‍ നടക്കുന്ന ചടങ്ങില്‍ 11 ലക്ഷം  യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം ഇഷിഗുറോ ഏറ്റുവാങ്ങും.





No comments:

FACEBOOK COMMENT BOX