Saturday, February 18, 2017

നേട്ടങ്ങളുടെ നെറുകയില്‍ ഐഎസ്ആര്‍ഒ


''ആയിരം കാതം നീണ്ട യാത്ര ആരംഭിക്കുന്നതും ഒരു ചുവടു വച്ചു കൊണ്ടാണ്''
ഐഎസ്ആര്‍ഒ ആ നേട്ടം കൈവരിച്ചിരിക്കുന്നു. ഒറ്റ റോക്കറ്റില്‍ നൂറിലേറെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക. ചരിത്രമായ ആ ദൗത്യം ഐഎസ്ആര്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. ലോകത്തെ മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്കു പോലും ഇതുവരെ സാധിക്കാത്ത വലിയൊരു ദൗത്യമാണ് ഐഎസ്ആര്‍ഒ ഇന്നലെ പൂര്‍ത്തിയാക്കിയത്. 104 ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി സി 37 ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇത് ഒരു രാത്രി കൊണ്ടുണ്ടാക്കിയ നേട്ടമല്ല.  തദ്ദേശീയ സാങ്കേതികവിദ്യയില്‍ ചന്ദ്രനും കടന്ന് ചൊവ്വവരെ എത്തിയ ദൗത്യത്തിന്റെ, അന്തരീക്ഷവായു സ്വീകരിച്ച് ജ്വലിക്കുന്നതും ഭാരംകൂടിയ ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുമുള്ള റോക്കറ്റിന്റെ,  ശുക്രനെ കീഴടക്കാനുള്ള തയാറെടുപ്പുകളുടെ, പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഗവേഷണലക്ഷ്യങ്ങളുടെയൊക്കെ തുടര്‍ച്ചയാണ് ഇന്നലത്തെ നേട്ടം.

ആഗോള സാങ്കേതികരംഗം അതിവേഗം കുതിക്കുകയാണ്. ബഹിരാകാശ രംഗവും അതോടൊപ്പമാണ്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഐഎസ്ആര്‍ഒ ആണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇന്നലെവരെ ബഹിരാകാശ ഗവേഷണ രംഗത്ത് മുന്‍പന്തിയിലായിരുന്ന അമേരിക്കയെയും റഷ്യയെയും പിന്നിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുന്നു.  2014ല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ നേട്ടമാണ് ഇന്നലെ ഐസ്ആര്‍ഒ സ്വന്തം പേരിലാക്കിയത്. റഷ്യയെക്കാള്‍ മൂന്നിരട്ടി ഉപഗ്രഹങ്ങളാണ് ഇന്ത്യ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നത്.  അമേരിക്കയുടെ നാസയ്ക്ക് ഇതുവരെ  29 ഉപഗ്രഹങ്ങളെ മാത്രമേ  ഒരു വിക്ഷേപണത്തില്‍ ഉള്‍പ്പെടുത്താനായിട്ടുള്ളൂ. എന്നല്‍,  ഇവയെല്ലാം മറിച്ചിട്ടാണ് ഇന്ത്യയുടെ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു.

റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും ശേഷി വര്‍ധിപ്പിക്കുന്ന ഗവേഷണങ്ങളാണ് ബഹിരാകാശ രംഗത്ത് എല്ലാ ഏജന്‍സികളും ചെയ്യുന്നത്. ഐഎസ്ആര്‍ഒ വ്യത്യസ്തരാവുന്നത് നിര്‍മാണ ചെലവു കുറയ്ക്കാന്‍ നടത്തുന്ന പ്രയത്‌നങ്ങളിലൂടെയാണ്.  അതാണ് ചുരുങ്ങിയ ബജറ്റില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യന്‍ ഏജന്‍സിയെ സഹായിക്കുന്നത്. അമേരിക്കന്‍ കന്പനിയായ സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഒരു വിക്ഷേപണത്തിനു വേണ്ടിവരുന്നത് 380 കോടി രൂപയാണെങ്കില്‍ റഷ്യയുടെ പ്രോട്ടോണിന്റെ വിക്ഷേപണത്തിനു ചെലവഴിക്കേണ്ടത് 455 കോടിരൂപയാണ്. ചൈനയുടെ ലോംഗ് മാര്‍ച്ച്, അമേരിക്കയുടെ തന്നെ അറ്റ്ലസ് 5, യൂറോപ്യന്‍ യൂണിയന്റെ അരിയന്‍ 5 എന്നിവയുടെ ഒരു വിക്ഷേപണത്തിനു 670 കോടി രൂപയോളം  ചെലവാക്കണം. ഇവരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് വെറും നൂറു കോടി രൂപചെലവില്‍ ഐഎസ്ആര്‍ഒ 104 ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തിലെത്തിച്ചിരിക്കുന്നത്.

പ്രവര്‍ത്തന മികവിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉപഗ്രഹങ്ങളാണ് നമ്മുടേത്. വിവരങ്ങള്‍ ശേഖരിച്ച് പിഴവുകളില്ലാതെ ക്രോഡീകരിച്ച് എടുക്കുന്നതില്‍ ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ മുന്നിലാണ്. അതിന്റെ ഏറ്റവും വലിയ പ്രയോജനം നമ്മള്‍ ഈ അടുത്ത നാളില്‍ നേരിട്ട് അനുഭവിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലും ആന്ധ്രാതീരങ്ങളിലുമായി പതിനായിരക്കണക്കിന് ആളുകളുടെ ജീവനു ഭീഷണിയാകുമായിരുന്ന വര്‍ധ ചുഴലിക്കാറ്റില്‍ നിന്ന് ആളുകളെ രക്ഷിച്ചത് ഐഎസ്ആര്‍ഒയുടെ പ്രകൃതിദുരന്ത മുന്നറിയിപ്പുസംവിധാനത്തിന്റെ പിഴവറ്റ പ്രവര്‍ത്തനമാണ്. കനത്ത നാശനഷ്ടം വിതച്ച് 140 കി. മീറ്റര്‍ വേഗത്തില്‍ പാഞ്ഞുപോയ വര്‍ധ ചുഴലിക്കാറ്റിന്റെ വേഗവും ദിശയും മറ്റും സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്ആര്‍ഒ ശേഖരിച്ചതും അത് ബന്ധപ്പെട്ട വകുപ്പുകളുടെ നടപടികള്‍ക്കായി കൈമാറിയതും ഇന്‍സാറ്റ് 3ഡിആര്‍, സ്‌കാറ്റ്സാറ്റ് 1 എന്നീ ഉപഗ്രഹങ്ങളിലൂടെയാണ് .

ജനകീയമായ പദ്ധതികളാണ് ഐഎസ്ആര്‍ഒയെ വ്യത്യസ്ഥമാക്കുന്നത്. ധാതുസമ്പത്തുകള്‍ കണ്ടെത്തുക, പിഴവില്ലാത്ത വാര്‍ത്താവിനിമയ സംവിധാനം നടപ്പിലാക്കുക, പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക, വിദ്യാഭ്യസവും മികച്ച ചികിത്സയും ഉറപ്പുവരുത്തി രാജ്യത്തെ കുഗ്രാമങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ പങ്കുവഹിക്കുക, വിമാനങ്ങളെ സുഗമമായി ഇറങ്ങാന്‍ സഹായിക്കുക, 'നാവിക്' ഉള്‍പ്പടെയുള്ള ഗതിനിര്‍ണയ സംവിധാനമുപയോഗിച്ച് യാത്രകളെ ശരിയായ ദിശയിലേക്ക് നയിക്കുക എന്നിങ്ങനെയുള്ള ജനകീയപദ്ധതികളാണ് ഐഎസ്ആര്‍യെ ജനകീയമാക്കുന്നത്. ഇവയ്ക്കു പുറമെ മംഗള്‍യാന്‍ വഴി ചൊവ്വയെ കൈപ്പിടിയിലൊതുക്കിയ ഇന്ത്യ ശുക്രനേയും കീഴടക്കാന്‍ ഒരുങ്ങുകയാണ്.  കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. ഭൂമിയുമായി ഏറെ സമാനതകളുള്ള ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യത്തിനും ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ ഈ നേട്ടം 2020 ന് ശേഷമുള്ള ശാസ്ത്രലോകം ഇന്ത്യയുടേതാവും എന്ന സൂചനയാണു നല്‍കുന്നത്. 2022ല്‍ ചൊവ്വയുടെ ഉപരിതലത്തില്‍ യന്ത്രമനുഷ്യനെ ഇറക്കുകയെന്ന വലിയ സ്വപ്നവും ഇന്ത്യയക്കുണ്ട്.

ബഹിരാകാശ ഗവേഷണ ഏജന്‍സികളുടെ ചരിത്രം ആരംഭിക്കുന്നത് പഴയ സോവ്യറ്റ് യൂണിയനില്‍ നിന്നാണെന്നു പറയാം. അക്ഷരാര്‍ഥത്തില്‍ ലോകത്തെ ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത സംഭവമാണ് 1957ലെ സ്പുട്നിക് വിക്ഷേപണം. സ്പുട്‌നിക്കിന്റെ വിക്ഷേപണം ബഹിരാകാശ ശാസ്ത്രജ്ഞരെയെല്ലാം പ്രചോദിപ്പിച്ച സംഭവമായിരുന്നു. അതില്‍ ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞനുമുണ്ടായിരുന്നു. വിക്രം സാരാഭായ്. സോവിയറ്റ് യൂണിയനെപ്പോലെ ഒരു ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുന്നതിനെ കുറിച്ച് അദ്ദേഹം സ്വപ്നം കാണുകയുണ്ടായി. അതിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഓണ്‍ സ്പേസ് റിസര്‍ച്ച് എന്ന സംഘടന അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ തുമ്പയില്‍നിന്ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് രോഹിണി വിക്ഷേപിക്കപ്പെട്ടു.  പിന്നീട്, ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ഷന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. 

1969 ലെ സ്വാതന്ത്ര്യദിനത്തിലാണ്  ഇന്നത്തെ ഐഎസ്ആര്‍ഒ  രൂപമെടുക്കുന്നത്. ഇതിനോടൊപ്പം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്‌പേസ്, സ്‌പേസ് കമ്മീഷന്‍ തുടങ്ങിയ സംവിധാനങ്ങളും സര്‍ക്കാര്‍തലത്തില്‍ രൂപംകൊണ്ടു. ഐഎസ്ആര്‍ഒയുടെ കീഴില്‍ തിരുവനന്തപുരത്തുകൂടാതെ ശ്രീഹരിക്കോട്ട, ചെന്നൈ, ബംഗളൂരു,  അഹമ്മദാബാദ്,  ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രധാന സ്ഥാപനങ്ങള്‍ നിലവില്‍വന്നു.
ഇന്ത്യന്‍ ബഹിരാകാശവാഹനങ്ങള്‍ രോഹിണിയില്‍ നിന്ന് എസ്എല്‍വി, എഎസ്എല്‍വി, പിഎസ്എല്‍വി എന്നിവയും കടന്ന് ജിഎസ്എല്‍വി വരെ എത്തി നില്‍ക്കുന്നു. ഇന്‍സാറ്റ്, ജി സാറ്റ്, ഐആര്‍എസ് എന്നിങ്ങനെ വിവിധ ഉപഗ്രഹങ്ങളുടെ വിവിധ ശ്രേണികള്‍ തന്നെ ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിച്ചു കഴിഞ്ഞു. വിക്ര സാരാഭായിയില്‍ തുടങ്ങി കിരണ്‍കുമാര്‍ വരെ ഈ നേട്ടങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചവരാണ്. അതിനുള്ള പരിശ്രമം തുടരുകയാണ്.

ഏതു സ്ഥാപനത്തിന്റെയും തലപ്പത്തുള്ള ഏതാനും ചിലരുടെ പേരുകള്‍ മാത്രമേ മിക്കപ്പോഴും പുറംലോകം അറിയാറുള്ളൂ. ഓരോ ദൗത്യത്തിന്റെയും അണിയറയില്‍ പ്രവര്‍ത്തിക്കുന്ന അജ്ഞാതരായ നിരവധി ഭാവനാസമ്പന്നരായ ശാസ്ത്രജ്ഞരുടെ കഠിനപ്രയത്‌നത്തിന്റെ ഫലം കൂടിയാണ് ഈ വിജയംFriday, January 6, 2017

ഓംപുരി: നടന വൈഭവത്തിന്റെ പ്രതിരൂപം

മഹത്തായ പ്രകടനങ്ങളില്‍ നിന്നും മഹാന്‍മാരായ കലാകാരന്‍മാരിനിന്നും പ്രചോദനം ഉള്‍ക്കൊള്ളുക. അവരെ അനുകരിക്കരുത്. പ്രചോദനമെന്നാല്‍ കൂടുതലും ഒരു മാതൃകയാണ്. നോക്കികാണാനുള്ള ഒരു നിലവാരമാണ്. എങ്ങനെ അഭിനയിക്കണമെന്നതിനുള്ള ഉദാഹരണമല്ല.
                           - ഓംപുരി

കലാകാരന്‍ അറിയപ്പെടേണ്ടത് പ്രതിഭ കൊണ്ടാണ്. അത് ജന്മസിദ്ധമായി മാത്രം ലഭിക്കുന്നതല്ല. അടങ്ങാത്ത ആഗ്രഹവും കഠിനമായ അധ്വാനവും വേണം. ഈ പറഞ്ഞ മൂന്ന് ഘടകങ്ങളാണ് ഒരു കലാകാരനെ അടയാളപ്പെടുത്തുക. അത്തരത്തില്‍ അടയാളപ്പെടുത്തപ്പെട്ട കലാകാരനാണ് ഓംപുരി. അദ്ദേഹം വെള്ളിവെളിച്ചത്തില്‍ നിന്ന് പുറത്താകുമ്പോള്‍ നഷ്ടപ്പെടുന്നത് മഹാനായ ഒരു കലാകാരനെ മാത്രമല്ല എല്ലാ അര്‍ഥത്തിലും നല്ല മനുഷ്യനെക്കൂടിയാണ്.
   ബാല്യത്തിലും കൗമാരത്തിലും അന്തര്‍മുഖനായിരുന്ന ഓം ലോകം അറിയുന്ന നടനാവുമെന്ന് കരുതിയവര്‍ ചുരുക്കം. പക്ഷേ, കാലം അദ്ദേഹത്തിനു വേണ്ടി കാത്തുവച്ചിരുന്നത് നല്ല നടന്റെ കസേരയായിരുന്നു. അന്തര്‍മുഖത്വമാണ് തന്നെ നടനാക്കിയതെന്ന് പില്‍ക്കാലത്ത് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. "" ഞാന്‍ ഒരു അന്തര്‍മുഖനാണ്. ചെറുപ്പത്തില്‍ മാത്രമല്ല. എല്ലായിപ്പോഴും. പക്ഷേ, ആ അന്തര്‍മുഖത്വമാണ് എന്നെ നടനാക്കിയതെന്നു പറയാം. എന്റെ ചുറ്റിലും നടനാക്കുന്ന കാര്യങ്ങള്‍ വളരെ വേഗത്തില്‍ തന്നെ എന്നെ സ്വാധീനിക്കുമായിരുന്നു. മാത്രവുമല്ല, മറ്റുള്ളവര്‍ക്ക് സില്ലിയെന്നു തോന്നുന്ന കാര്യങ്ങള്‍പോലും എന്നെ വൈകാരികമായി സ്വാധീനിക്കുമായിരുന്നു. എന്റെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ ഒരു മാധ്യമം തേടിയുള്ള യാത്രയില്‍ എനിക്കു ലഭിച്ചത് നാടകത്തെയാണ്.''
   ജീവിതവഴിയായി നാടകത്തെ തെരഞ്ഞെടുത്ത അദ്ദേഹത്തിന്റെ തീരുമാനം തെറ്റിയില്ലെന്നു കാലം തെളിയിച്ചു. പാട്യാലയിലെ കോളജില്‍ പഠിക്കുന്ന സമയത്ത് യൂത്ത്‌ഫെസ്റ്റിവലില്‍ അദ്ദേഹം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടു. അന്ന് ആ നാടകം കാണാത്തിയ പാട്യാല കോടതിയിലെ ഒരു ജഡ്ജിക്ക് ഓംപുരിയുടെ നാടകം ഇഷ്ടപ്പെടുകയും അദ്ദേഹം കൂടി അംഗമായ പഞ്ചാബ് കലാ മഞ്ച് എന്ന നാടക സംഘത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. ആ ക്ഷണമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായാത്. ക്യാമ്പസിന്റെ പുറത്ത് അദ്ദേഹത്തെ ജനങ്ങള്‍ അറിഞ്ഞു തുടങ്ങിയത് പഞ്ചാബ് കലാ മഞ്ചിലൂടെയായിരുന്നു. ഓമിന്റെ ഞരമ്പുകളില്‍ ഒരു ലഹരിപോലെ നാടകം പടര്‍ന്നുകയറുകയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഒരു കാര്യത്തില്‍ അഭിപ്രയവ്യത്യാസമില്ലായിരുന്നു. ലോകമറിയുന്ന ഒരു കലാകാരനായി ഓം മാറുമെന്നകാര്യത്തില്‍.
   നാടകത്തെ ജീവിതമാര്‍ഗമായി തെരഞ്ഞെടുക്കാന്‍ ഓം തീരുമാനിച്ച കാലം. അദ്ദേഹത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളവര്‍ നാടകത്തിനു പിന്നാലെ പോകാന്‍ അദ്ദേഹത്തെ ഉപദേശിക്കില്ലല്ലോ. പക്ഷേ, നാടകമെന്ന ലഹരിക്ക് അടിമപ്പെട്ട ഓമിനെ മോചിപ്പിക്കാന്‍ അവരുടെ ഉപദേശങ്ങള്‍ക്ക് കഴിഞ്ഞില്ല. അദ്ദേഹം നേരെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം തെരഞ്ഞെടുത്തത് അഭിനയമായിരുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. പക്ഷേ, അവിടത്തെ പഠനം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. ഭാഷയായിരുന്നു വലിയ വില്ലന്‍. അദ്ദേഹത്തിന്് ഇംഗ്ലീഷ് ഭാഷ അത്ര വശമില്ലായിരുന്നു. ശരിക്ക് അറിയാവുന്നത് പഞ്ചാബിയും ഹിന്ദിയുംമാത്രം. പഠനം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു പോലും അദ്ദേഹം ചിന്തിച്ചിരുന്നതായി സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനുവഴങ്ങിയാണ് അദ്ദേഹം തീരുമാനം മാറ്റിയത്. 20 ലേറെ ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിക്കുകയെന്ന അനുപമമായ നേട്ടം കാലം അദ്ദേഹത്തിനു വേണ്ടി കാത്തുവച്ചിരുന്നുവെന്നത് ചരിത്രം.
   തെക്ചന്ദ് പുരിയുടെയും താരാദേവിയുടെയും ഇളയമകനായാണ് ഓം പ്രകാശ് പുരി ജനിച്ചത്. എട്ട് സഹോദരന്‍മാരും സഹോദരിമാരുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അവരില്‍ ഓമും മൂത്ത സഹോദരന്‍ വേദ് പുരിയുമൊഴിച്ചുള്ളവര്‍ ചെറു പ്രായത്തില്‍ തന്നെ അസുഖം ബാധിച്ചും ശരിയായ ചികിത്സയും മരുന്നും ലഭിക്കാതെയും മരണപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരങ്ങളെ കുറിച്ച് അദ്ദേഹത്തിനു പോലും അറിയാവുന്നത് അമ്മ പറഞ്ഞു കേട്ട ചില പേരുകള്‍ മാത്രമാണ്. ദാരിദ്ര്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും. നാടകത്തിലും പിന്നീട് സിനിമയിലും അദ്ദേഹത്തിന്റെ അഭിനയത്തിന്് പൂര്‍ണത നല്‍കിയത് ജീവിതത്തില്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്ന അനുഭവങ്ങളുടെ തീവ്രതയായിരുന്നുവെന്ന് മിക്ക ചലച്ചിത്ര നിരൂപകരും വിലയിരുത്തി.
   സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഓംപുരി വലിയ ധര്‍മ്മസങ്കടത്തിലായി. കച്ചവട സിനിമയിലേക്കിറങ്ങി താരമാകണോ സമാന്തര സിനിമയുടെ ഭാഗമായിക്കൊണ്ട്് തന്റെ പ്രതിഭയോട് നീതി പുലര്‍ത്തണോ. ഒടുവില്‍ 1970-80 കാലഘട്ടത്തില്‍ സജീവമായ സമാന്തര സിനിമയുടെ ധാരയോടു ചേരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അത് തെറ്റിയില്ലെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്തു. അമോല്‍ പലേക്കര്‍, നസറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിത പാട്ടീല്‍ എന്നിവര്‍ക്കൊപ്പം ഓംപുരിയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു.
   ആക്രോശ്, അര്‍ധസത്യ, ദ്രോഹ്കാല്‍, മാച്ചിസ്, ഗിദ്ദ്, മിര്‍ച്ച് മസാല, ആരോഹണ്‍...ഓമിന്റെ നൈസര്‍ഗികമായ നടനവൈഭവം കൊണ്ട് പ്രേഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങള്‍ അനവധി. ഓസ്കര്‍ പുരസ്കാരത്തിന് അര്‍ഹമായ വിഖ്യാത ചലച്ചിത്രകാരന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയിലും അദ്ദേഹം അഭിനയിച്ചു. വളരെ ചെറിയ റോളായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. പക്ഷേ, നിഹാരിയെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാന്‍ അദ്ദേഹത്തിനായി .
   1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വല്‍ എന്ന ചിത്രത്തിലൂടെയാണ് ഓം പുരി തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. 1990കളുടെ മധ്യത്തോടെ ഓംപുരി ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയെന്നു പറഞ്ഞാലും അത് അതിശയോക്തിയാവില്ല. അദ്ദേഹത്തിന്റെ നടന} വൈഭവം അദ്ദേഹത്തെ ഹോളിവുഡ് സിനിമകളിലും എത്തിച്ചു. അന്ന് സിനിമയില്‍ താരപ്രഭകൊണ്ട്് തിളങ്ങി നിന്നിരുന്ന താരങ്ങള്‍ക്കു പോലും അപ്രപ്യമായിരുന്ന നേട്ടമായിരുന്നു അത്. സിറ്റി ഓഫ് ജോയ് (1992), വോള്‍ഫ് (1994), ദി ഗോസ്റ്റ് ആന്‍ഡ് ദി ഡാര്‍ക്‌നെസ്് (1996) എന്നിവയാണ് അദ്ദേഹത്തിനു ഹോളിവുഡിലും നല്ല നടനെന്ന പേരു നേടിക്കൊടുത്ത ചിത്രങ്ങള്‍. തുടര്‍ന്ന് അദ്ദേഹം ധാരാളം ബ്രിട്ടീഷ് സിനിമകളിലും അഭിനയിച്ചു. മൈ സണ്‍ ദി ഫനടിക് (1997), ഈസ്റ്റ് ഈസ് ഈസ്റ്റ് (1999), ദി പരോള്‍ ഓഫീസര്‍ (2001) എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലതാണ്.
   ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത പുരാവൃത്തം എന്ന സിനിമയിലൂടെ ഓം മലയാളത്തിലും സാന്നിധ്യമായി. പിന്നീട് കെ. സി. സത്യന്റെ സംവത്സരങ്ങള്‍ കണ്ണന്‍ താമരക്കുളത്തിന്റെ ആടുപുലിയാട്ടം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ശ്യാം ബെനഗലിന്റെയും ഗോവിന്ദ് നിഹ്‌ലാനിയുടെയും ചിത്രങ്ങളിലൂടെ രണ്ടു തവണ ഓംപുരി ഏറ്റവും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. 1982 ല്‍ ആരോഹണിലൂടെയും 1983 ല്‍ അര്‍ധസത്യയിലൂടെയും. ആരോഹണിലെ കര്‍ഷകനായ ഹരി മൊണ്‍ഡലിനെ} അദ്ദേഹം അനശ്വരനാക്കി. ഗോവിന്ദ് നിഹലാനിയുടെ അര്‍ധ സത്യത്തില്‍ കൂടെ അഭിനയിച്ച നസറുദ്ദീന്‍ ഷായോട് പോരാടിയാണ് അദ്ദേഹം മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ആ വര്‍ഷം അവാര്‍ഡ് കമ്മിറ്റിയെ പ്രതിസന്ധിയിലാക്കിയത് ഇവരില്‍ ആരെ മികച്ച നടനായി തെരഞ്ഞെടുക്കും എന്ന കാര്യത്തിലായിരുന്നു. ഒടുവില്‍ നറുക്കു വീണത് ഓമിനായിരുന്നു. നസറുദ്ദീന്‍ ഷാ സ്കൂള്‍ ഓഫ് ഡ്രാമയിലും ഓമിന്റെ സഹപാഠിയായിരുന്നു.  ഈസ്റ്റ് ഈസ് ഈസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന്് ബാഫ്റ്റ പുരസ്കാരവും ഓംപുരിയെ തേടിയെത്തി.
ഒരു ഹാസ്യ}നടന്‍ എന്ന നിലയിലും ഓം പുരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്്. ചാച്ചി 420 (1997), ഹേര ഫേരി (2000), ചോര്‍ മചായെ ഷോര്‍ (2002), മാലാമാല്‍ വീക്‌ലി (2006), സിംഗ് ഈസ് കിംഗ് (2008) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഹാസ്യ നടന്‍ എന്ന നിലയില്‍ ഓം പുരിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. കച്ചവട സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും നിറസാന്നിദ്ധ്യമായിരുന്നു ഓംപുരി.
  നവസിനിമാ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒംപുരിയുടെ പേരുണ്ടാവും. സ്വതസിദ്ധമായ അഭിനയ ശൈലിയും, ഗാംഭീര്യമുള്ള ശബ്ദവും എല്ലാ കാലഘട്ടത്തിലെയും സിനിമാ പ്രേമികളെ ഹരം കൊള്ളിച്ചിരുന്നു.
  അഭിനയത്തിന്് നാടകമെന്നോ സിനിമയെന്ന വ്യത്യാസമില്ലെന്നു വിശ്വസിച്ചിരുന്ന അദ്ദേഹം സിനിമയിലെ തിരക്കിനിടയിലും നാടകത്തിനായി സമയം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ അദ്ദേഹത്തോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ നാടകത്തെ തഴഞ്ഞുവോയെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. "എല്ലാ കലാരൂപങ്ങളുടെയും മാതാവാണ് നാടകമെന്നു ഞാന്‍ കരുതുന്നു. കലാമാധ്യമം എന്നനിലയിലാണ് ഞാന്‍ സിനിമയെ തെരഞ്ഞെടുത്തിരിക്കുന്നത്. നാടകം എന്റെ ശ്വാസമാണ്. നാടകത്തില്‍ എങ്ങനെ അഭിനയിക്കണമെന്നാണോ ഞാന്‍ ആഗ്രഹിച്ചിരുന്നത് അത് എനിക്കു സിനിമയിലും ചെയ്യാന്‍ സാധിക്കുന്നുണ്ട്്.'' ഈ വാക്കുകള്‍ മാത്രം മതി അദ്ദേഹത്തിന് നാടകവും സിനിമയും എന്താണെന്നു മനസിലാക്കാന്‍.
   അഭിനേതാവിനുമപ്പുറം അഭിനയം പഠിക്കാനെത്തിയിരുന്ന കുട്ടികള്‍ക്ക് ഒരു നല്ല അധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. 2008 ല്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ അദ്ദേഹം പറഞ്ഞത് പിന്‍പറ്റാന്‍ തയാറായാല്‍ അഭിനയത്തോടു താത്പര്യമുള്ള ആര്‍ക്കും നല്ല നടനാവാന്‍ കഴിയും. അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു്. " ഒരു നടന്റെ പ്രധാനഉപകരണം നിരീക്ഷണമാണ്. തന്റെ ചുറ്റുപാടുകളെ നിരീക്ഷിക്കുകയും ശ്രദ്ധിക്കുകയും മാത്രമല്ല ഒരു നടന്‍ ചെയ്യേണ്ടത്. താന്‍ നിരീക്ഷിക്കുന്ന കാര്യങ്ങളില്‍ ആഴമുള്ള താത്പര്യമുണ്ടാവുകയും വേണം. നൈസര്‍ഗികമായ അഭിനയത്തിനൊപ്പം നല്ല വായനയും നല്ല അറിവും നിങ്ങള്‍ക്കു വേണം.'' 
ഓംപുരിയെന്ന കലാകാരനെ മരണം കൂട്ടിക്കൊണ്ടു പോകുമ്പോള്‍ അദ്ദേഹം അവശേഷിപ്പിക്കുന്നത് കാമറക്കു മുന്നിലും പിന്നിലുമായി അവശേഷിപ്പിച്ച ജീവിത മാതൃകയാണ്.

FACEBOOK COMMENT BOX