Wednesday, December 21, 2016

വര്‍ത്തമാനകാലം ആസുരമാകുമ്പോള്‍ ഒരു ചിത്രകാരന്‍ വരയ്‌ക്കേണ്ടത്

കലാകാരന്‍മാരും ചിത്രകാരന്‍മാരും പൊതുസമൂഹത്തിന്റെ മനസാക്ഷിയാണ്. അവര്‍ക്ക് ഏതു കാലഘട്ടത്തിലും ശരികളെ കുറിച്ച് പറയേണ്ടിവരും. ആപല്‍സൂചനകളെ പരിഗണിക്കാതെ കടന്നു പോകാനാവില്ല. ജാഗ്രത പുലര്‍ത്തണമെന്ന് അവര്‍ പറയും. അതാണ് ടി. ആര്‍. ഉദയകുമാര്‍ എന്ന ചിത്രകാരന്‍ ചെയ്യുന്നത്. ചുവപ്പ് ആപത്തിന്റെയും മുന്നറിയിപ്പിന്റെയും ജാഗ്രതയുടെയും നിറമാണ്. ചോരക്കടലില്‍ സുഖശയനത്തില്‍ കിടക്കുന്ന ശ്രീബുദ്ധനും മൂല്യച്യുതികള്‍ കാണാനാവാതെ കെട്ടിമൂടിവച്ചിരിക്കുന്ന ഗാന്ധി പ്രതിമയും നമ്മോട് ഇക്കാര്യങ്ങള്‍ വിളിച്ചു പറയുന്നു. നാം പോലുമറിയാതെ കടന്നുവരുന്ന വരുന്ന ഫാസിസത്തെ കുറിച്ചും ഉദയകുമാര്‍ ആശങ്കപ്പെടുന്നു. കപ്പല്‍ഛേദത്തിന്റെ ചിത്രം മൂല്യങ്ങള്‍ നഷ്ടപ്പെട്ട് ആപത്തിന്റെ വക്കിലെത്തിയ വര്‍ത്തമാനകാല സമൂഹത്തിന്റെ നേര്‍ചിത്രമാകുന്നു.

കോട്ടയത്ത് ശാസ്ത്രി റോഡിലുള്ള കെപിഎസ്‌മേനോന്‍ ആര്‍ട്‌സ് ഹാളില്‍ ഉദയന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നു. കഴിയാവുന്നവരെല്ലാം പോകണം. കാണണം. ചിത്രകാരനോട് നേരിട്ടു സംവദിക്കണം. 24 വരെ പ്രദര്‍ശനമുണ്ടാവും.

Tuesday, November 15, 2016

മാനവികതയുടെ സ്പന്ദനം കേള്‍പ്പിച്ച എഴുത്തുകാരന്‍

സന്ദീപ് സലിം

നോവലിസ്റ്റ് സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍ പുരസ്‌കാരം

ആധുനികതയുടെകാലത്ത് എഴുത്തിലേക്കു കടന്നുവന്ന സി. രാധാകൃഷ്ണന് എഴുത്തച്ഛന്‍പുരസ്‌കാരം ലഭിക്കുമ്പോള്‍ അത് ആ പ്രതിഭയ്ക്കുള്ള അംഗീകാരമാകുന്നു. മലയാള സാഹിത്യം, പ്രത്യേകിച്ച് നോവല്‍ സാഹിത്യം അസ്തിത്വവാദത്തിനു ചുറ്റും വട്ടം കറങ്ങിയിരുന്ന സമയത്ത് ദാര്‍ശനിക ദുരൂഹതയെ പാടെ തള്ളിക്കളഞ്ഞിടത്താണ് ചക്കുപുരയ്ക്കല്‍ രാധാകൃഷ്ണന്‍ എന്ന സി. രാധാകൃഷ്ണന്‍ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ വായിച്ചു പോകാവുന്നന്നത്ര അയത്‌നലളിതമായ ഭാഷയാണ് അദ്ദേഹത്തിന്റെ ആദ്യ നോവലുകളായ കണ്ണിമാങ്ങകളിലും അഗ്നിയിലുമുള്ളത്. ഗ്രാമ ജീവിതത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഈ നോവലുകളില്‍ നിന്ന് വളരെ വേഗത്തിലാണ് അദ്ദേഹം മഹാനഗരത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലേക്കു മാറുന്നത്. തൊട്ടടുത്ത രചനയില്‍ അദ്ദേഹം വള്ളുവനാടന്‍ ഗ്രാമത്തിലേക്കു മടങ്ങിവരുകയും ചെയ്യുന്ന രസതന്ത്രം രാധാകൃഷ്ണന്റെ നോവലുകളെ സവിശേഷമായി അടയാളപ്പെടുത്തുന്നു. കഴിഞ്ഞ 50 വര്‍ഷമായി തിരയടങ്ങാത്ത സാഗരം പോലെ അദ്ദേഹത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. സി. രാധാകൃഷ്ണനെ സാഹിത്യകാരന്‍ എന്നു വിശേഷിപ്പിച്ചാല്‍ അത് ആ പ്രതിഭയ്ക്കുള്ള പൂര്‍ണമായ അംഗീകാരമാവില്ല. കഥകളും നോവലുകളും ലേഖനങ്ങളും ശാസ്ത്ര നിരീക്ഷണങ്ങളും വേദാന്തദര്‍ശനങ്ങളുമെഴുതുന്ന ഒരാളെങ്ങനെ സാഹിത്യകാരന്‍ മാത്രമാവും. എഴുത്തുകാരന്റെ മേല്‍ക്കുപ്പായത്തിനു പുറത്ത് അദ്ദേഹം ഒരു ആശയ ഉത്പാദകനും ദാര്‍ശനികനും ശാസ്ത്രകാരനും കൂടിയാവുന്നു.
  
വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ കഥകളും കഥാപാത്രങ്ങലെയും സൃഷ്ടിക്കുന്ന രാധാകൃഷ്ണന്‍ ചെറു നോവലുകളില്‍ നിന്ന് ബൃഹത് ആഖ്യായികളിലേക്കു ചുവടുമാറ്റിയതും വായനക്കാര്‍ക്ക് പുതുമയായി. കണ്ണിമാങ്ങകളില്‍ തുടങ്ങി പുഴ മുതല്‍ പുഴ വരെ, എല്ലാം മായ്ക്കുന്ന കടല്‍ തുടങ്ങിയ നോവലുകള്‍വരെ ചെറുനോവലുകളാണ് അദ്ദേഹം എഴുതിയിരുന്നത്. സ്പന്ദമാപിനികളേ നന്ദിയിലേക്കെത്തുമ്പോള്‍ കൃതിയുടെ വലിപ്പം കൂടി.

ജീവിതത്തെ യാഥാര്‍ത്യ ബോധത്തോടെ സമീപിച്ചു കൊണ്ടുള്ള ജീവിതാഖ്യായികകളാണ് രാധാകൃഷ്ണന്റെ നോവലുകള്‍. പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, ഇനിയൊരു നിറകണ്‍ചിരി തുടങ്ങിയ നോവലുകളെല്ലാം ഇതിനുദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ട്. ഒരു പ്രദേശത്തിന്റെ പശ്ചാത്തലം പറയുന്നതിലൂടെ അദ്ദേഹം പറഞ്ഞുവയ്ക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാണ്.

രാധാകൃഷ്ണന്റെ ഏതു നോവലെടുത്തു നോക്കിയാലും മാനവികതയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നവയാണ് അവയെന്നു ബോധ്യപ്പെടും. അത്രമാത്രം ജാഗ്രതയോടെയാണ് അദ്ദേഹം ഓരോ കഥാപാത്രത്തെയും സൃഷ്ടിക്കുക. എല്ലാം മായ്ക്കുന്ന കടലിലെ മരണം കാത്തു കിടക്കുന്ന മുത്തച്ഛന്‍ കഥാപാത്രം അദ്ദേഹത്തിന്റെ കൃതികളിലെ മാനവികതയുടെ ഉയരം കാട്ടിത്തരുന്നു. തന്റെ കൊച്ചുമകനായ അപ്പുവിന്റെ സാമിപ്യത്തിനു വേണ്ടിയാണ് മുത്തച്ഛന്‍ ശങ്കരന്‍നായര്‍ കാത്തിരിക്കുന്നത്. ജീവിതത്തെ പ്രത്യാശയോടെ സമീപിക്കണമെന്ന് ഈ നോവലിലെ ഓരോ കഥാപാത്രവും വായനക്കാരനോട് മന്ത്രിച്ചു കൊണ്ടിരിക്കുന്നു.

പ്രകൃതിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് രാധാകൃഷ്ണന്റെ എഴുത്ത് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഒരിക്കല്‍ അദ്ദേഹം തന്നെ അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ. എന്നെ സംബന്ധിച്ചിടത്തോളം പ്രകൃതി എന്നും പ്രസാദാത്മകമാണ്. പ്രകൃതി എന്നും നമുക്കു തരുന്നത് എന്നും ആനന്ദമാണ്. അക്കാരണത്താല്‍ തന്നെ ജീവന്റെ തനതായ സ്വഭാവം ആനന്ദമാണെന്നു പറഞ്ഞാലും കുഴപ്പമില്ല. പ്രപഞ്ചത്തെ ആനന്ദമയമാക്കുകയാണ് മനുഷ്യജീവിത ലക്ഷ്യം എന്നാണ്.

എഴുത്തില്‍ ഭാവനയ്ക്കും ദാര്‍ശനികതയ്ക്കും മാത്രമല്ല സ്ഥാനമെന്ന് രാധാകൃഷ്ണന്് നന്നായറിയാമായിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും ഒരു വശത്തും ജീവിതവും ദര്‍ശനങ്ങളും മറുവശത്തുമായി നിന്ന് നടക്കുന്ന യുദ്ധമാണ് പലപ്പോഴും രാധാകൃഷ്ണന്റെ നോവലുകള്‍ വായിച്ചാല്‍ നമുക്ക് അനുഭവപ്പെടുക. ഒടുവില്‍ പോരാട്ടവും സംഘര്‍ഷങ്ങളും അവസാനിപ്പിച്ച് രണ്ടു വിഭാഗങ്ങളും സൗഹൃത്തിലാകുന്നതും വായനക്കാര്‍ കാണുന്നു.

മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകഥയെ ആധാരമാക്കി അദ്ദേഹം രചിച്ച തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന നോവലാണ് സി. രാധാകൃഷ്ണന്റെ മാസ്റ്റര്‍ പീസെന്ന്് അനുവാചകരും നിരൂപകരും വിലയിരുത്തുന്നു.  ഇതില്‍ എഴുത്തച്ഛന്റെ ജീവിതം മാത്രമല്ല ഉള്ളത്. മറിച്ച് വെട്ടത്തുനാടിനെയും വള്ളുവനാടിനെയും സാമൂതിരിനാടിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ 16 ാം നൂറ്റാണ്ടിലെ ചരിത്രമായി ഈ നേവല്‍ മാറുന്നു. എല്ലാ അര്‍ഥത്തിലും അനുപമമായ ഒരു ജീവിതാഖ്യായികയായും ചരിത്രാഖ്യായികയായും തീക്കടല്‍ കടഞ്ഞ് തിരുമധുരം'മാറുന്നു. ഈ നോവല്‍ ഇന്ത്യയിലെ വിശിഷ്ട പുരസ്‌കാരങ്ങളിലൊന്നായ മൂര്‍ത്തീദേവി പുരസ്‌കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കുകയും ചെയ്തു.

വര്‍ത്തമാന കാലത്ത് ശാസ്ത്രത്തിന്റെ നേട്ടങ്ങളെ തമസ്‌കരിച്ചു കൊണ്ട് അന്ധവിശ്വാസങ്ങളിലേക്കും അസഹിഷ്ണുതയിലേക്കും മതവൈരത്തിലേക്കും സമൂഹം വഴിമാറി നടക്കുമ്പോള്‍, ശാസ്ത്രത്തിന്റെ ശരികളുടെ കവാടങ്ങള്‍ തുറക്കാനുള്ള കര്‍ത്തവ്യവും ഈ എഴുത്തുകാരന്‍ ഏറ്റെടുക്കുന്നു. ശാസ്ത്രം ആര്‍ക്കു വേണ്ടിയാണെന്ന് സ്വയം ചോദിക്കുകയും ഉത്തരത്തില്‍ നിന്ന് ജനങ്ങള്‍ക്കു വേണ്ടിയാണെന്ന നിലപാടില്‍ എത്തിച്ചേരുകയുമാണ് അദ്ദേഹം ചെയ്യുന്നത്.  അതിനായി സി. രാധാകൃഷ്ണന്‍ തെരഞ്ഞെടുത്ത ഒരു മാര്‍ഗം കൂടിയാണ് സര്‍ഗാത്മക രചനകള്‍.    

Tuesday, July 5, 2016

കാവാലം നാരായണപ്പണിക്കര്‍: മനുഷ്യസ്‌നേഹിയായ മഹാമനീഷി

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പേറ്റ് നോവിന് പെരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ
(സര്‍വകലാശാല)

കാവാലം അരങ്ങൊഴിയുമ്പോള്‍ നഷ്ടമാകുന്നത് സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയും വളര്‍ച്ചയ്ക്കായി അവതാരമെടുത്ത മനുഷ്യസ്‌നേഹിയായ മഹാമനീഷിയെയാണ്. കലാകാരന്‍ എന്ന നിലയില്‍ എത്ര ഉയരത്തിലെത്തിയിട്ടും സ്വന്തം നാടും നാട്ടുപാരമ്പര്യങ്ങളും ഉപേക്ഷിച്ച് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. പുതുതായി നടത്തുന്ന ഏതൊരു രചനയിലും അദ്ദേഹം തന്റെ നാടി}െയും പാരമ്പര്യത്തെയും പുതുമയോടെ പു}രാവിഷ്കരിച്ചു കൊണ്ടിരുന്നു. ഒരോ തവണയും തന്റെ ഗ്രാമത്തിലേക്കും 'ഭാഷയിലേക്കും ചേര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കാരണത്തെ കുറിച്ച് അദ്ദേഹം തന്നെ എക്കാല യൗവ്വനം എന്ന കവിതയില്‍ പറയുകയുണ്ടായി.

സ്വതഃസിദ്ധമായുള്ളിലൊഴുകുമെന്‍ ഗ്രാമീണ
ശുദ്ധമാം തേനിമ്പസത്തിലെന്‍ കര്‍മങ്ങള്‍
നിത്യം നിഴലിട്ടു; ഞാനാം തനിമത
ന്നര്‍ത്ഥവും വാക്കുമായമ്മയും ഗ്രാമവും' 
(എക്കാല യവ്വനം).

കാവാലം പഠിപ്പിച്ച പ്രകൃതിയുടെ താളം

തന്റെ ജന്മസ്ഥലമായ കാവാലത്തെ കുറിച്ചു പറയുമ്പോള്‍ അദ്ദേഹത്തിനു നൂറു നാവായിരുന്നു. തന്റെ ഗാനങ്ങളിലും സംഗീതത്തിലും കടന്നുവന്ന താളത്തെ സ്വാധീനിച്ചത് കാവാലത്തെ പ്രകൃതിയുടെ താളവും സംഗീതവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ അമ്മ കഴിഞ്ഞാല്‍ കാവാലം അദ്ദേഹത്തിന്റെ വളര്‍ത്തമ്മയായിരുന്നു. കാവാലത്തിന്റെ ജീവിതത്തെ സ്വാധീനിച്ച അനുഭവങ്ങളും അനുഭൂതികളും പകര്‍ന്നു നല്‍കുന്നതില്‍ കാവാലം എന്ന ഗ്രാമം വലിയ പങ്കുവഹിച്ചു. കാവാലത്തെ പ്രകൃതിയുമായും മണ്ണുമായും അദ്ദേഹത്തിന്റെ ജീവിതത്തിന് അഭേദ്യമായ ബന്ധമുണ്ട്. കാവാലം എന്ന ഗ്രാമമില്ലായിരുന്നുവെങ്കില്‍ കാവാലം നാരായണപ്പണിക്കര്‍ എന്ന നാടകാചാര്യന്‍ ഉണ്ടാവുമായിരുന്നില്ലെന്നു പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാവില്ല. കാവാലവും ഇക്കാര്യം ശരിവച്ചിട്ടുണ്ട്.

പ്രകൃതിയെയും മണ്ണിനെയും മറക്കുന്നവരോടു പൊറുക്കില്ല

ഇന്നത്തെ തലമുറ പൊള്ളയായ ജീവിതമാണ് നയിക്കുന്നതെന്നതില്‍ കാവാലം എന്നും ദുഖിതനായിരുന്നു. മണ്ണില്‍ നിന്നും പ്രകൃതിയില്‍ നിന്നും പുതുതലമുറ അകന്നു പോകുന്നതില്‍ അദ്ദേഹം എന്നും വിലപിച്ചിരുന്നു. മണ്ണുകൊണ്ടുള്ള ഉപയോഗം എന്താണെന്നു ചോദിച്ചാല്‍ ഇന്ന് ഉത്തരം പറയാനറിയാവുന്ന ആരുമില്ല. അത്രമാത്രം ഇന്നത്തെ യുവസമൂഹം മണ്ണില്‍ നിന്ന് അകന്നുകഴിഞ്ഞതയി അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.  ഇന്ന് നമുക്ക് മൂന്നു നേരവും 'ഭക്ഷണം കഴിക്കണമെങ്കില്‍ നമുക്ക് അന്യദേശക്കാരെ ആശ്രയിക്കണം. പുറത്തു നിന്നു വാങ്ങുന്ന പച്ചക്കറികളില്‍ വിഷം കലര്‍ത്തിയാണ് വിപണിയിലെത്തിക്കുന്നത്. ഇത് അറിയാമെങ്കിലും മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അവ വാങ്ങിക്കഴിക്കേണ്ട വലിയ ദുരന്തത്തിലാണ് മലയാളികളെന്നതില്‍ അദ്ദേഹം എന്നും ആശങ്കാകുലനായിരുന്നു.

സമൂഹത്തിലെ പൊള്ളത്തരങ്ങള്‍ക്കെതിരേ നടത്തിയ പോരാട്ടം

കാവാലം നാരായണപ്പണിക്കര്‍ ഒരു വിപ്ലവകാരിയായ എഴുത്തുകാരനല്ല. അദ്ദേഹത്തിന്റെ നാടകങ്ങളും കവിതകളും സമീപഭാവിയില്‍ സാമൂഹികപരിഷ്കരണമോ പരിവര്‍ത്തനമോ ലക്ഷ്യമാക്കിയുള്ളതുമല്ല. എങ്കിലും സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കും അനീതിക്കുമെതിരേ ശക്തമായ നിലയില്‍ അവ ഇടപെടുന്നു|്. സമൂഹത്തോട് കാര്യങ്ങള്‍ നേരിട്ടു പറയുന്ന രീതി കാവാലത്തിനില്ലായിരുന്നു. നാടകവും കവിതയും അത്തരത്തില്‍ ഉപയോഗിക്കേണ്ട മാധ്യമമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. രാഷ്ട്രീയവും സാംസ്കാരിവുമായ വിഷയങ്ങള്‍ നേരിട്ടു ചര്‍ച്ച ചെയ്യുന്ന നിരവധി മാധ്യമങ്ങളുള്ള നാട്ടില്‍ നാടകവും കവിതയും അതല്ല ചെയ്യേ|തെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ നമുക്കു ബോധ്യപ്പടുത്തി തരുന്നു. ജീവിതമൂല്യങ്ങളെകുറിച്ച് സംസാരിക്കാനും അവയെ പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കാനും ആളില്ലാതാവുന്ന കാലത്താണ് താന്‍ ജീവിക്കുന്നതെന്ന ഉത്തബോധ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ജീവിതമൂല്യങ്ങളെ കുറിച്ചാണ് അദ്ദേഹത്തിന്റെ നാടകങ്ങളും കവിതകളും സംവദിച്ചിരുന്നതും. അദ്ദേഹം തന്റെ നാടകങ്ങള്‍ക്ക്  വിഷയങ്ങള്‍ തെരഞ്ഞെടുത്തിരുന്നത് ഇതിഹാസങ്ങളില്‍ നിന്നായിരുന്നു. വെറുതെ ഒരു ഇതിഹാസ കഥ പറയുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. മറിച്ച്, വര്‍ത്തമാനകലത്തെ അതിലേക്കു ബന്ധിപ്പിക്കുകയായിരുന്നു. ഒരോ നാടകങ്ങളിലും കാലത്തിന്റെ വ്യാഖ്യാനമാണ് അദ്ദേഹം നടത്തിയത്.

രാഷ്ട്രീയമുണ്ട്; പക്ഷേ, കക്ഷിരാഷ്ട്രീയമല്ല

കാവാരാലം നാരായണപ്പണിക്കര്‍ക്ക് രാഷ്ട്രീയമുണ്ടായിരുന്നു. രാഷ്ട്രീയ വീക്ഷണവും.  പക്ഷേ, അത് ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേരില്‍ ഒതുക്കിനിറുത്താന്‍ കഴിയില്ല. അങ്ങനെ ആകണമെന്ന് അദ്ദേഹവും ആഗ്രഹിച്ചിരുന്നില്ല. ആര്‍ക്കു വോട്ട് ചെയ്യണം, ഏതു പാര്‍ട്ടിക്കു വോട്ട് നല്‍കണം എന്നത് കാലികമായ അവസ്ഥാന്തരങ്ങളെ അനുസരിച്ചു മാത്രമാണ് തീരുമാനിച്ചിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത അപൂര്‍വം കലാകാരന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അതിന് അദ്ദേഹത്തിനു വ്യക്തമായ കാരണങ്ങളുമുണ്ടായിരുന്നു. രാഷ്ട്രീയ ബോധം മനുഷ്യനെ തിരിച്ചറിയാനുള്ളതാണ്. അല്ലാതെ നശിപ്പിക്കാനുള്ളതല്ല. ജാതിയും മതവും രാഷ്ട്രീയവും ഇന്നു മനുഷ്യനെ വേര്‍തിരിക്കുന്ന അതിരുകളായി മാറുന്നു ഇത് ശരിയല്ല. ഇത്തരത്തില്‍ സമൂഹത്തെ വിവിധ കള്ളികളായി തിരിക്കുന്നത് ഇന്നലെ വരെ നമ്മള്‍ നേടിയിരുന്ന വിദ്യാഭ്യാസത്തെയും മൂല്യങ്ങളെയും സംസ്കാരത്തെയും ഇല്ലാതാക്കുന്ന പ്രവര്‍ത്തിയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം തന്റെ നാടകങ്ങളിലൂടെയും കവിതകളിലൂടെയും മുഷ്യരെ വിഭജിക്കുന്ന ചിന്തകള്‍ക്കെതിരേ പോരാടിയതും.

സെക്കുലറിസം അര്‍ഥശൂന്യമായി

ജാതിക്കും മതത്തിനും വിശ്വാസത്തിനും അതീതമായി മനുഷ്യനെ കാണാനായാലെ സെക്കുലര്‍ എന്ന വാക്കിന് അര്‍ഥമുണ്ടാവുന്നുള്ളൂ.  അത്തരത്തില്‍ സെക്കുലര്‍ എന്ന വാക്കിന് അര്‍ഥം നഷ്ടപ്പെട്ട കാലമാണിതെന്ന് കാവാലം ഇടയ്ക്കിടെ നമ്മളെ ഓര്‍മപ്പെടുത്തിയിരുന്നു. മതനിരപേക്ഷരാണെന്നു പറയുകയും അതിനു വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇന്ന് ബഹുഭൂരിപക്ഷം ആളുകളുമെന്ന് അദ്ദേഹം അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരുന്നു. ജനാധിപത്യം വിജയിക്കണമെങ്കില്‍ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായിക്കാണാന്‍ കഴിയണം എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

അനുഭവങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടുള്ള രചന

കാവാലത്തിന്റെ കവിതയും നാടകങ്ങളും അടിസ്ഥാനപരമായി അനുഭവത്തിന്റെ അടിത്തറയില്‍ നിന്ന് രചിക്കപ്പെട്ടതാണ്. അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നു പോകുമ്പോള്‍ വായനക്കാരനു കാണാന്‍ കഴിയുന്നകാര്യം സമൂഹത്തിന്റെ 'ഭാഗം തന്നെയാണ് താനെന്ന പൂര്‍ണബോധ്യത്തില്‍ നിന്ന് എഴുതുന്ന ഒരു എഴുത്തുകാരനെയാണ്. ഉപജീവന മേഖലയും പ്രവര്‍ത്തനമേഖലയും സാമൂഹികമണ്ഡലത്തിലാണെന്നു വിശ്വസിക്കുന്ന ഒരു എഴുത്തുകാരാനെയാണ് കാവാലത്തില്‍ നമുക്കു കാണാനാവുക. അത് അങ്ങനെതന്നെയാണെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെയാണ് പ്രാദേശികമായ വാക്കുകളും പ്രയോഗങ്ങളുൂം അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും കടന്നു കൂടിയതും.

സോപാനം; കൂട്ടായ്മയുടെ ഇടം

കാവാലത്തിന്റെ വീടിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 'സോപാനം' നാടകക്കളരി ശരിക്കും ഒരു കൂട്ടായ്മയുടെ ഇടമാണ്. അവിടെ നിന്ന് നാടകങ്ങള്‍ ജനിക്കുക മാത്രമല്ല. പുത്തന്‍ നാടക പരീക്ഷണങ്ങളുടെ വേദിയാവുക കൂടിയായിരുന്നു. ചിലപ്പോള്‍ പാരമ്പര്യത്തിലൂന്നിയുള്ള നാടകങ്ങളാണ് അവിടെ നിന്നു വേദിയിലെത്തിയിരുന്നതെങ്കില്‍ മറ്റു ചിലപ്പോള്‍ നാടകത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളെയും ഉല്ലംഘിക്കുന്ന നാടകങ്ങളും പിറവിയെടുത്തു. എല്ലാ ദിവസവും ഏറ്റവും കുറഞ്ഞത് 20 പേര്‍ നാടകത്തെ കുറിച്ചു മാത്രം ചര്‍ച്ച ചെയ്യാനായി സോപാനത്തിലെത്തും. പക്ഷേ, ചര്‍ച്ചയുടെ വിഷയം നാടകത്തില്‍ നിന്നു കടന്ന് കവിതയും നാടന്‍പാട്ടുകളുമായി മാറുന്ന രസതന്ത്രവും അവിടെ കാണാം.  സോപാനത്തിലെത്തുന്ന ഓരോരുത്തരും വ്യത്യസ്തതലത്തിലുള്ളവരാണ്.അവിടെ ഗുരുവും ശിഷ്യന്‍മാരുമില്ല. കാവാലം അവിടെ എത്തുന്നത് ശിഷ്യന്റെ രൂപത്തിലായിരിക്കും. സോപാനത്തില്‍ നാടകം ചര്‍ച്ച ചെയ്യാനായി എത്തുന്നവരില്‍ ഒരാളായി നാടകത്തെക്കുറിച്ചുള്ള പുതിയ പാഠങ്ങള്‍ പഠിക്കാന്‍ അദ്ദേഹവുമുണ്ടാകും. കാവാലത്തില്‍ നിന്നു നാടകം പഠിക്കാന്‍ സോപാനത്തിലെത്തി പുതിയ നാടക സങ്കേതങ്ങളെക്കുറിച്ച് അദ്ദേഹത്തെ പഠിപ്പിച്ച ശിഷ്യന്‍മാരെക്കുറിച്ച് കാവാലം തന്നെ നിരവധി തവണ എഴുതിയിട്ടുണ്ട്. സോപാനത്തില്‍ നിന്നു നാടകങ്ങള്‍ മാത്രമല്ല പിറവിയെടുത്തിട്ടിട്ടുള്ളത്.  സംഗീതത്തെക്കുറിച്ചും മോഹിനിയാട്ടത്തെക്കുറിച്ചും പഠിക്കുക, നാടകത്തിന്റെ കളിയൊരുക്കങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ സോപാനത്തില്‍ സ്ഥിരമായി നടന്നിരുന്നു.

സഹപ്രവര്‍ത്തകരും സൗഹൃദവും കലാകാരനാക്കി

സഹപ്രവര്‍ത്തകരും വിപുലമായ സൗഹൃദവുമാണ് കാവാലത്തിലെ കലാകാരനെ വളര്‍ത്തിയത്.
ലോകത്തിന്റെ പല'ഭാഗങ്ങളിലെയും കലാകാരന്‍മാരുമായും കവികളുമായും വലിയ സുഹൃദ് ബന്ധം അദ്ദേഹത്തിനു|ായിരുന്നു. അവരോടൊപ്പം പഠിച്ചും പഠിപ്പിച്ചും കഴിയാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. അവരോട് അദ്ദേഹത്തിന്റെ സമീപനവും വളരെ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. ലോകത്തില്‍ എവിടെയായാലും നാടകത്തിന് ഒരേ ഘടനയും ഭാവവുമാണെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. സോപനത്തിലെത്തിയിരുന്നവരോട് എങ്ങനെ പെരുമാറിയിരുന്നുവോ അങ്ങനെ തന്നെ അദ്ദേഹം വിദേശസുഹൃത്തുക്കളോടും പെരുമാറി. ആരും അന്യരല്ല എന്ന ബോധമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചിരുന്നത്.സോപാനത്തിന്റെ പൊതുസവിശേഷതയും അതായിരുന്നു. അവിടെ വരുന്നവരില്‍ ഉച്ചയ്ക്കു 'ഭക്ഷണം കൊണ്ടുവരുന്നവരും കൊണ്ടുവരാത്തവരുമുണ്ടാകും. ഭക്ഷണം കൊണ്ടുവരാത്തവര്‍ കാവാലത്തിനൊപ്പം വീട്ടില്‍നിന്നു ഭക്ഷണം കഴിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമു|ായിരുന്നു. വ്യക്തികളെ പരസ്പരം അറിയാനും അടുക്കാനും സ്വന്തം സഹോദരങ്ങളെപ്പോലെ കരുതാനും കാവാലത്തിന് അനന്യസാധാരണമായ കഴിവുണ്ടായിരുന്നു. അന്യോന്യം സ്‌നേഹവും വിശ്വാസവുമൊക്കെയുള്ള ഒരു വലിയ കുടുംബമായിരുന്നു സോപാനം.

നാടകത്തിന്റെ അടിത്തറ നാട്യശാസ്ത്രം

കാവാലത്തിന്റെ നാടകത്തെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പറയുക നാട്യശാസ്ത്രത്തില്‍ അധിഷ്ഠിതമായ നാടകം എന്നായിരിക്കും. അത് പൂര്‍ണമായ അര്‍ഥത്തില്‍ നാടകത്തില്‍ വേണമെന്ന് നിര്‍ബന്ധമു|ായിരുന്ന അപൂര്‍വം നാടകക്കാരനായിരുന്നു അദ്ദേഹം. നാട്യശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നതുപോലെ നാടകത്തിന്റെ ആത്മാവായി സംഗീതവും നൃത്തവും താളവും അദ്ദേഹത്തിന്റെ എല്ലാ നാടകങ്ങളിലും ക|െത്താനാവും. ഒരു നിര്‍ബന്ധ ബുദ്ധിയോടെ അദ്ദേഹം അത് നാടകത്തില്‍ സന്നിവേശിപ്പിച്ചിരുന്നു.

മറ്റാര്‍ക്കുമില്ലാത്ത നാടകത്തനിമ

നാട്യശാസ്ത്രത്തില്‍നിന്നു നാടകത്തിന്റെ താത്വികവും പ്രായോഗികവുമായ വശങ്ങള്‍ പഠിക്കാനും ശിഷ്യരെ പഠിപ്പിക്കാനും കാവാലത്തിനു കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ക്ഷേത്രങ്ങളിലും മറ്റുമായി നിലനില്‍ക്കുന്ന അനുഷ്ഠാന കലകളില്‍ നിന്നും പ്രകടനകലകളില്‍നിന്നും രൂപപ്പെടുത്തിയെടുത്ത അനുഭവങ്ങളും അറിവുകളുമാണ് കാവാലത്തെ ഇത്തരത്തിലൊരു കാര്യത്തിനു പ്രാപ്തനാക്കിയത്. അതില്‍ കേരളത്തിന്റെ സ്വന്തം കലാരൂപങ്ങളായ തെയ്യം, പടയണി, മുടിയേറ്റ് തുടങ്ങി കഥകളിവരെയെത്തി നില്‍ക്കുന്ന കലകളുടെ സ്വാധീനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. കാവാലം പ്രതിനിധീകരിച്ചിരുന്ന നാടകപ്രസ്ഥാനത്തെ തനതുനാടക പ്രസ്ഥാനം എന്നു വിശേഷിപ്പിക്കുന്നതിനോട് കാവാലം വിയോജിച്ചിരുന്നു. കാരണം, തനതെന്ന പ്രയോഗത്തിന് സി.എന്‍. ശ്രീകണ്ഠന്‍ നായരോടാണ് കടപ്പെട്ടിരിക്കുന്നത് എന്നതു കൊണ്ട്. സത്യത്തില്‍ തന്റേത് പൂര്‍ണമായും തനത് നാടക പ്രസ്ഥാനമായിരുന്നുവെന്ന് അദ്ദേഹം പറയില്ല. വൈദേശികമായി നമ്മുടെ നാട്ടിലേക്കു കടന്നുവന്ന നാടക സങ്കല്‍പ്പങ്ങളില്‍ നിന്ന് നമ്മുടെ കലകളുടെ തനിമ നഷ്ടപ്പെടുത്താതെ നിലനിര്‍ത്തുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതില്‍ വൈദേശിക നാടകസങ്കല്‍പ്പങ്ങള്‍ പിന്‍പറ്റിയിരുന്ന ചില പുതുമകളുമുണ്ടായിരുന്നു.

അതിര്‍ത്തിക്കപ്പുറത്തെ കാവാലം

നാടകത്തിന്് ഒരു പ്രത്യേകതയു|് അത് ഭാഷാതീതമാണ്. അതിനു മറ്റു തെളിവുകള്‍ തേടിപ്പോകേ|തില്ല. കാവാലത്തിന്റെ നാടകങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലഭിച്ച സ്വീകാര്യ മാത്രംമതി അത് തെളിയിക്കാന്‍. പഴയ സോവിയറ്റ്‌യൂണിയനില്‍ ഭാസനാടകങ്ങള്‍ അവതരിപ്പിക്കാന്‍ കാവാലത്തിനും സംഘത്തിനും അവസരം ലഭിച്ചിരുന്നു. അന്ന് വളരെ ചെറുപ്പക്കാരായ സദസാണ് അദ്ദേഹത്തിനു ലഭിച്ചത്. അവരാകട്ടെ സസൂക്ഷ്മം അദ്ദേഹത്തിന്റെ നാടകം വീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നീട്, അവരില്‍ പലരും അദ്ദേഹത്തിന്റെ നാടക രീതികളെ പിന്‍പറ്റുകയും ചെയ്തിരുന്നു.  ലെനിന്‍ഗ്രാഡിലും മോസ്‌കോയിലും അദ്ദേഹത്തിന്റെ നാടകങ്ങള്‍ കാണാന്‍ നിരവധി പ്രമുഖ കലാകാരന്‍മാരെത്തി. ലിത്വാനിയ, ലാത്‌വിയ തുടങ്ങിയ ബാള്‍ട്ടിക് രാജ്യങ്ങളിലും അദ്ദേഹം തന്റെ നാടകങ്ങളുമായി സഞ്ചരിച്ചിട്ടുണ്ട്. മഹാഭാരതത്തില്‍ നിന്ന് സൃഷ്ടിച്ചെടുത്ത കര്‍ണഭാരം എന്ന നാടകം പോലും ഈ രാജ്യങ്ങളില്‍ വിപുലമായ സദസിനു മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. വളരെ സങ്കീര്‍ണമായ രച}യും അവതരണവുമായിരുന്നിട്ടും അവര്‍ക്ക് കര്‍ണഭാരം വളരെ ആഴത്തില്‍ ഉള്‍ക്കൊള്ളാനായി. ജപ്പാനിലും അദ്ദേഹം നാടകം അവതരിപ്പിക്കുകയുണ്ടായി. നാടകത്തിനുശേഷം നാടകസംഘവുമായി തങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരം വേണമെന്ന് കാണികള്‍ ആവശ്യപ്പെട്ടത് വളരെ വലിയ അദ്ഭുതമായിരുന്നുവെന്ന് കാവാലംതന്നെ ഒരിക്കല്‍ പറയുകയുണ്ടായി. വിദേശ രാജ്യങ്ങളില്‍ നാടകം അവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ നാടകം ഭാഷാതീതമാണെന്നതിനു ഉത്തമ ഉദാഹരണമാണ്.

മലയാള നാടകത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്ന മനസ്

ജീവിതത്തില്‍നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത കലാരൂപമാണ് നാടകം. അതുകൊ|ണ്ട് മനുഷ്യന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നാടകവും നിലനില്‍ക്കും. ഇക്കാരണത്താല്‍ നാടകത്തെ കുറിച്ച് കാവാലത്തിനു വലിയ ആശങ്കകളില്ല. പക്ഷേ, മലയാള നാടകത്തിന്റെ സമീപകാലത്തെ അവസ്ഥ അദ്ദേഹത്തെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു. ജീവിതമാറ്റങ്ങള്‍ക്കും സാമൂഹികമാറ്റങ്ങള്‍ക്കുമനുസരിച്ച് നാടകം മാറേ|തു|്. പക്ഷേ, മലയാള നാടകം ആ മാറ്റങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നതായി അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ആ ആശങ്കകളെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ ""നമ്മള്‍ കാണുന്ന ലോകമേ ഭാവിയിലും ഉ|ാവുകയുള്ളൂ എന്നു കരുതരുത്. ഇന്നു നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഭാവിയിലേക്ക് ഗുണം ചെയ്യുമെങ്കില്‍ അക്കാര്യങ്ങളെക്കുറിച്ചോര്‍ത്ത് സന്തോഷിക്കുക. പക്ഷേ, അപ്പോഴും നാടകത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. അത് എങ്ങനെയും നിലനിന്നാല്‍ പോര.  ജീവിത ഗന്ധിയായിത്തന്നെ നില}ില്‍ക്കണം. പക്ഷേ, ഇപ്പോള്‍ നാടകങ്ങള്‍ ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വളരെ അകന്ന് കെട്ടുകാഴ്ചകളാകുന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. നാടകം നശിച്ചു, കവിത നശിച്ചു എന്നൊക്കെ പറയുന്നത് ശുദ്ധമായഭോഷ്ക്കാണ്. മനുഷ്യന്‍ എന്ന ജീവിവര്‍ഗം അതിജീവിക്കുമെങ്കില്‍ അവന്‍ ഉള്ളിടത്തോളംകാലം നാടകവും നിലനില്‍ക്കും. ലോകാരംഭം മുതല്‍ നാടകം ഉ|ായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനപ്പുറം എല്ലാവരും വിശ്വസിക്കുന്നു. അപ്പോള്‍ ലോകം നശിക്കുന്നതുവരെ അത് നിലനിന്നല്ലേ മതിയാവൂ''.

Saturday, June 18, 2016

87 രൂപയ്ക്കു വാങ്ങിയ അശാന്തിയാണ് ഒഴിവു ദിവസത്തെ കളി

When I born, I black.
When I grow up, I black.
When I go in sun, I black.
When I scared, I black.
When I sick, I black.
And when I die, I still black.
And you white people.
When you born, you pink.
When you grow up, you white.
When you go in sun, you red.
When you cold, you blue.
When you scared, you yellow.
When you sick, you green
And when you die, you grey…
And you calling me colored?


കറുത്ത ദാസന്‍ എഴുന്നേറ്റു നിന്നു പാടുന്ന ഈ വരികള്‍ ശരിക്കും എന്നെ വല്ലാതെ പിന്തുടരുന്നു. ദാസന്റെ ഈ വരികള്‍ വല്ലാതെ മനസില്‍ പോറലേല്‍പ്പിക്കുന്നു. നമ്മളൊക്കെ പരിഷ്കൃതരാണെന്നു നടിക്കുകയാണെന്ന് വളരെ ലളിതമായി സനല്‍ പറഞ്ഞുവച്ചു. പ്ലാവില്‍ കയറി ചക്കയിടാന്‍ ദാസന്‍ വേണം. കോഴിയെ കൊല്ലാന്‍ ദാസന്‍ വേണം, കള്ളനാവാനും രാജ്യദ്രോഹിയാവാനും ദാസന്‍ വേണം. ഒടുവില്‍ വിചാരണ ചെയ്യപ്പെട്ട് തൂക്കിലേറ്റപ്പെടാനും ദാസന്‍ വേണം.

കഥാപാത്രത്തിന്റെ പേരില്‍ പോലും കൃത്യമായി രാഷ്ട്രീയം. ദളിതന്‍ ദാസനായിരിക്കണമെന്ന് പറയാതെ പറയുന്ന സിനിമ.ശരിക്കും പറഞ്ഞാല്‍ 87 രൂപ കൊടുത്ത് ഞാന്‍ വാങ്ങിയത് അശാന്തിയും തൂങ്ങിയാടുന്ന ദാസനെയുമാണ്. ശരിക്കും ഒഴിവു ദിവസത്തെ കളി സിനിമയും ഉണ്ണിയുടെ കഥയും തമ്മില്‍ വലിയ അന്തരമുണ്ട്. കഥയെ പിന്തള്ളി സിനിമ മുന്നിലെത്തിയെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സവര്‍ണബോധവും അധികാരത്തിന്റെ അടയാളങ്ങളും എന്നിലും അവശേഷിക്കുന്നുണ്ടെന്നു ഈ സിനിമ എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു. ഗീതയോട് ദാസനും നമ്പൂതിരിയും ഒഴിച്ചുള്ളവര്‍ കാമാസക്തിയോടെ സമീപിക്കുന്നതിലും റിയാലിറ്റി കീപ്പ് ചെയ്യാന്‍ സംവിധായകനായി. അത്തരത്തിലുള്ള ഒരു മനുഷ്യന്‍ എന്നിലുമുണ്ടോ എന്ന് ചിന്തിപ്പിക്കുന്ന രംഗങ്ങളായി അത് തിയറ്ററില്‍ പോയിക്കണ്ട് സ്വീകരിക്കേണ്ട സിനിമകളിലൊന്നാണ് ഈ 'ഒഴിവുദിവസത്തെ കളി'. ഈ ജീവിതത്തില്‍ ചിലപ്പോഴെങ്കിലും തന്നിലേക്കു തന്നെ നോക്കാന്‍ ഈ സിനിമ നമ്മളെ പ്രേരിപ്പിക്കുമെന്ന കാര്യത്തില്ഡ സംശയമില്ല.
 

FACEBOOK COMMENT BOX