Monday, January 23, 2012

പ്രതിബിംബം

ഇന്നലെ
സ്വപ്‌നത്തില്‍ ലേഖമെഴുതി
തലക്കെട്ടിട്ടു
പുറന്തള്ളപ്പെട്ടവന്

അമ്പലവാതുക്കല്‍
ദര്‍ശനപുണ്യത്തിനായി കാത്തുനിന്നു
എന്നിട്ടും അമ്പലമില്ലാത്തവന്

പള്ളിയില്‍
അള്‍ത്താരയുടെ നിഴലില്‍
ഒതുങ്ങി നിന്നു
എന്നിട്ടും പള്ളിയില്ലാത്തവന്

സ്വയം
പ്രതിരോധത്തിന്റെ കൊടിപിടിച്ചു
എന്നിട്ടും കൊടിയില്ലാത്തവന്

വിധിപ്രകാരം
എല്ലാ കര്‍മങ്ങളും ചെയ്ത്
തിരുനെറ്റിയില്‍
ചന്ദനക്കുറി തൊട്ടു
എന്നിട്ടും കര്‍മമില്ലാത്തവന്

വെളുത്ത കുപ്പായക്കാര്‍ തന്ന
ദൈവികത കൈപ്പറ്റി
കൂദാശകള്‍ സ്വീകരിച്ചു
എന്നിട്ടും കൂദാശകളില്ലാത്തവന്

ഗാന്ധി
ചര്‍ക്ക
മാര്‍ക്‌സ്
താമര
ദാസ്ക്യാപിറ്റല്‍
വിഭാഗീയത
വിമോചന സമരം
കുറുവടി
അടിയന്തരാവസ്ഥ
വരട്ടുതത്വവാദം
രാഷ്ട്രീയം മനപാഠമാക്കി
എന്നിട്ടും രാഷ്ട്രീയമില്ലാത്തവന്

ദൈവം
വിശ്വാസം
പ്രാര്‍ഥന
യാഗം
ബലി
നിസ്കാരം
ഉപവാസം
ആത്മാവ്
നെഞ്ചില്‍
മതം ഉരുക്കിയൊഴിച്ചു
എന്നിട്ടും മതമില്ലാത്തവന്

ഉണര്‍ന്ന്
ജനാലകള്‍ തുറന്നു
വെളിച്ചം മതിയായില്ല
റാന്തല്‍ തെളിച്ചു
കണ്ണാടിയില്‍ നോക്കി
പുറന്തള്ളപ്പെട്ടവന്റെ ആലസ്യം
പ്രതിബിംബിച്ചു

5 comments:

Unknown said...

kurachu koodi short akkaam

Roshan PM said...

എന്റമ്മേ... :)

Unknown said...

ഇത് അനുഭവത്തിൽ നിന്നാണോ?


തിരസ്കരിക്കപ്പെട്ടവന്റെ ദു:ഖം..
സത്യത്തിൽ എല്ലായിടത്തും തിരസ്കരിക്കപ്പെടുന്നവൻ ഫ്രീബേർഡാണു...

ഷാജു അത്താണിക്കല്‍ said...

ആശംസകൾ

sandeep vellaramkunnu said...

ഇതിലും വലുതെന്തോ വാരനിരുന്നതാ. ഇതില്‍ തീര്‍ന്നെന്നു കരുതാം

FACEBOOK COMMENT BOX