Friday, March 19, 2010

പഠിച്ചതും പഠിപ്പിച്ചതും തിരുത്തണം, ആഫ്രിക്ക ഇരുണ്ട ഭൂകണ്ഡമല്ല;മുഗാബെ ഭീകരനുമല്ല- സിംബാബ്‌വേ ബിഷപ്പിന്റെ വെളിപ്പെടുത്തല്‍

ഒരു വിദേശ അതിരൂപതയുടെ മെത്രാപ്പോലീത്തയായ ആദ്യത്തെ ഭാരതീയനാണു മാര്‍ അലക്‌സ്‌ കാളിയാനില്‍ എസ്‌.വി.ഡി. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ ഇരുപതു വര്‍ഷം മുമ്പു ദൈവവചന മിഷനറിയായി എത്തി ആ നാടിന്റെ ഹൃദയസ്‌പന്ദനങ്ങള്‍ തന്റെ ഉള്ളിലേക്കു സ്വീകരിച്ച അദ്ദേഹം ഒരു ജനപദത്തിന്റെ ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്‌ക്കുവേണ്ടി നല്‌കിയതു തന്റെ സംവത്സരങ്ങള്‍. സ്വന്തം നാടിന്റേതില്‍ നിന്നു തികച്ചും ഭിന്നമായ ഒരു സംസ്‌കാരത്തില്‍ അന്യനാകാതെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ സെപ്‌റ്റംബര്‍ 12-നാണു  മെത്രാപ്പോലീത്തയായി അഭിഷിക്തനായത്‌. സിംബാബ്‌വേയിലെ ബുളവായോ അതിരൂപതയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ജന്മനാട്ടില്‍ ആദ്യമായെത്തിയ ബിഷപ്പുമായി ഒരു കൂടിക്കാഴ്‌ച.




പൗരോഹിത്യത്തിലേക്കുളള അങ്ങയുടെ വരവ്‌ എങ്ങനെയായിരുന്നു?


സാമൂഹികസേവനം എന്നത്‌ വളരെ ചെറുപ്പത്തില്‍ത്തന്നെ എന്റെ മനസില്‍ കയറിക്കൂടിയ ആഗ്രഹമായിരുന്നു. പിന്നീട്‌, ഇന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനത്തിനെത്തി രക്തസാക്ഷിത്വം വരിച്ച തോമാശ്ലീഹയെക്കുറിച്ച്‌ അറിഞ്ഞതു മുതല്‍ ശ്ലീഹ എന്റെ മാതൃകാപുരുഷനായി. അങ്ങനെയാണ്‌ യേശുവിന്റെ സുവിശേഷം ലോകത്തിനു നല്‍കണമെന്ന്‌ ആഗ്രഹമുദിക്കുന്നത്‌. ആ ആഗ്രഹമാണ്‌ എന്നെ വൈദികനാക്കിയതെന്നു പറയാം.വൈദികനാകുന്നതിനു കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നോ?

അവര്‍ക്കു പൂര്‍ണ സമ്മതമായിരുന്നു. കുടുംബത്തില്‍ ഞാന്‍ ഏറ്റവും ഇളയ മകനായിരുന്നു. എന്നെ വൈദികനാക്കണമെന്ന്‌ എന്റെ ചെറുപ്പത്തില്‍ത്തന്നെ അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ്‌ വൈദിക പഠനത്തിനായി ഞാന്‍ 1975-ല്‍ ചങ്ങനാശേരിയിലെ എസ്‌.വി.ഡി. സെമിനാരിയില്‍ ചേരുന്നത്‌.

ആഫിക്കയില്‍ എത്തുന്നതോ?

അറിയപ്പെടാത്ത രാജ്യത്ത്‌ പ്രതിസന്ധികളെ നേരിട്ട്‌ സുവിശേഷം എത്തിച്ചയാളാണു തോമാശ്ലീഹ. അതുകൊണ്ടുതന്നെ, അറിയാത്ത ഒരു രാജ്യത്ത്‌ സുവിശേഷപ്രവര്‍ത്തനം നടത്തണമെണു ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ്‌ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേ തെരഞ്ഞെടുക്കുന്നത്‌. വൈദിക പഠനത്തിന്റെ ഭാഗമായി ഒരു വര്‍ഷം ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെവച്ചു തന്നെ സിംബാബ്‌വേയ്‌ക്കു പോകാനുളള പേപ്പര്‍വര്‍ക്കുകള്‍ തുടങ്ങി. തിരികെയെത്തി പഠനം പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ സിംബാബ്‌വേയിലേക്കു പോകാന്‍ കഴിഞ്ഞു.

അവിടെ പ്രവര്‍ത്തനം തുടങ്ങിയകാലത്തെ അനുഭവങ്ങള്‍?

സിംബാബ്‌വേയില്‍ രണ്ട്‌ അതിരൂപതകളാണുളളത്‌: ബുളവായോയും ഹരാരെയും. ഞാന്‍ യാത്രതിരിക്കുന്നതിനു മുമ്പുതന്നെ ഞാന്‍ വരുന്ന കാര്യം തീയതിയും വിമാന സമയവുമുള്‍പ്പെടെ ബുളവായോ ബിഷപ്‌ ഹൗസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ആ സന്ദേശം അവിടെ ലഭിച്ചില്ല. ഞാന്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി ആരെങ്കിലും വരുമെന്നു കരുതി കാത്തു. സമയം കടന്നു പോയതല്ലാതെ ആരും വന്നില്ല. ഭാഷയറിയില്ല. ആളുകളെ അറിയില്ല. സ്ഥലപേരുപ്പോലും നേരേ പറയാനറിയില്ല. 21 വര്‍ഷം മുമ്പാണെന്നോര്‍ക്കണം ടെലിഫോണ്‍ സൗകര്യമില്ല. എന്റെ കൈയില്‍ ബിഷപ്‌ ഹൗസിന്റെ അഡ്രസ്‌ മാത്രം. ഒരാളെ ആ അഡ്രസ്‌ കാണിച്ചു. എന്തായാലും അയാള്‍ വഴിതെറ്റിക്കാതെ ബിഷപ്‌ ഹൗസിനുമുമ്പില്‍ എത്തിച്ചു. അവിടെയും അപരിചിതത്വം. ആരെയും പരിചയമില്ല. ബിഷപ്‌ എന്തോ ആവശ്യത്തിനു പുറത്തു പോയിരിക്കുകയായിരുന്നു. ഞാന്‍ പ്രാര്‍ഥിച്ചു. ദൈവാനുഗ്രഹത്താല്‍ അപരിചിതത്വം പതുക്കെ മാറി. പിറ്റേദിവസം എന്നെ അവിടത്തെ ഒരു ഗ്രാമത്തില്‍ ഭാഷ പ0ിക്കാനായി കൊണ്ടുവിട്ടു. ദെലമ എന്നാണ്‌ അവിടത്തെ ഭാഷ അറിയപ്പെടുന്നത്‌. പ്രാദേശിക ഭാഷയാണത്‌. അത്‌ വാമൊഴിയാണ്‌. ലിപിയില്ല. ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ്‌ എഴുതുന്നത്‌. ആദ്യത്തെ കുറച്ചുനാള്‍ കഷ്‌ടപ്പെട്ടുവെങ്കിലും പിന്നീട്‌ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നു.

ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമം ഒരു കാട്ടുപ്രദേശമാണ്‌. അതു കൊണ്ടു തന്നെ ആന, കാട്ടുപോത്ത്‌ തുടങ്ങിയ വന്യമൃഗങ്ങളും പാമ്പുകളും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. വനത്തില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യമുണ്ടാകുമ്പോഴാണ്‌ പലപ്പോഴും ഇവ ജനവാസമുളള സ്ഥലങ്ങളിലേക്ക്‌ ഇറങ്ങാറ്‌. തണ്ണിമത്തങ്ങ പാകമാകുന്ന കാലത്ത്‌ അതു കഴിക്കാനായി ആനകള്‍ ഇങ്ങനെ നാട്ടിലിറങ്ങാറുണ്ട്‌. സാധാരണക്കാര്‍ താമസിക്കുന്നത്‌ പുല്ലും മണ്ണും കൊണ്ട്‌ നിര്‍മിച്ച കുടിലുകളിലാണ്‌. ഈ കുടിലുകള്‍ പലപ്പോഴും ആനകള്‍ തകര്‍ത്തു കളയാറുണ്ട്‌.

ജനങ്ങള്‍ക്ക്‌ ഏറ്റവുമധികം ഭയമുളളത്‌ പാമ്പിനെയാണ്‌. പലപ്പോഴും പളളിയില്‍ പ്രാര്‍ഥന നടത്തുന്നതിനിടയില്‍ പാമ്പുകളെ കണ്ടിട്ടുണ്ട്‌. പാമ്പുകള്‍ തങ്ങളുടെ പൂര്‍വികരുടെ ജന്മമാണെന്നാണ്‌ ജനങ്ങളുടെ വിശ്വാസം. അതുകൊണ്ടുതന്നെ ചില പാമ്പുകളെ അവര്‍ ഉപദ്രവിക്കാറില്ല.

ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമാണെന്നാണല്ലോ വളരെ ചെറിയ കാലം മുതല്‍ നാം പഠിച്ചിരിക്കുന്നത്‌. അവിടെനിന്നുളള അനുഭവങ്ങളെ മുന്‍നിര്‍ത്തി പറയുമ്പോള്‍?

പഠിച്ചതും പഠിപ്പിച്ചതും തിരുത്തണം, ആഫ്രിക്ക ഇരുണ്ട ഭൂകണ്ഡമല്ല. ആഫ്രിക്ക ഒരു കാലത്ത്‌ ഇരുണ്ടതായിരുന്നിരിക്കാം. എന്നാല്‍, പറഞ്ഞു കേട്ടിടത്തോളം ഇരുളിമ എനിക്കു തോന്നിയില്ല. 21 വര്‍ഷമായി ഞാന്‍ ആഫ്രിക്കയില്‍ എത്തിയിട്ട്‌. അതില്‍ത്തന്നെ 15 വര്‍ഷം ഞാന്‍ ഗ്രാമങ്ങളില്‍ സാധാരണക്കാരോടൊപ്പമായിരുന്നു. അവരുടെ ജീവിതം ഞാന്‍ തൊട്ടറിഞ്ഞതാണ്‌. അവിടെ വൈദ്യുതി എത്തിയിട്ടില്ല. നഗരങ്ങളില്‍ മാത്രമാണ്‌ വൈദ്യുതിയുളളത്‌. വൈദ്യുതിയും ആഡംബരവും സൃഷ്ടിക്കുന്ന വെളളിവെളിച്ചം മാത്രമേ അവിടെ ഇല്ലാതെയുളളൂ. സാംസ്‌കാരികമായ ഇരുളിമ അവിടില്ല.

കറുത്തവരുടെ മുന്നേറ്റമാണ്‌ ഇനി ലോകത്തു നടക്കാന്‍ പോകുന്നതെന്ന്‌ ആഫ്രിക്കയിലെ ജനങ്ങള്‍ പറയുന്നു. ബ്ലാക്‌ എംപവര്‍മെന്റ്‌ എന്നാണ്‌ അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ബാംഗളൂരില്‍ ക്രൈസ്റ്റ്‌ കോളജിലെ ഒരു അധ്യാപകന്‍ ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡമെന്നു വിശേഷിപ്പിച്ചതിനെതിരേ കെനിയക്കാരായ വിദ്യാര്‍ഥികള്‍ രൂക്ഷമായി പ്രതികരിച്ചത്‌ ഈ പശ്ചാത്തലത്തില്‍ കാണേണ്ടതാണ്‌.

സിംബാബ്‌വേയിലെ ഗവണ്‍മെന്റിനെക്കുറിച്ച്‌?

അവിടെ എല്ലാക്കാര്യങ്ങളും ഗവണ്‍മെന്റാണു നിയന്ത്രിക്കുന്നത്‌. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം എല്ലാം. ജനങ്ങള്‍ക്കു വലിയ പരാതികളില്ലാതെ കാര്യങ്ങള്‍ ഗവണ്‍മെന്റ്‌ നടത്തുന്നുണ്ട്‌ എന്നു പറയാം. സിംബാബ്‌വേ ഒരു ദരിദ്രരാജ്യമാണ്‌. അവിടത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം ആടുമാടുകളെ വളര്‍ത്തലാണ്‌. ആളുകളുടെ സമ്പത്തു പോലും ആടുമാടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണു പറയുന്നത്‌്‌. രാജ്യത്തെ ഭൂമി മുഴുവനും സര്‍ക്കാരിന്റെ കൈയിലാണ്‌. പാട്ടവ്യവസ്ഥയില്‍ ആളുകള്‍ കൃഷിനടത്തുകയാണു പതിവ്‌.

എല്ലാമേഖലകളും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണെന്നു പറഞ്ഞല്ലോ. ഇത്‌ എത്രത്തോളം ഫലപ്രദമാണ്‌? പ്രത്യേകിച്ച്‌ വിദ്യാഭ്യാസകാര്യത്തിലും മറ്റും?

സിംബാബ്‌വേയില്‍ വെറും ഒരു കോടി ഇരുപതു ലക്ഷത്തോളം ജനങ്ങളാണുളളത്‌. ജനസാന്ദ്രത വളരെ കുറവ്‌. ഒരു ഗ്രാമത്തില്‍ ഒരു സ്‌കൂളാവും ഉണ്ടാവുക. ഏകദേശം 20 കിലോമീറ്റര്‍ നടന്നു വേണം സ്‌കൂളില്‍ പോകാന്‍. തിരിച്ചും അത്രയും നടക്കണം. ഇത്‌ വിദ്യാര്‍ഥികള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു ണ്ട്‌. സഭ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്‌. പിന്നെ, സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാ ണ്‌. അതുപോലെ , ആശുപത്രികളിലെ ചെ ലവുകളും വലിയ ശതമാനം സൗജന്യമാണ്‌. ജനസംഖ്യ വളരെ കുറവായതു കൊണ്ടാണ്‌ ഗവണ്‍മെന്‍ിന്‌ വളരെ ഫലപ്രദമായിപൂര്‍ണമായി എന്നു പറയുന്നില്ല- പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്‌. ജനസംഖ്യ പെരുകിയാല്‍ ഗവണ്‍മെന്‍ിന്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നില്ല.


സിംബാബ്‌വേ ദരിദ്ര രാജ്യമാണെന്നു പറഞ്ഞല്ലോ. വിദേശരാജ്യങ്ങളുടെ സഹായം രാജ്യത്തിന്‌ എത്രത്തോളം ലഭ്യമാണ്‌?

വിദേശ രാജ്യങ്ങള്‍ സഹായിക്കാന്‍ തയാറാവുന്നുണ്ട്‌. പ്രത്യേകിച്ച്‌ അമേരിക്കയും ബ്രിട്ടനും. എന്നാല്‍, സഹായിക്കാനെത്തുന്നവരുടെ ലക്ഷ്യം അധിനിവേശം തന്നെയാണ്‌. സിംബാബ്‌വേ ബ്രിട്ടന്റെ കോളനിയായിരുന്നല്ലോ. രാജ്യത്തിന്റെ സമ്പത്തു മുഴുവന്‍ കൊളളയടിച്ചു കൊണ്ടാണ്‌ അവര്‍ മടങ്ങിയത്‌. ഇപ്പോള്‍ സഹായിക്കാനായി എത്തുന്നതും പഴയ കൊളോണിയലിസത്തിന്റെ മനസുമായാണ്‌. സിംബാബ്‌വേ വളരെ ധാതുസമ്പത്തുളള രാജ്യമാണ്‌. അതിലാണ്‌ അവരുടെ കണ്ണ്‌. ചൈനയും സഹായിക്കാനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. അവരുടെ ലക്ഷ്യവും മറ്റൊന്നല്ല. എന്തായാലും, പ്രസിഡന്റ്‌ റോബര്‍ട്ട്‌ മുഗാബെ ഇതു തിരിച്ചറിയുന്നുണ്ട്‌. പല സഹായങ്ങളും അദ്ദേഹം തടഞ്ഞിരിക്കുകയാണ്‌.

പ്രസിഡന്റ്‌ മുഗാബെയെക്കുറിച്ച്‌?

വളരെ വിദ്യാഭ്യാസമുളള, നല്ല മനസും ചിന്തകളുമുളള, നല്ല ഭരണകര്‍ത്താവാണ്‌.

പുറംലോകത്തിനു കിട്ടുന്ന മുഗാബെയുടെ ചിത്രം വ്യത്യസ്‌തമാണല്ലോ? ഏകാധിപതിയും അധികാരക്കൊതിയനുമായ ഒരു ഭരണാധികാരിയായിട്ടാണു മുഗാബെ ചിത്രീകരിക്കപ്പെടുന്നത്‌.

അത്‌ അമേരിക്കയും ബ്രിട്ടനും നടത്തുന്ന പ്രചാരണമാണ്‌. അതിന്റെ കാരണവും ഞാന്‍ നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞു. പിന്നെ, രാജ്യത്ത്‌ ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്കയുള്‍പ്പെടെയുളള രാജ്യങ്ങള്‍ ശ്രമം നടത്തുന്നുണ്ട്‌. മുഗാബെയ്‌ക്കെതിരേ പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കു പ്രചോദനം നല്‍കുന്നു. അതിനെതിരായി മുഗാബെ നടപടികള്‍ സ്വീകരിച്ചു. കുറെ പ്രതിപക്ഷ നേതാക്കള്‍ കൊല്ലപ്പെടുകയുമൊക്കെ ചെയ്‌തു. വീണ്ടും രാജ്യത്തിന്റെ പരമാധികാരം മറ്റേതെങ്കിലും രാജ്യത്തിന്റെ കീഴിലായിപ്പോകുമോ എന്നുളള ഭയത്തില്‍ നിന്നാണീ നടപടികള്‍.


മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമേയില്ലെന്ന നിലപാടിനോടു യോജിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. സഹായം ആവശ്യമാണ്‌. എന്നാല്‍ സഹായം ദോഷമാവരുത്‌. രാജ്യത്തെ സ്വയംപര്യാപ്‌തതയിലേക്കു നയിക്കുന്ന സഹായങ്ങള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുളള എന്നതാണു സഭയുടെ നിലപാട്‌. കാരണം, സ്വയംപര്യാപ്‌തത കൈവരിക്കാതെ ഒരു രാജ്യത്തിന്‌ ഏറെക്കാലം നിലനില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു തൊഴില്‍ ലഭിക്കുന്ന തരത്തിലുളള പ്രോജക്ടുകളാണ്‌ സഭ നടത്തുന്നത്‌. ആ പ്രോജക്ടുകള്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കാം എന്നതാണ്‌ സഭ ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട്‌. എക്കാലത്തും ഭക്ഷണവും പണവും സഹായമായി സ്വീകരിക്കുന്നത്‌ രാജ്യത്തെ ജനങ്ങളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കിക്കളയും. ജനങ്ങളെ ആത്മാഭിമാനമുളളവരാക്കിത്തീര്‍ക്കുക എന്നതും സഭയുടെ ലക്ഷ്യമാണ്‌.

സിംബാബ്‌വേയിലെ കത്തോലിക്കാ സഭ നേരിടുന്ന പ്രതിസന്ധികള്‍?

അവിടത്തെ ജനങ്ങള്‍ ബഹുഭൂരിപക്ഷവും വിവിധ ഗോത്രങ്ങളില്‍പ്പെട്ടവരാണ്‌. അവരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ തുടങ്ങിയകാര്യങ്ങള്‍ മനസിലാക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്‌. ഇന്നലെവരെ തുടര്‍ന്നു വന്നിരുന്ന ആചാരങ്ങളില്‍ നിന്നും രീതികളില്‍ നിന്നും മാറ്റി ദൈവവിശ്വാസത്തിന്റെയും സാമൂഹികനീതിയുടെയും ധാര്‍മികതയുടെയും വശങ്ങള്‍ പറഞ്ഞു മനസിലാക്കുക ശ്രമകരമായ ജോലി തന്നെയാണ്‌. യേശുവിന്റെ വലിയ അനുഗ്രഹത്താല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നുണ്ട്‌.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ എന്തെങ്കിലും എതിര്‍പ്പുകള്‍ ?

കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടില്ല. സിംബാബ്‌്‌വേയിലെ കാര്യമാണിത്‌. മറ്റ്‌ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതായാണ്‌ അറിവ്‌. സിംബാബ്‌വേയിലെ ഗവണ്‍മെന്റിന്‌ ഞങ്ങളെ സംശയമാണ്‌. അമേരിക്കന്‍ ചാരന്‍മാരാണെന്നാണു വിചാരം. സഭയുടെ ചില സര്‍ക്കുലറുകള്‍ തടഞ്ഞു വയ്‌ക്കുകയും വൈദികരെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍ ആ സാഹചര്യത്തില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്‌. സഭയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നു. ദൈവവിശ്വാസത്തില്‍ നിന്നും ധാര്‍മികതയില്‍ നിന്നും വ്യതിചലിച്ച്‌ ഒരു കാര്യവും സഭ പ്രവര്‍ത്തിക്കില്ല എന്നു സര്‍ക്കാരിന്‌ ബോധ്യമായിട്ടുണ്ട്‌. സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചാല്‍ സഭ പ്രതികരിക്കുമെന്നു ബോധ്യമുളളതിനാല്‍ അത്തരം കാര്യങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്‌.

സിംബാബ്‌വേയിലെ മതങ്ങള്‍?

ജനങ്ങളില്‍ 85 ശതമാനം പേരും ക്രൈസ്‌തവരാണ്‌. ഇതില്‍ 15 ശതമാനം പേര്‍ കത്തോലിക്കാ സഭാ വിശ്വാസികളാണ്‌. പിന്നെ, ചില പ്രാദേശിക മതങ്ങള്‍ നിലനില്‌ക്കുന്നുണ്ട്‌. വിശ്വാസികളെല്ലാവരും ഏകദൈവ വിശ്വാസികളാണ്‌ എന്നതാണ്‌ അവിടത്തെ മതപരമായ ഏറ്റവും വലിയ പ്രത്യേകത.

ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന ഒരു ആക്ഷേപം അവിടത്തെ ജനങ്ങള്‍ക്കു സദാചാരബോധം കുറവാണ്‌ എന്നതാണ്‌. ഈ ആക്ഷേപത്തില്‍ കഴമ്പുളളതായി തോന്നിയിട്ടുണ്ടോ?

പ്രചരിപ്പിക്കപ്പെടുന്നയത്രയില്ല. എങ്കിലും കുറച്ചു ശരിയാണ്‌. വിവാഹബന്ധങ്ങളിലെ കെട്ടുറപ്പില്ലായ്‌മ പൊതുവേയുണ്ട്‌. പരമ്പരാഗതമായ പല നിലപാടുകളില്‍ നിന്നും മാറാനുളള ജനങ്ങളുടെ വൈമുഖ്യമാണു പ്രശ്‌നം. പിന്നെ സിവില്‍ നിയമങ്ങളും അത്ര ശക്തമല്ല. നമ്മുടെ നാട്ടിലൊക്കെ സ്‌ത്രീധനമാണുളളത്‌. അവിടെ പുരുഷ ധനമാണ്‌. അത്‌ പണമായിട്ടോ സ്വര്‍ണമായിട്ടോ ഭൂമിയായിട്ടോ ആണെന്നു ധരിക്കരുത്‌. ആടുമാടുകളായിട്ടാണ്‌. നമ്മുടെ നാട്ടിലേതു പോലുളള അറേഞ്ച്‌ഡ്‌ വിവാഹങ്ങള്‍ അവിടെ ഇല്ലെന്നുതന്നെ പറയാം.

ഒരു വിവാഹത്തിനു പുരുഷധനമായി തീരുമാനിച്ചത്‌ പത്തു പശുക്കളെയാണെന്നു സങ്കല്‌പിക്കുക. വരന്‌്‌ രണ്ടു പശുക്കളെ നല്‍കാനുളള ശേഷിയേ ഉളളുവെങ്കിലും വിവാഹം ഔദ്യോഗികമായി അംഗീകരിക്കപ്പെടില്ല എന്നേയുള്ളു; ഭാര്യാഭര്‍ത്താക്കന്‍മാരേപ്പോലെ ജീവിക്കാം. ഈ ബന്ധത്തില്‍ കുട്ടികളുമുണ്ടാകാറുണ്ട്‌. ഈ സിസ്‌റ്റം സൃഷ്ടിക്കുന്ന ധാര്‍മിക പ്രശ്‌നം വളരെ വലുതാണ്‌. സിവില്‍ നിയമമനുസരിച്ച്‌ രണ്ടു ഭാര്യമാരെ സ്വീകരിക്കാം. ഒരു കുടുംബത്തില്‍ രണ്ടു സഹോദരന്‍മാരുണ്ടെന്ന്‌ സങ്കല്‌പിക്കുക. അതില്‍ ഒരാള്‍ മരണപ്പെട്ടാല്‍ മറ്റേയാള്‍ക്ക്‌ മരണപ്പെട്ടയാളുടെ ഭാര്യയെ വിവാഹം കഴിക്കാം. ഇതിന്‌ സിവില്‍ നിയമവും കൂട്ടുനില്‍ക്കുകയാണ്‌. ഈ സ്ഥിതി വളരെ ഗുരുതരമാണ്‌. ഇത്തരം കാര്യങ്ങള്‍ മാറാന്‍ കുറച്ചു കാലമെടുക്കും. അതിനു വേണ്ടിയാണ്‌ സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. വിവാഹം എന്ന കൂദാശയുടെ പരിശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്തി, വിവാഹത്തിനായി ഒരുക്കുക എന്ന ശ്രമകരമായ ദൗത്യമാണു സഭയ്‌ക്ക്‌ ഇക്കാര്യത്തില്‍ ചെയ്യാനുളളത്‌. അതില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌.

എയ്‌ഡ്‌സ്‌ രോഗം ഏറ്റവും കൂടുതലുളളത്‌ ആഫ്രിക്കന്‍ രാജ്യങ്ങളിലാണല്ലോ. അതിന്റെ കാരണവും മറ്റൊന്നായിരിക്കില്ലല്ലോ?

അതെ. പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമാണു പ്രധാന കാരണം . ഫ്രീ സെക്‌സ്‌ എന്ന സങ്കല്‌പം പുതിയ തലമുറകളിലും ദൃശ്യമാണ്‌. സിംബാബ്‌വേ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴിലായിരുന്ന കാലത്ത്‌ ബ്രിട്ടീഷുകാര്‍ ഇവിടത്തെ സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നു. തന്‍മൂലം ഇന്ന്‌ സിംബാബ്‌വേയിലെ തലമുറ ഒരു സങ്കരതലമുറയാണ്‌. അതും പ്രശ്‌നം തന്നെയാണല്ലോ. വ്യക്തിബന്ധങ്ങളില്‍ കരുതലെടുക്കുന്ന ശീലം ജനങ്ങളില്‍ വളരെ കുറവാണ്‌. അതും ഇതിനൊരു കാരണമാണല്ലോ.

സിംബാബ്‌‌വേയിലെ കൃഷി, കാലാവസ്ഥ, ജീവിത രീതികള്‍, സംസ്‌കാരം?

പ്രധാന കൃഷി ചോളമാണ്‌. പുകയിലയും നല്ല രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്‌. വര്‍ഷത്തില്‍ ഏഴോ എട്ടോ മഴയാണു ലഭിക്കുന്നത്‌. അതിനു ശേഷം മരഭൂമിയിലെ കാലാവസ്ഥയാണ്‌ അവിടെ. കുടിവെളളത്തിനു വലിയ ബുദ്ധിമുട്ടാണ്‌. കുഴല്‍ക്കിണറുകളാണ്‌ ജലത്തിന്‌ ഉപയോഗിക്കുന്നത്‌. നമ്മുടെ നാട്ടിലേതുപോലുള്ള കിണറുകള്‍ അവിടെ സാധ്യമല്ല. വളരെ ആഴത്തില്‍ കുഴിച്ചാലേ ജലം ലഭിക്കുകയുളളൂ. പയര്‍ വര്‍ഗങ്ങളൊന്നും തന്നെ വളരില്ല; അവയ്‌ക്ക്‌ ധാരാളം ജലം ആവശ്യമാണല്ലോ. പച്ചക്കറിയിനത്തില്‍ പെടുത്താന്‍ കാബേജും കാരറ്റും തക്കാളിയും മാത്രമാണുളളത്‌.

ജനങ്ങള്‍ വളരെ സഹകരണത്തോടെ ജീവിക്കുന്നവരാണ്‌. ഏതൊരു കാര്യത്തിനായാലും പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ വലുതാണ്‌. വിവാഹമായാ ലും ശവസംസ്‌കാരമായാലും എല്ലാവരും സഹകരിക്കും. ഏതുകാര്യവും പങ്കുവയ്‌ക്കുന്ന ശീലം എല്ലാവര്‍ക്കുമുണ്ട്‌.

ജനങ്ങളുടെ പ്രധാന ഭക്ഷണം ആനയിറച്ചിയാണ്‌. അത്‌ നാരുകള്‍ നിറഞ്ഞതാണ്‌. ആ}കള്‍ നാട്ടിലിറങ്ങി പ്രശ്‌നം സൃഷ്ടിക്കുമ്പോള്‍ ഗവണ്‍മെന്റു തന്നെ ആനകളെ കൊല്ലാറുണ്ട്‌. അങ്ങനെ കൊല്ലുന്ന ആനകളുടെ തോലും കൊമ്പും ഗവണ്‍മെന്റിന്‌ അവകാശപ്പെട്ടതാണ്‌. മാംസം ജനങ്ങള്‍ക്കും.

സാമ്പത്തിക മാന്ദ്യം കഠിനമായി ബാധിച്ച രാജ്യമാണല്ലോ സിംബാബ്‌വേ?

അതെ. അതു വളരെ ഭീകരമായിരുന്നു. സിംബാബ്‌്‌വേയിലെ കറന്‍സിക്ക്‌ ഒരു വിലയുമില്ലാതായി. ചാക്കില്‍ തൂക്കിയാണ്‌ കറന്‍സി ആളുകള്‍ കൊണ്ടുനടന്നിരുന്നത്‌. അവശ്യസാധ}ങ്ങളുടെ വില പത്തക്കവും പതി}ഞ്ചക്കവും വരെയെത്തിയെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? പതിനഞ്ചക്കം വരുന്ന സംഖ്യകള്‍ പ്രോസസ്‌ ചെയ്യാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ സംവിധാനം നിലവിലില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ സംവിധാനം ഏതാണ്ട്‌ പൂര്‍ണമായും തകര്‍ന്നു പോവുകയുണ്ടായി.

സാമ്പത്തിക മാന്ദ്യം ഏറ്റവുമധികം ബാധിച്ചത്‌ വിദ്യാഭ്യാസ മേഖലയെയും ആരോഗ്യമേഖലയെയുമാണ്‌. അവിടെ ജോലിചെയ്‌തിരുന്ന വലിയൊരു വിഭാഗം ആളുകളും രാജ്യം വിടുകയുണ്ടായി. സാമ്പത്തിക മാന്ദ്യം മൂലം ജോലിക്കാര്‍ക്കു ശമ്പളം നല്‍കാനാവാത്ത സ്ഥിതി വന്നു. അതിനെത്തുടര്‍ന്ന്‌ സിംബാബ്‌്‌വേയി ലെ കറന്‍സി പിന്‍വലിക്കേണ്ടി വന്നു. ഇപ്പോള്‍ അമേരിക്കന്‍ ഡോളറാണ്‌ അവിടെ ഉപയോഗിക്കുന്നത്‌. ഭരണകക്ഷിയും പ്രതിപക്ഷവും സംയുക്തമായാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌.

ആര്‍ച്ച്‌ബിഷപ്പിന്റെ പദവിയിലിരിക്കുമ്പോള്‍, അതുവരെ ചെയ്‌തു വന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി തുടരാനാവുമെന്നു പ്രതീക്ഷിക്കുന്നുണ്ടോ?

അതൊരു പ്രശ്‌നമാണ്‌. ഇതുവരെ ഞാന്‍ സാധാരണക്കാരുടെ ഒപ്പമായി രുന്നു. ഇന്ന്‌ എനിക്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ പവര്‍ കൂടി ലഭിച്ചിരിക്കുകയാണ്‌. അതു വലിയൊരു ഉത്തരവാദിത്വമാണ്‌. എന്റെ സ്വാതന്ത്ര്യം അല്‌പം കുറഞ്ഞുപോയോ എന്ന സംശയം മാത്രമേയുളളൂ. എന്തായാലും ഇത്‌ ദൈവഹിതമാണ്‌. അതുകൊണ്ടുതന്നെ എല്ലാ ഉത്തരവാദിത്വത്തോടെയും പരിശുദ്ധിയോടെയും ഈ പദവി ഞാന്‍ ഏറ്റെടുക്കുന്നു.
ഫോട്ടോ: സനല്‍ വേളൂര്‍ (ദീപിക സ്റ്റാഫ്‌ ഫോട്ടോഗ്രാഫര്‍)

FACEBOOK COMMENT BOX