Wednesday, December 15, 2010

വിശ്വദര്‍ശന സാനുവില്‍

സന്ദീപ് സലിം


സാഹിത്യത്തിലെ ലാവണ്യാനുഭവങ്ങളുടെയും ജീവിത മൂല്യങ്ങളുടെയും പാ0ങ്ങള്‍ പഠിപ്പിച്ച അധ്യാപകന്‍, കാവ്യാനുഭവങ്ങളില്ൂടെ സംസ്കാരത്തെ അളക്കുന്ന സാഹിത്യവിമര്‍ശകന്‍, സ്വകീയ ശൈലികൊണ്ട് വായനക്കാരെ ത്രസിപ്പിച്ച എഴുത്തുകാരന്‍ പ്രഫ. എം. കെ. സാനുവിനു നല്‍കാവുന്ന വിശേഷണങ്ങള്‍ പലതാണ്.

മലയാള നിരൂപണ രംഗത്തും ജീവചരിത്രസാഹിത്യ രംഗത്തും ദശകങ്ങളായി നിറഞ്ഞു നില്‍ക്കുന്ന സര്‍ഗധനനായ എഴുത്തുകാരനാണ് എം. കെ. സാനു.

ഭാഷയുെട പ്രസാദാത്മകതയും ആര്‍ജവവുമാണ് മാഷിന്റെ കൃതികളെ വ്യത്യസ്തമാക്കുന്നത്. സമകാലികനിരൂപകരില്‍ പലരും എഴുത്തിലെ ഉപരിപ്ലവ സൗന്ദര്യത്തിനു പ്രമുഖ്യം നല്‍കിയപ്പോള്‍ മാഷ് രചനയുടെ ആന്തരികസൗന്ദര്യത്തിനാണ് ഊന്നല്‍ നല്കിയത്. മാഷിന്റെ എഴുത്തിലായാലും പ്രസംഗത്തിലായാലും കണ്ടെത്താനാവുന്ന മറ്റൊരു സവിശേഷത കഥാകഥന രീതിയും നാടകീയതയുമാണ്. മാഷിന്റെ കൃതികളെ ജനപ്രയമാക്കുന്ന ഒരു ഘടകം ഇതാവാം. മലയാള ജീവചരിത്രശാഖയെ ഇത്രമാത്രം സര്‍ഗാത്മകമാക്കിയ മറ്റൊരു എഴുത്തുകാരനുണ്ടോയെന്നു സംശയം. സാനുമാഷിന്റെ ജീവചരിത്രങ്ങളെ സാനുചരിതങ്ങള്‍ എന്നാണു പ്രശസ്തകവി ഡോ. അയ്യപ്പപ്പണിക്കര്‍ വിശേഷിപ്പിച്ചത്. ""വസ്തുസ്ഥിതിവിവരക്കണക്കുകളോ വിരസമായ പാണ്്ഡിത്യപ്രകടനങ്ങളോ സാനുവിന്റെ കൃതികളില്‍ കാണാനാവില്ല. വിതണ്ഡാവാദകോലാഹലങ്ങളുടെ അന്തരീക്ഷവും അദ്ദേഹത്തിന്റെ കൃതികളിലില്ല. കേവല സാമൂഹിക രാഷ്ട്രീയ തത്ത്വങ്ങളുടെയോ സാഹിത്യ കലാ സിദ്ധാങ്ങളുടെയോ ചതുരക്കളളിക്കുളളില്‍ നില്‍ക്കുന്നതുമല്ല സാനുവിന്റെ കൃതികള്‍. തുടക്കം മുതല്‍ ഒടുക്കംവരെ നിലനില്ക്കുന്ന ഒരു അന്ത:സംഘര്‍ഷത്തിന്റെ- പിരിമുറുക്കത്തിന്റെ- അടിസ്ഥാന ശ്രുതിയിലാണ് സംവേദന ക്ഷമത തുളുമ്പുന്ന വാക്കുകളിലൂടെ സാനു തന്റെ കൃതികള്‍ രചിച്ചിരിക്കുന്നത്''. അയ്യപ്പപ്പണിക്കര്‍ പറഞ്ഞു വയ്ക്കുന്നു.

ഓര്‍മക്കുറിപ്പുകള്‍, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി സാനു മാഷിന്റെ കൈയൊപ്പു പതിഞ്ഞ രചനാമേഖലകള്‍ നിരവധിയാണ്. വിവര്‍ത്തന രംഗത്തും മാഷ് പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.

അധ്യാപകന്‍, നിരൂപകന്‍, സാമൂഹിക ചിന്തകന്‍, പത്രാധിപര്‍, പൊതുപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ ബഹുതലങ്ങളില്‍ സ്വന്തം മുദ്രപതിപ്പിച്ച സാനുമാഷിന്റെ സാഹിത്യ സപര്യയ്ക്ക് അമ്പതു വയസാവുന്നു. ഒക്ടോബര്‍ 27ന് എണ്‍പത്തി രണ്ടാം വയസു കടക്കുന്ന മാഷ് തന്റെ സാഹിത്യ - അധ്യാപന ജീവിതത്തെ കുറിച്ച് മനസു തുറക്കുന്നു;



സാഹിത്യത്തിലേക്കും എഴുത്തിലേക്കും കടന്നുവന്നത് എങ്ങനെ?



വളരെ ചെറുപ്പത്തില്‍ത്തന്നെ സാഹിത്യാഭിരുചി ഉണ്ടായിരുന്നു. ഞാന്‍ ജനിച്ചത് ഒരു കൂട്ടുകുടുംബത്തിലാണ്. ഏകദേശം ഒരേ പ്രായമുള്ള നിരവധി പേര്‍ ഞങ്ങളുടെ കുടുംബത്തിലുണ്ടായിരുന്നു. ആ കാലത്തൊക്കെ ഞങ്ങളുടെ പ്രധാന വിനോദങ്ങളില്‍ ഒന്ന് അക്ഷര ശ്ലോകം ആയിരുന്നു. പലപ്പോഴും പല ശ്ലോകങ്ങളുടെയും അര്‍ഥം മനസിലാകാതെ വരുമ്പോള്‍ അച്ഛനോടും വീട്ടിലെ മറ്റു മുതിര്‍ന്നവരോടും ചോദിക്കാറുണ്ടാ യിരുന്നു. വീട്ടിലെ ഒട്ടുമിക്ക മുതിര്‍ന്നവരും കവിത ആസ്വദിക്കുന്നവര്‍ ആയിരുന്നു. അതിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. സന്ധ്യാപ്രാര്‍ഥന അന്നു ഞങ്ങളുടെ വീട്ടില്‍ പതിവായിരുന്നു. അതിലെ ചില പ്രാര്‍ഥനകള്‍ കവിതകളുമായിരുന്നു. അതില്‍ ആശാന്‍ കവിതകള്‍ പ്രഥമഗണനീയവും ആയിരുന്നു.

പിന്നെ, സാഹിത്യാഭിരുചിയുള്ള നിരവധി സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നു. അങ്ങനെ പുസ്തകങ്ങള്‍ വായിക്കുന്ന ശീലത്തിലേക്കു വരികയും പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കാന്‍ തുടങ്ങുകയും ചെയ്തു. ചങ്ങമ്പുഴയുടെ രമണനൊക്കെ വളരെ ദൂരം സൈക്കിള്‍ ചവിട്ടി സഞ്ചരിച്ചാണു സംഘടിപ്പിച്ചത്. അതും കവിത കടലാസില്‍ എഴുതിയെടുത്താണ് വായിച്ചിരുന്നത്. പിന്നീട് പുരോഗമന സാഹിത്യത്തില്‍ ആകൃഷ്ടനാവുകയും പതിയെപ്പതിയെ ലേഖനങ്ങളും കഥകളും എഴുതിത്തുടങ്ങുകയും ചെയ്തു.



എഴുതിത്തുടങ്ങിയതു കഥകളാണ് എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. അതുശരിയാണോ? പിന്നീട് എന്തുകൊണ്ടാണു നിരൂപണത്തിലേക്കു വന്നത്?



ഞാന്‍ പറഞ്ഞല്ലോ കഥകളും ലേഖനങ്ങളുമാണ് എഴുതിയിരുന്നതെന്ന്. അക്കാലത്ത് കഥയും കവിതയുമൊക്കെ എഴുതണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. എഴുതിത്തുടങ്ങിയ കാലമാണല്ലോ അത.് എന്നാല്‍ എഴുതിയ പലതും ആഗ്രഹിച്ച രീതിയില്‍ വന്നില്ല. അങ്ങനെയാണു പതുക്കെ കഥയെഴുത്തു നിര്‍ത്തിയത്. കെ.ബാലകൃഷ്ണനെപ്പോലുള്ളവര്‍ പ്രശംസിച്ച കഥയൊക്കെ എഴുതിയിട്ടുണ്ട്. പക്ഷേ പിന്നീട് അതുപോലെ എഴുതാന്‍ കഴിയാതെ പോവുകയായിരുന്നു. എങ്കിലും മനസില്‍ ഇപ്പോഴും ചില പ്രമേയങ്ങളൊക്കെയുണ്ട്.



അധ്യാപകനും എഴുത്തുകാരനും. എങ്ങെന താരതമ്യം ചെയ്യുന്നു?



അധ്യാപകന്‍ എന്ന നിലയിലാണ് അല്പമെങ്കിലും പൂര്‍ണതയോടു ചേര്‍ന്നു നില്ക്കുന്നതായി എനിക്കു തോന്നിയിട്ടുള്ളത.് എഴുത്തു കാരന്‍ എന്നനിലയില്‍ ഞാന്‍ സംതൃപ്തനല്ല.



അധ്യാപന ജീവിതത്തെക്കുറിച്ച്?



വളരെ അപ്രതീക്ഷിതമായി അധ്യാപനരംഗത്ത് എത്തിച്ചേര്‍ന്ന ആളാണു ഞാന്‍. ഇന്റര്‍മീഡിയറ്റ് പരീക്ഷ കഴിഞ്ഞ് എങ്ങോട്ടുപോകണമെന്ന് അറിയാതെ ചിന്തിച്ചുനിന്നിരുന്ന ഒരു സമയം എനിക്കുണ്ടായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നംമുലം ഉന്നത പഠനം അന്നു സാധ്യമാവുകയില്ലായിരുന്നു. അക്കാലത്തു ഞങ്ങളുടെ വീടിനടുത്ത് ഏതാണ്ട് നാലു കിലോമീറ്റര്‍ അകലെ വളരെ പ്രശസ്തമായ രീതിയില്‍ നടന്നു വന്നിരുന്ന ഒരു സ്കൂള്‍ ഉണ്ടായിരുന്നു. ഒരു ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍. അവിടത്തെ ഹെഡ്മാസ്റ്ററുടെ നിര്‍ദേശ പ്രകാരം ഞാന്‍ അവിടെ അധ്യാപകനായി ചേര്‍ന്നു. അങ്ങനെയാണ് എന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നതെന്നു പറയാം. പിന്നീട് ഹെഡ്മാസ്റ്റര്‍ പത്മനാഭന്‍ സാറിന്റെ തന്നെ നിര്‍ബന്ധത്തിനു വഴങ്ങിയാണു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കാന്‍ പോകുന്നത്. അവിടെ അന്ന് മലയാളം വകുപ്പിന്റെ തലവനായിരുന്നത് നാടകകൃത്ത് എന്‍. കൃഷ്ണപിള്ള സാറായിരുന്നു. എനിക്ക് മതിപ്പുതോന്നിയിട്ടുള്ള അധ്യാപകരുടെ ഗണത്തില്‍ മുഖ്യസ്ഥാനം കൃഷ്ണപിള്ള സാറിനുണ്ട്. പാഠപുസ്തകങ്ങളില്ലാതെ ക്ലാസെടുക്കുന്ന രീതിയാണ് കൃഷ്ണപിള്ള സാറിന്റേത്. സി. വി. രാമന്‍പിളളയുടെ രാമരാജബഹദൂറൊക്കെ പുസ്തകമില്ലാതെ പഠിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. സാറിനോടുള്ള മതിപ്പുകൊണ്ടാണോ അതോ അദ്ദേഹം പിന്‍തുടര്‍ന്നിരുന്ന രീതിയോടുള്ള മതിപ്പു കൊണ്ടാണോ എന്നറിയില്ല, പില്‍ക്കാലത്ത് ഞാനും പാഠപുസ്തകങ്ങളില്ലാതെയാണ് പഠിപ്പിച്ചിരുന്നത്.

ഞാന്‍ മുന്‍പു സൂചിപ്പിച്ചതുപോലെ, അധ്യാപകന്റെ വേഷത്തില്‍ ക്ലാസില്‍ നില്ക്കുമ്പോള്‍ അനുഭവിച്ചിരുന്ന സന്തോഷവും സംതൃപ്തിയും മറ്റൊരിടത്തുനിന്നും എനിക്ക് ലഭിച്ചിട്ടില്ല.



കേരള സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള പതിനൊന്നോളം വ്യക്തികളുടെ ജീവചരിത്രം രചിച്ചിട്ടുള്ള ആളാണല്ലോ അങ്ങ്. അതില്‍ ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, ചങ്ങമ്പുഴ, ബഷീര്‍, എം. ഗോവിന്ദന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ വളരെയധികം വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജീവചരിത്ര രചനയ്ക്കായി വ്യക്തികളെ തെരഞ്ഞെടുക്കുന്നതില്‍ മാഷിന്റെ മാനദണ്ഡം എന്തായിരുന്നു?



പ്രത്യേകിച്ച് അങ്ങനെ മാനദണ്ഡങ്ങളൊന്നുമില്ലായിരുന്നു. സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുകയും എന്നാല്‍ ശരിയായ രീതിയില്‍ വായിക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയോ ചെയ്യാതെ പോവുകയും ചെയ്തവരെയാണ് ഞാന്‍ ജീവചരിത്രരചനയ്ക്കായി തെരഞ്ഞെടുത്തത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് എം.ഗോവിന്ദന്റെ ജീവചരിത്രം. പ്രഗത്ഭനായ ഒരു ആശയ ഉത്പാദകനായിരുന്നു എം.ഗോവിന്ദന്‍. മൗലികമായ ചിന്തകളുടെ ഉറവിടം കൂടിയായിരുന്നു അദ്ദേഹം. എനിക്ക് അടുത്ത് പരിചയമുള്ള വ്യക്തിത്വം. ഞങ്ങളൊക്കെ ജീവിച്ചകാലത്തെ അറിയുകയും വിശകലനം ചെയ്യുകയും ചെയ്ത് അതില്‍ നിന്നു നിരവധി ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും മറ്റുള്ളവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്ന ആളാണ് എം. ഗോവിന്ദന്‍. എന്നാല്‍ അദ്ദേഹം മുന്നോട്ടുവച്ച ചിന്തകളോടു മലയാളികള്‍ പ്രതികരിച്ചതു ശരിയായ രീതിയില്‍ ആയിരുന്നില്ല എന്ന തോന്നലാണ് എം. ഗോവിന്ദന്റെ ജീവചരിത്രമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

അതുപോലെതന്നെ ബഷീറിന്റെ ജീവചരിത്രം. ഒരുപക്ഷേ പൊതുസമൂഹത്തിന് അത്ര പരിചിതനായ ബഷീര്‍ അല്ല എന്റെ ജീവചരിത്രത്തിലുള്ളത്. മുഖ്യധാരയിലേക്ക് എത്തുന്നതിനുമുമ്പുള്ള ബഷീറിനെയാണു ഞാന്‍ വരച്ചത്. അന്നും അദ്ദേഹത്തിനു ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാനകാലത്ത് ഉണ്ടായിരുന്നത്ര സമൂഹബന്ധങ്ങള്‍ അന്ന് അദ്ദേഹിത്തിന് ഉണ്ടായിരുന്നില്ല. ഒരു പ്രസംഗകനായോ സാഹിത്യവേദികളിലെ സ്ഥിരം സാന്നിധ്യമായോ അദ്ദേഹം മാറിയിരുന്നില്ല. ഇത്തരമൊരു ബഷീറിെന വരച്ചുകാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ജീവചരിത്രം എഴുതിയത്.

എന്റെ അഭിപ്രായത്തില്‍ മലയാള കവിതയിലെ റിബലായി രുന്നു ചങ്ങമ്പുഴ. ഞങ്ങളുടെയൊക്കെ തലമുറയെ വളരെയധികം സ്വാധീനിക്കാന്‍ ചങ്ങമ്പുഴയ്ക്ക് കഴിഞ്ഞു. പ്രണയത്തിലെ കാല്പനികതയും വിഷാദാത്മകതയും നെഞ്ചില്‍ കൊണ്ടുനടന്നിരുന്ന തലമുറയായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടു തന്നെയാവണം ചങ്ങമ്പുഴ ഞങ്ങളുടെ ഹീറോയായതും. ഈ ആരാധനയാണ് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.



എസ്.എന്‍.ഡി.പി.യുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആളാണു മാഷെന്നു കേട്ടിട്ടുണ്ട്്. ഗുരുദര്‍ശനം ആണോ അങ്ങയെ എസ്.എന്‍.ഡി.പി.യിലേക്ക് അടുപ്പിച്ചത്? ഗുരുവിന്റെ ജീവചരിത്രം "നാരായണ ഗുരുസ്വാമി' എഴുതുന്നതിനു പ്രചോദനം കിട്ടിയത് എസ്.എന്‍.ഡി.പിയില്‍ നിന്നാണോ?



ഞാന്‍ ഈഴവ സമുദായത്തില്‍പ്പെട്ടയാളാണ്. അതുകൊണ്ടുതന്നെ എസ്.എന്‍.ഡി.പി. ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം ഇടപെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഞാന്‍ അതില്‍ അംഗമായിരുന്നില്ല. പിന്നീട് എസ്.എന്‍.ഡി.പി. അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും നയങ്ങളില്‍ നിന്നും പിന്നോക്കം പോയതായി തോന്നിയിട്ടുണ്ട്. പണാധിപത്യം അവരെയും വല്ലാതെ ബാധിച്ചിട്ടുണ്ട്.

പിന്നെ, ഗുരുവിന്റെ ജീവചിരിത്രം. അതൊരിക്കലും എസ്.എന്‍.ഡി.പി.യുടെ പ്രേരണകൊണ്ടോ അവരുടെ നയങ്ങളില്‍ നിന്നുകൊേണ്ടാ എഴുതിയതല്ല. ഞങ്ങളുടെയൊരു തലമുറയെ വളരെ ആഴത്തില്‍ സ്വാധീനിക്കാന്‍ ഗുരുവിനു കഴിഞ്ഞിട്ടുണ്ട്. എന്റെ വീട്ടില്‍ ഗുരു വന്നിട്ടുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ട്. അതൊക്കെ, ശരിക്കും പറഞ്ഞാല്‍ ഒരു അദ്ഭുതകഥ കേള്‍ക്കുന്നതുപോലെയാണു ഞങ്ങളൊക്കെ കേട്ടിട്ടുള്ളത.് യഥാര്‍ഥത്തില്‍ ഈ ഒരു സ്വാധീനമാണ് "നാരായണ ഗുരു സ്വാമി' എഴുതാന്‍ എന്നെ പ്രേരിപ്പിച്ചിട്ടുള്ളത് എന്ന് പറയാം.



എഴുത്തില്‍ രാഷ്ട്രീയം കടന്നുവരരുത് എന്ന ജാഗ്രത അങ്ങു പുലര്‍ത്തിയിരുന്നുവോ? നിരൂപണത്തില്‍ അങ്ങു പിന്‍തുടര്‍ന്നിരുന്ന രീതിയെക്കുറിച്ചു വിശദീകരിക്കാമോ?



അത്തരമൊരു ജാഗ്രത പുലര്‍ത്തിയിരുന്നോ എന്നെനിക്കറിയില്ല. സാഹിത്യ ബാഹ്യമായ വിഷയങ്ങളുടെ സ്വാധീനം നിരൂപണത്തില്‍ കടന്നുവരരുത് എന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. സാഹിത്യ നിരൂപണത്തില്‍ പ്രത്യേകമായ ഒരു രീതി പിന്തുടരാത്ത ഒരാളാണു ഞാന്‍ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നിരൂപണത്തില്‍ പ്രധാനമായും ശ്രദ്ധിക്കപ്പെടേണ്ട രണ്ടു കാര്യങ്ങളുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഒന്ന്- നിരൂപണം ചെയ്യുന്ന കൃതിയില്‍ അന്തര്‍ലീനമായിരിക്കുന്ന സൗന്ദര്യത്തെ വായനക്കാരനു കാട്ടിക്കൊടുക്കുക. രണ്ട് നിലവിലുള്ള സൗന്ദര്യശാസ്ത്രത്തെയും സൗന്ദര്യബോധത്തെയും പുതുക്കിപ്പണിയുക. ഈ രണ്ടു ഘടകങ്ങളില്‍ ഊന്നിയാണ് ഞാന്‍ നിരൂപണം നടത്താറുള്ളത്. ഈ രീതിയില്‍ നിരൂപണം നടത്തുന്ന നിരവധി പേര്‍ ഉണ്ടാവാം.

രാഷ്ട്രീയം സാഹിത്യബാഹ്യമായ ഒരു ഘടകമാണ്. അതുകൊണ്ടാണ് എന്റെ എഴുത്തില്‍ മുഖ്യധാരാ രാഷ്ട്രീയം കാണാത്തത്. വളരെ കൃത്യവും വ്യക്തവുമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളയാളാണ് ഞാന്‍. എന്നില്‍ അന്തര്‍ലീനമായ രാഷ്ട്രീയം എന്റെ എഴുത്തില്‍ ഉണ്ടുതാനും.



1940-കളിലാണല്ലോ മാഷിന്റെ യൗവനം. സ്വാതന്ത്ര്യസമരം കത്തിനില്ക്കുന്ന കാലം. സ്വാതന്ത്ര്യസമരവുമായി മാഷ് ബന്ധപ്പെട്ടിട്ടുേണ്ടാ?



രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ട മീറ്റിംഗുകളില്‍ പങ്കെടുക്കുകയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്യുക എന്നതിനപ്പുറത്ത് മറ്റൊരു തരത്തിലും സ്വാതന്ത്ര്യസമരവുമായോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായോ ബന്ധപ്പെട്ടിട്ടില്ല. ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചുപോയിരുന്നു. കൂടാതെ, കുടുംബത്തിലെ ഏക സന്താനവുമായിരുന്നു ഞാന്‍. ഇക്കാരണങ്ങളൊക്കെ അക്കാലത്തു നിലവിലിരുന്ന ദേശീയ പ്രസ്ഥാനങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും നേരിട്ടു ബന്ധപ്പെടുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്നു എന്നു പറയാം. അമ്മയെ സംരക്ഷിക്കാന്‍ ഞാനേ ഉള്ളൂ എന്നൊരു ബോധം അച്ഛന്റെ മരണശേഷം എനിക്കുണ്ടായിരുന്നു. അതും ഒരു കാരണമായിരുന്നിരിക്കാം.



വിഷാദച്ഛവി നിറഞ്ഞവയാണ് അങ്ങയുടെ ഒട്ടുമിക്ക കൃതികളും. എന്നാല്‍ ആ കൃതികള്‍ മൊത്തമായെടുക്കുമ്പോള്‍ വായനക്കാരന്് ശുഭാപ്തി വിശ്വാസം പകരുന്നു. ഇതെങ്ങെനയാണു സാധിക്കുന്നത്?



അത് എനിക്കു തോന്നുന്നത,് മനുഷ്യജീവിതത്തിന്റെ സ്ഥിതിഭാവം വിഷാദമാണ്. നമുക്കറിയാവുന്ന ഏറ്റവും ഉന്നതമായ സ്ഥാനത്തു നമ്മള്‍ എത്തിക്കഴിഞ്ഞാലും അതിലും കൂടിയ എന്തോ ഒന്ന് നമുക്കു നേടാനാവുമായിരുന്നു എന്ന ചിന്തയും അതു സൃഷ്ടിക്കുന്ന ഒരു വിഷാദവും നമുക്കുണ്ടാവും. വികാരങ്ങള്‍ എല്ലാം തന്നെ ഈ സ്ഥായീഭാവത്തില്‍ അധിഷ്ഠിതമാണ്. സന്തോഷമായാലും ശുഭാപ്തി വിശ്വാസമായാലും എല്ലാം. എത്ര വലിയ വിഷാദത്തിലായാലും എല്ലാം ശരിയാവുമെന്ന ശുഭാപ്തി വിശ്വാസമാണു നമ്മെ മുന്നോട്ടു നയിക്കുന്നത്. എന്റെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. അത് എന്റെ കൃതികളിലും പ്രതിഫലിക്കുന്നു, അത്രമാത്രം.



നിരൂപണസാഹിത്യത്തില്‍ മാഷിന്റെ മുന്‍തല മുറയില്‍പ്പെട്ട ജോസഫ് മുണ്ടശേരി, എം.പി.പോള്‍, കുട്ടികൃഷ്ണമാരാര്‍, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സാഹിത്യ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളെ എങ്ങെന വിലയിരുത്തുന്നു?



സമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്പിനും വളര്‍ച്ചയ്ക്കും വലിയ സംഭാവനകള്‍ നല്കാന്‍ കഴിയുന്നവരാണു സാഹിത്യകാരന്മാര്‍ എന്നു വിശ്വസിച്ചവാരാണ് കേസരിയും മുണ്ടശേിയും എം.പി.പോളുമൊക്കെ. അതുകൊണ്ടുതന്നെ എഴുത്ത് ഒരു ഉത്തരവാദിത്വപൂര്‍ണമായ പ്രവൃത്തിയാണ് എന്ന് അവര്‍ കരുതിയിരുന്നു. ആ അഭിപ്രായത്തോട് എനിക്കു വിയോജിപ്പില്ല. ഈ ചിന്ത അവരില്‍ രൂഢമൂലമായിരുന്നതുകൊണ്ടാവാം അവരുടെ എഴുത്തില്‍ പുരോഗമന സാഹിത്യചിന്തകളും രാഷ്ട്രീയവും കടന്നുവന്നത്. എന്റെ അഭിപ്രായത്തില്‍ മാരാര്‍ ഇവരില്‍ നിന്ന് ഒരല്പം വ്യത്യസ്തനായിരുന്നു. മാരാര്‍ സജീവ രാഷ്ട്രീയത്തോട് ഒരിക്കലും ആഭിമുഖ്യം കാണിച്ചിരുന്നില്ല.



മാരാരുടെ എഴുത്തിനെക്കുറിച്ച് അല്‍പം കൂടി വിശദീകരിക്കാമോ?



മാരാര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല എന്നു പറഞ്ഞല്ലോ. പക്ഷേ, അതൊരിക്കലും രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ഒരു പാര്‍ട്ടിയോടുമുളള വ്യക്തിപരമായ എതിര്‍പ്പുകൊണ്ടായിരുന്നില്ല. മാരാര്‍ അവസാനം സായി ഭക്തനാവുകയായിരുന്നല്ലോ. യാഥാസ്ഥിതികന്‍ എന്ന പുരോഗമന വാദികളുടെ വിമര്‍ശനത്തെ തിരുത്താന്‍ മാരാര്‍ ഒന്നും ചെയ്തില്ല എന്നതു വളരെ ശ്രദ്ധേയമാണ്. ഊര്‍ജ്ജസ്വലമായ ചിന്തകളും അനുപമമായ രചനാശൈലിയും മാരാരെ സമകാലികരായ എഴുത്തുകാരില്‍ നിന്നു വ്യത്യസ്തനാക്കി. മാരാരുടെ മാസ്റ്റര്‍ പീസുകളായ ഭാരതപര്യടനവും രാജാങ്കണവും വായിച്ചാല്‍ നമുക്കിതു തിരിച്ചറിയാനാവും. ഗാന്ധിയന്‍ ആശയങ്ങളോടുളള ആഭിമുഖ്യമാവാം മാരാരെ സായിഭക്തനാക്കിയത്.



നിരൂപണത്തില്‍ അങ്ങയുടെ സമകാലികരായ സുകുമാര്‍ അഴീക്കോട്, പി. കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരെ എങ്ങെനെ വിലയിരുത്തുന്നു?



സമകാലികരില്‍ പി. കെ. ബാലകൃ്ഷ്ണനെയാണ് ഞാന്‍ അധികം താത്പര്യത്തോടെ വായിച്ചിട്ടുളളത്.മലയാള സാഹിത്യത്തിലെ മികച്ച കൃതികളെ ഒരു സാധാരണ വായനക്കാരന്റെ വായനാ തലത്തിലേക്ക് ഇറക്കിക്കൊണ്ടുവരാന്‍ അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കഴിവുണ്ടായിരുന്നത് ബാലകൃഷ്ണനായിരുന്നു. പിന്നെ അഴീക്കോടിന്റെ സീതാകാവ്യവും പുരോഗമന സാഹിത്യത്തെ കുറിച്ചുളള എഴുത്തും ശ്രദ്ധിച്ചിട്ടുണ്ട്. അഴീക്കോടിന്റെ കൃതികളുടെ പ്രത്യേകത ആശയത്തിന്റെ വ്യക്തതയാണ്. വളരെ യുക്തിഭദ്രമായി കാര്യങ്ങള്‍ പറയാനുളള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. ഞാന്‍ പലവേദികളിലും പറഞ്ഞിട്ടുളളതു പോലെ, സാഹിത്യകാരന്‍ തന്റെ എഴുത്തില്‍ വച്ചുപുലര്‍ത്തുന്ന സനാതനമൂല്യങ്ങളിലൂടെയായിരിക്കണം സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടേണ്ടത്. അല്ലാതെ ഒരു നിമിഷാര്‍ധം കൊണ്ട് അസ്തമിച്ചു പോകുന്ന പത്രപ്രസ്താവനകളിലൂടെയല്ല. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതാണു സാമൂഹിക ഇടപെടല്‍ എന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരത്തില്‍ എഴുത്തുകാരനുണ്ടാവുന്ന ജനപ്രിയത താത്കാലിക പ്രതിഭാസം മാത്രമാണ്. സമൂഹത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങ ളാണുണ്ടാവേണ്ടത്. നിര്‍ഭാഗ്യവശാല്‍, പലപ്പോഴും ഉപരിപ്ലവമായ ഇടപെടലുകളാണുണ്ടാവുന്നത്.



സാഹിത്യവിമര്‍ശനത്തെയും സാംസ്കാരിക വിമര്‍ശനത്തെയും പരസ്പരം ബന്ധിപ്പിച്ച വ്യക്തിയാണല്ലോ എം. എന്‍ വിജയന്‍. അദ്ദേഹത്തിന്റെ ഇടപെടലുകളെ എങ്ങെനെ കാണുന്നു?



സത്യം തുറന്നു പറയാമല്ലോ എം. എന്‍ വിജയെന നിരൂപണം ചെയ്യാന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല. ഒരുപക്ഷേ എഴുത്തിലും പ്രസംഗത്തിലും എം എന്‍ വിജയന്‍ പിന്തുടര്‍ന്നിരുന്ന സമ്പ്രദായത്തോടുളള വിയോജിപ്പു കൊണ്ടാവാം. വിജയന്റെ പുസ്തകങ്ങള്‍ വായിച്ച് വിശദീകരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. വിജയന്റെ ഒരു കൃതിയും അടുക്കും ചിട്ടയോടും കൂടി എഴുതപ്പെട്ടതാണെന്ന് തോന്നിയിട്ടില്ല. അതു പലപ്പോഴും ചിന്ത നേരിട്ട് പകര്‍ത്തപ്പെട്ടതു കൊണ്ടുമാകാം. അടുക്കും ചിട്ടയോടും കൂടി നമുക്ക് ചിന്തിക്കാ നാവില്ലല്ലോ.



അങ്ങയുടെ പിന്‍തലമുറക്കാരായ കെ. പി അപ്പന്‍, വി. രാജകൃഷ്ണന്‍,ആഷാമേനോന്‍, ബി. രാജീവന്‍, വി. സി ശ്രീജന്‍, സച്ചിദാനന്ദന്‍, എം. തോമസ് മാത്യു തുടങ്ങിയവരുടെ രീതികള്‍ മാഷ് ശ്രദ്ധിച്ചിട്ടുണ്ടോ?



ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നത് വി രാജകൃഷ്ണനാണ്. തന്റെ ചിന്തകള്‍ക്ക് യുക്തിയുടെ പിന്‍ബലം നല്‍കിക്കൊണ്ട് രചന നിര്‍വഹിക്കാനുളള അനിതര സാധാരണമായ കഴിവ് രാജകൃഷ്ണനുണ്ട്.

തന്റെ നിലപാടുകളും വിശ്വാസങ്ങളും വളരെ കൃത്യവും സുവ്യക്തവുമായ ഭാഷയില്‍ എഴുതി പ്രതിഫലിപ്പിക്കുന്നയാളാണ് തോമസ് മാത്യു. ഒരു പക്ഷേ, മാരാരേയും പത്മനാഭേനയും വളരെ ആഴത്തില്‍ പഠിക്കുകയും വിശകലനം ചെയ്തിട്ടുളളത് തോമസ് മാത്യുവാണ്.

കെ പി അപ്പന്‍ എന്റെ ശിഷ്യനാണ്. മഹാരാജാസില്‍. പക്ഷേ, കെ പി അപ്പന്റെ ചിന്തകളും എഴുത്തും യുക്തിസഹമായിരുന്നതായി എനിക്കു തോന്നിയിട്ടില്ല. പിന്തുടരാന്‍ വളരെയേറെ പ്രയാസം നേരിട്ടുളള നിരൂപണരീതിയാണ് അപ്പന്റേത്.

ആഷാമേനോന്റെ രീതിയും അപ്പന്റേതിനോട്് വളരെ സാമ്യമുളള രീതിയാണ്. ആഷാമേനോനെ വായിക്കുമ്പോള്‍ പലപ്പോഴും വല്ലാത്തൊരു അവ്യക്തത ഫീല്‍ ചെയ്തിട്ടുണ്ട്.

പുതിയ തലമുറയിലെ വളരെ പ്രതീക്ഷ നല്‍കുന്ന നിരൂപകരാണ് ബി. രാജീവനും വി സി ശ്രീജനും. എഴുത്തില്‍ പുലര്‍ത്തുന്ന സുവ്യക്തതയാണ് ഇവരുടെ കൈമുതല്‍. മാര്‍ക്‌സിയന്‍ വിമര്‍ശന രീതി പിന്തുടരുന്നവരിലും പ്രമുഖരാണിവര്‍.

സച്ചിദാനന്ദന്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്. സച്ചിദാനന്ദന്റെ ലേഖനങ്ങള്‍ മനസിലാക്കാന്‍ അല്‍പം പ്രയാസമാണ്. എന്റെ ചിന്തയുടേയും അറിവിന്റേയും വായനയുടേയും പരിമിതിയാവാം ഇതിനു കാരണം.



നിരൂപണ സാഹിത്യത്തില്‍ എം കെ സാനുവിനെ എവിടെ പ്രതിഷ്ടിക്കാം?



അറിയില്ല. അങ്ങനെ എവിടെയെങ്കിലും പ്രതിഷ്ഠിക്കപ്പെടാന്‍ മാത്രം എന്തെങ്കിലും ചെയ്തതായി എനിക്കു തോന്നിയിട്ടില്ല. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുളളതു പോലെ എനിക്ക് ഏറ്റവും അജ്ഞാതനായ വ്യക്തി ഞാന്‍ തന്നെയാണ്.



എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ്, കേരള നിയമസഭാംഗം, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള ആളാണല്ലോ മാഷ്. അങ്ങയുടെ പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി സഫലമീ ജീവിതം എന്നു ഞങ്ങള്‍ നിരീക്ഷകര്‍ വിലയിരുത്തിയാല്‍ അങ്ങ് എങ്ങനെ പ്രതികരിക്കും?



പൂര്‍ണമായി ഒന്നിലും തൃപ്തി തോന്നിയിട്ടില്ല. ഞാനുള്‍പ്പെടുന്ന ഞങ്ങളുടെ തലമുറ ഏതാണ്ട് കാലഹരണപ്പെട്ടു കഴിഞ്ഞു എന്നു പറയാം. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുളള മേഖലകളെല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. അവിടെയൊക്കെ കാലത്തെ അതിജീവിക്കാന്‍ മാത്രം എന്തെങ്കിലും ചെയ്തിട്ടുളളതായി തോന്നിയിട്ടില്ല. ഞാന്‍ പലവേദികളിലായി ഇതിനു മുമ്പ് പറഞ്ഞിട്ടുളള ഒരു കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ചിന്തകളെ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ച് രചനാത്മകവും പുരോഗമനാത്മകവുമായ രീതിയില്‍ യുക്തി ഭദ്രതയോടു കൂടി നടത്തിയ എഴുത്തുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും മാത്രമേ കാലാന്തരങ്ങളെ അതിജീവിക്കുവാന്‍ കരുത്തുണ്ടാവുകയുളളൂ. എന്റെ ഇടപെടല്‍ ഇത്തരത്തിലായിരുന്നുവോ എന്ന് എനിക്ക് നിശ്ചയമില്ല.



ഏതാനും ബാലസാഹിത്യ കൃതികളും അങ്ങ് രചിച്ചിട്ടുണ്ടല്ലോ. അങ്ങയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുളളവരെ സംബന്ധിച്ച് വളരെ അത്ഭുതകരമാണ് അങ്ങ് ബാലസാഹിത്യവും രചിച്ചിട്ടുണ്ട് എന്നത്. എങ്ങനെ സാധിച്ചു ഇത്?



ആദ്യമായി ഞാന്‍ അധ്യാപകനാവുന്നത് ഒരു മിഡില്‍ സ്കൂളിലാണെന്ന് പറഞ്ഞല്ലോ. അവിടെ കുട്ടികളെ ഏതാണ്ട്് എല്ലാവിഷയങ്ങളും ഞാന്‍ പഠിപ്പിച്ചിരുന്നു. ആ അനുഭവം എനിക്കു തന്ന അറിവും കുട്ടികളുടെ ഭാഷയുമൊക്കെയാണ് ബാലസാഹിത്യ കൃതി എഴുതേണ്ടിവന്നപ്പോള്‍ കുട്ടികളുടെ ഭാഷ കൈകാര്യം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കിയത്.



കേരളത്തേയും മലയാളത്തേയും സംബന്ധിച്ചു പറഞ്ഞാല്‍ മഹാപുരുഷന്‍മാരുടെ കാലം കഴിഞ്ഞു പോയി എന്നു തോന്നുന്നുണ്ടോ? സാഹിത്യമേഖലയില്‍ ഇന്ന് അനാരോഗ്യകരമായ മത്സരങ്ങളും ഗോസിപ്പുകളും വിഴുപ്പലക്കലുകളും, സെന്‍സേഷണലിസ്റ്റ് എഴുത്തു കളുമാണ് ഉളളതെന്നു പറഞ്ഞാല്‍. എന്തു തോന്നുന്നു?



അത് ഒരു പരിധിവരെ ശരിയാണ്. ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ഞങ്ങളുടെ തലമുറയുടെ സര്‍ഗശേഷി അസ്തമിച്ചു കഴിഞ്ഞു. മൗലികവു സര്‍ഗാത്മകവുമായ ചിന്തകള്‍ കൊണ്ട് സമ്പന്നമായ കൃതികള്‍ ഇന്ന് ഉണ്ടാകുന്നില്ലെന്ന് തന്നെ പറയാം. ഇന്ന് പുറത്തിറങ്ങുന്ന മിക്ക കൃതികളും ചിന്തകളേയും ആശയങ്ങളേയും ആഴത്തില്‍ വിശകലനം ചെയ്യാതെ ഉപരിപ്ലവമായി പറഞ്ഞു പോവുകയാണ്. ഇന്ന് എഴുത്തുകാരന് എഴുത്ത് ബിസിനസു കൂടിയായി മാറുകയാണ്. അതുകൊണ്ടാണ് മത്സരങ്ങളിലേക്കും വിഴുപ്പലക്കലുകളിലേക്കും സെന്‍സേഷണലൈസേഷനുകളിലേക്കുമൊക്ക സാഹിത്യം എത്തിച്ചേരുന്നത്.



കാളിദാസ ശാകുന്തളത്തെക്കുറിച്ച് ഒരു നിരൂപണ ഗ്രന്ഥമെഴുതുക അങ്ങയുടെ ആഗ്രഹമായിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്്. ആ കൃതി ഇപ്പോഴും മനസിലുണ്ടോ?



കാളിദാസ ശാകുന്തളത്തെപ്പറ്റി മൂന്നു നാലു ലേഖനങ്ങള്‍ ഞാന്‍ എഴുതുകയുണ്ടായി. ആ കൃതി രചിക്കുന്നതിനു തടസമായി നില്‍ക്കുന്നത് എനിക്ക് സംസ്കൃത ഭാഷയില്‍ അറിവില്ല എന്നതാണ്.



ഇന്റര്‍നെറ്റും അനുബന്ധ സാങ്കേതിക വിദ്യകളും അറിവിന്റെ വലിയ വാതായനമാണല്ലോ തുറന്നിടുന്നത്. പണ്ട് പുസ്തകങ്ങള്‍ നല്‍കിയിരുന്ന അറിവുകള്‍ ഇന്ന് ഇന്റര്‍നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ മാറ്റത്തെ മാഷ് എങ്ങെന നോക്കിക്കാണുന്നു?

ഇന്റര്‍നെറ്റും കമ്പ്യൂട്ടറും എനിക്ക് അപരിചിതമാണ്. കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്ത ഒരാളാണു ഞാന്‍. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളോടും അറിവുകളോടും എനിക്ക് മതിപ്പു തോന്നിയിട്ടില്ല. അന്വേഷണ ത്വരയോടു കൂടി അന്വേഷിച്ച് കണ്ടെത്തുന്ന അറിവുകള്‍ ചിന്തക്കു നല്‍കുന്ന ഊര്‍ജ്ജം ഇന്റര്‍നെറ്റിലൂടെ കിട്ടുന്ന അറിവുകള്‍ നല്‍കുന്നില്ല എന്നു തന്നെയാണ് തോന്നിയിട്ടുളളത്.



ഇപ്പോള്‍ മാഷിന്റെ മനസിലുളള കൃതി?



നാടകത്തെ കുറിച്ച് സമഗ്രമായ ഒരു പഠന ഗ്രന്ഥം. തിയറിയാണ് ഉദ്ദേശിക്കുന്നത്. എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സാഹിത്യ ശാഖയും നാടകമാണ്. പ്രായക്കൂടുതല്‍ കാരണം എനിക്ക് ഇപ്പോള്‍ ദീര്‍ഘ നേരം വായിക്കാന്‍ കഴിയുന്നില്ല എന്നത് ഒരു പ്രശ്‌നമാണ്. കാഴ്ച അല്‍പം കുറഞ്ഞിട്ടുണ്ട്.

Saturday, September 25, 2010

കല്‍മാഡിയും കൂട്ടരും ഏതറ്റം വരെ ?

സന്ദീപ് സലിം
ലോക ക്രിക്കറ്റില്‍ ഇത് കോഴയുടെ സീസണാണ്. കോഴക്കളിയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല എന്ന് നമ്മള്‍ ആശ്വാസം കൊളളുകയായിരുന്നു. എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമുക്ക് ആശ്വാസം നല്‍കുന്നില്ലെന്ന് മാത്രമല്ല നമ്മെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. അഴിമതിയും അധികാരവടംവലിയും ഇന്ത്യന്‍ കായികരംഗത്തെ നാണക്കേടിന്റെ പടുകുഴിയിലേക്കാണ് തളളിയിട്ടിരിക്കുന്നത്.  ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ്  കാനഡയെ പിന്തള്ളി ഗെയിംസ് ഇന്ത്യയിലെത്തിക്കാന്‍ ശക്തമായി ഇടപെട്ട ഇന്ത്യന്‍ ഒളിമ്പിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ സുരേഷ് കല്‍മാഡി നായക സ്ഥാനത്തു നിന്നും വില്ലനിലേക്ക് മാറുന്ന കാഴ്ചയാണ് നാം കണ്ടത്.
  ഖജനാവില്‍നിന്ന് 35,000 കോടി ചിലവിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്ന കായിക മാമാങ്കം നടത്തുന്നത്്. വരുന്ന ഒക്ടോബര്‍ മൂന്നാം തീയതി ആരംഭിക്കേണ്ട ഗെയിംസില്‍ 74 രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് കല്‍മാഡിയും കൂട്ടരും പറഞ്ഞത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടും, തയ്യാറെടുപ്പുകള്‍ പൂര്‍ണമാകേണ്ട 2010 ജൂലായ് 31 കഴിഞ്ഞിട്ടും ഇപ്പോഴും ഏറെ ജോലികള്‍ ബാക്കിയാണത്രെ! കോമണ്‍ വെല്‍ത്ത് ഗെയിംസിലെ ഭാരോദ്വഹന മത്സരങ്ങള്‍ക്കായി 80 കോടി രൂപ ചിലവിട്ട് നിര്‍മിച്ച ഓഡിറ്റോറിയം കേന്ദ്ര കായിക മന്ത്രി എം.എസ്.ഗില്‍ കഴിഞ്ഞ ദിവസം ഉത്ഘാടനം ചെയ്തപ്പോള്‍ തന്നെ ചോര്‍ന്നൊ ലിക്കുകയായിരുന്നു. ഇതുകൊ|ും തീരുന്നില്ല ഗെയിംസ് വിശേഷങ്ങള്‍, പ്രധാനവേദിക്കു മുന്നിലെ നടപ്പാലം തകര്‍ന്നുവീണതിന്റെ പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ മേല്‍ത്തട്ടിന്റെ മൂന്നു ടൈലുകള്‍ ഇളകിവീണിരിക്കുന്നു. മാത്രമല്ല, ഗെയിംസ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബ്രിട്ടനിലെ മൂന്ന് മുന്‍നിര അത്‌ലറ്റുകള്‍കൂടി പിന്മാറി. ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ക്രിസ്റ്റീന്‍ ഒഹുറൗഗു, ലോക ട്രിപ്പിള്‍ ജംപ് ചാമ്പ്യന്‍ ഫിലിപ്പ് ഇഡോവു, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1500 മീറ്റര്‍ സ്വര്‍ണമെഡല്‍ ജേതാവ്  ലിസ ഡോബ്രിസ്കി എന്നിവരാണ് പിന്മാറിയത്.  ഡിസ്കസ് ത്രോ ലോകചാമ്പ്യന്‍ ഡാനി സാമുവല്‍സ് ചൊവ്വാഴ്ച പിന്മാറിയിരുന്നു. ട്രാക്കിലെ വേഗത്തിന്റെ രാജാവ് ഉസൈന്‍ ബോള്‍ട്ട് ഡല്‍ഹിക്കെത്തില്ലെന്ന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഗെയിംസ് വില്ലേജിലെ ഭക്ഷണം വായില്‍വയ്ക്കാന്‍ കൊളളില്ലെന്ന്   മലയാളികളടക്കമുള്ള കലാകാരന്മാര്‍ വ്യക്തമാക്കു ന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് വാസയോഗ്യമല്ലെന്ന പരാതി പരിഹരിക്കുന്നില്ലെങ്കില്‍ അത്‌ലറ്റുകളെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പ്രഖ്യാപിച്ചും കഴിഞ്ഞു.
    അഴിമതിയില്‍ അടിമുടി മുങ്ങിനില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയഉദ്യോഗസ്ഥ കൂട്ടുകെട്ട്, നമ്മുടെ രാജ്യത്തെ പാവപ്പെട്ടവന്റെ ചോര ഊറ്റിക്കുടിക്കു വാനുള്ള വഴിയായിട്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അസഹനീയമായ വിലക്കയ റ്റത്തിന്റെ കരാളഹസ്തങ്ങളില്‍പ്പെട്ടു പാവപ്പെട്ടവരും ഇടത്തരക്കാരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പോരാട്ടം നടത്തുന്ന രാജ്യമാണ് നമ്മുടേതെന്നിരിക്കെ, 55 ശതമാന ത്തിലേറെ അഷ്ടിക്കുവകയില്ലാത്ത ദരിദ്രര്‍ അധിവസിക്കുന്ന ഇവിടെ, 35,000 കോടി ചിലവിട്ട് മാമാങ്കം ആഘോ ഷിക്കുന്നവര്‍ക്ക് രഹസ്യഅജണ്ടകള്‍ ഏറെയുണ്ടെന്ന് കരുതാതെ വയ്യ. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന വ്യവസ്ഥിതിയുടെ അവിഭാജ്യ കണ്ണികളായ രാജ്യത്തെ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി ആളും അര്‍ത്ഥവും അധികാരവും ഉള്ള വരേണ്യവര്‍ഗം ഒത്തുകൂടി 20,000 കോടിയിലധികം രൂപ അടിച്ചുമാറ്റിക്കഴിഞ്ഞു.  അഴിമതിയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കോമണ്‍വെ ല്‍ത്ത് ഗെയിംസിന്റെ സംഘാടകസമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ഇപ്പോഴുയരുന്ന അഴിമതിയാരോപണങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ കല്‍മാഡിക്കാവുന്നില്ല. കല്‍മാഡിയുടെ അതിബുദ്ധിയി ലുദിച്ച ഇമെയില്‍ സന്ദേശം അദ്ദേഹത്തെ തിരിഞ്ഞു കൊത്തുകയും ചെയ്തു. ഇവിടെ കോട്ടം സംഭവിക്കു ന്നത് സംഘാടകരുടെ മാത്രമല്ല, സര്‍ക്കാരിന്റെ തന്നെ വിശ്വാസ്യതയ്ക്കും രാജ്യത്തിന്റെ അഭിമാനത്തിനുമാണ് കോട്ടംതട്ടുന്നത്. എഴുപത്തൊന്നു രാജ്യങ്ങളിലെ കായിക താരങ്ങള്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ അവരെ വേണ്ട പോലെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും നമ്മുടെ നാടിനു കഴിയണം. അത് ഏതൊരു ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. ആ അഭിമാന ത്തിനാണ് സംഘാടകരുടെ പിടിപ്പുകേടു മൂലം ക്ഷതം സംഭവിച്ചിരിക്കുന്നത്.
 ഗെയിംസിനായി ആദ്യം തയാറാക്കിയ ആകെചെലവിന്റെ ഇരട്ടിയിലധികം തുക ഇപ്പോള്‍ത്തന്നെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുടക്കിക്കഴിഞ്ഞതായാണ് പുറത്തുവന്നി രിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ നാലില്‍ മൂന്നു ഭാഗവും ദുര്‍വ്യയം ചെയ്യപ്പെടു കയായിരുന്നത്രെ. ഇത് വിരല്‍ ചൂണ്ടുന്നത് സംഘാടക സമിതിയുടെ പിടിപ്പുകേടിലേക്കും കെടുകാര്യസ്ഥതയിലേക്കുമാണ്. ഗെയിംസിന്റെ നടത്തിപ്പില്‍ തുടക്കം മുതലേ കാലതാമസം നേരിട്ടിരുന്നു വെന്നത് പകല്‍ പോലെ വ്യക്തമാണ്. ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രൈമറി  ബജറ്റ് തയാറാക്കി നല്‍കാന്‍തന്നെ നമുക്കു രണ്ടുവര്‍ഷം വേണ്ടിവന്നു. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കന്‍ വേണ്ടിവന്ന താവട്ടെ അഞ്ചുവര്‍ഷവും. ഇതെല്ലാം പോട്ടെ പൂര്‍ത്തിയാക്കിയ പണികള്‍ എന്തൊ ക്കെയാണെന്ന് ചോദിച്ചാല്‍ സംഘാടകസ മിതിക്ക് നല്‍കാന്‍ ഉത്തരമില്ല. ഗെയിസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ പാതിവഴിയിലെത്തിയിട്ടേയുളളൂ. മത്സരങ്ങള്‍ നടത്തേണ്ട സ്റ്റേഡിയങ്ങളുടെ പണികള്‍പോലും പൂര്‍ത്തിയായിട്ടില്ല. എസ്റ്റിമേറ്റ് തുകയുടെ ആറിരട്ടിയോളം തുക ചെലവാക്കിയിട്ടും പല പദ്ധതികളും  പൂര്‍ത്തിയാകാതെ കിടക്കുന്നു. ഇതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് അധികം അലയേണ്ടി വരില്ല. ചെലവാക്കിയ തുകയുടെ ചില കണക്കുകള്‍ ഉത്തരം കാട്ടിത്തരും. അതിങ്ങനെ; നാനൂറു രൂപ വിലയുള്ള ടിഷ്യൂ പേപ്പര്‍ വാങ്ങിയിരിക്കുന്നത് നാലായിരം  രൂപ കൊടുത്താണത്രെ. ഒരു കസേരക്ക് വാടക എണ്ണായിരം രൂപ. പതിനായിരം രൂപ വിലയുള്ള റെഫ്രിജറേറ്ററിന് വാടക നാല്‍പത്തി രണ്ടായിരം. ആയിരത്തറനൂറു രൂപ ഓപ്പണ്‍ മാര്‍കറ്റില്‍ വിലയുള്ള അഡിഡാസ് വിസിറ്റര്‍ വസ്ത്രങ്ങള്‍ നാലായിരം കൊടുത്താണ് വാങ്ങിയിരിക്കു ന്നത്. ഒരു ഹീലിയം ബലൂണിന് വാടക നാല് കോടി... കണക്കു നീ|ു പോകുന്നു.    ധൂര്‍ത്തും അഴിമതിയും തന്നെ.
  ഗെയിംസ് ആരംഭിക്കാന്‍ 11 ദിവസം മാത്രം ശേഷിക്കേ, കായിക താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ ഗെയിംസ് വില്ലേജിന്റെ നിലവാരം തീരെ കുറവാണെന്ന് കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് നമ്മള്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഒരുക്കങ്ങളുടെ പൊളളത്തരം വ്യക്തമാകുന്നത്. ഗെയിംസിന്റെ നടത്തിപ്പിനായുള്ള സെക്രട്ടറിതല സമിതിയുടെ അധ്യക്ഷന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിന് അയച്ച കത്തിലാണ് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്കല്‍ ഫെന്നല്‍, വില്ലേജ് താമസയോഗ്യമല്ലെന്ന ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഗെയിസിന്റെ മുഖ്യആകര്‍ഷണമാവുമെന്ന് സുരേഷ് കല്‍മാഡിയും സംഘവും വ്യക്തമാക്കിയിരു ന്ന നിരവധിതാരങ്ങളുടെ പിന്‍മാറ്റവും ഫെഡറേഷന്റെ കുറ്റപ്പെടുത്ത ലുമെല്ലാം കൂട്ടിവായിക്കു മ്പോള്‍ സംഘാടകര്‍ എത്രമാത്രം നിരുത്തരവാദ പരമാ യാണ് ഗെയിസിനെ സമീപിച്ചിരുന്നതെന്ന് മനസിലാവും.
    അഴിമതിയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ അത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ ദേശവിരുദ്ധ ശക്തികളുടെ അജണ്ടയുെണ്ടന്നാണ് സുരേഷ് കല്‍മാഡി പ്രതികരിച്ചത്. എന്നാല്‍, തുടരെത്തുടരെ അഴിമതി വാര്‍ത്തകള്‍ പുറത്തുവന്നതോടു കൂടി അന്വേഷണം നടത്താന്‍ കേന്ദ്രകായിക മന്ത്രാലയം നിര്‍ബന്ധിതരായി. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസ് സംഘാടക സമിതിയിലെ രണ്ട് അംഗങ്ങളെ പുറത്താ ക്കുകയും ചെയ്തു.  കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആഭ്യന്തര അന്വേഷണവും തുടങ്ങി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴേക്കും ഗെയിസ് പൂര്‍ത്തിയായിട്ടുണ്ടാവും. കൂടാതെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ശിപാര്‍ശയെത്തു ടര്‍ന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐയും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞു. ഈ അന്വേഷണങ്ങള്‍ ഗെയിംസി നു പിന്നില്‍ നടന്ന അഴിമതിയുടെ ചിത്രത്തിന കൂടുതല്‍ മിഴിവേകിയേക്കും.  ആരോപണങ്ങള്‍ അതിശക്തമായപ്പോള്‍ സംഘാടകസമിതിതന്നെ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുന്.
   ഗെയിംസുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തും അഴിമതി നടന്നതായാണ് സൂചന. ഗെയിംസിന്റെ മുന്നോടിയായി നടത്തിയ ക്വീന്‍സ് ബാറ്റണ്‍ റിലേയുടെ ലണ്ടനിലെ ഉദ്ഘാടനച്ചടങ്ങിന മുടക്കിയത് ചില്ലറത്തുകയൊന്നുമല്ല. നാലരലക്ഷം പൗണ്ടാണ്. ഇത് വെറു ആര്‍ഭാടമാ യിരുന്നുവെന്നും  അനാവശ്യ ചെലവായിരുന്നുവെന്നുമുളള വിമര്‍ശനത്തെ കുറിച്ച്  നടക്കുന്ന അന്വേഷണം ഇന്ത്യയ്ക്കു പുറത്തു നടന്ന അഴിമതിയുടെ കഥകള്‍ വെളിച്ചത്തു കൊണ്ടുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാം. എഎം എന്ന കമ്പ}ിക്കാണ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് ഇത്രയേറെ പണം നല്‍കിയത്. എന്നാല്‍ ബ്രിട്ടനില്‍ പോലും ആരും അറിയാത്ത ഈ കമ്പനിക്ക് എങ്ങനെ കരാര്‍ ലഭിച്ചു എന്ന് അന്വേഷിച്ചപ്പോള്‍ സംഘാടകസമിതി ചെയര്‍മാന്‍ കല്‍മാഡി പറഞ്ഞത് വീഡിയോ ഉപകരണങ്ങള്‍ വാങ്ങാനുളള കരാര്‍മാത്രമാണ് ഇവരുമായുളളതെന്നാണ്.   അതേസമയം എഎം കമ്പനിക്ക് ഇത്തരം ഉപകരണങ്ങളുടെ നിര്‍മാണവുമായോ വിതരണവുമായൊ യാതൊരുബന്ധവുമില്ല.  ഈ വിവരം പുറത്തുവന്നതോടെ കല്‍മാഡി പറഞ്ഞത് ബ്രിട്ടീഷ് ഹൈക്കമ്മീഷ്ണറുടെ ശുപാര്‍ശപ്രകാരമാണ് കമ്പനിയുമായി ബന്ധപ്പെട്ടതെന്നാണ്. ഈ വാദം ഹൈക്ക മ്മീഷന്‍ നിരാകരിച്ചതോടെയാണ് കല്‍മാഡി ഇ മെയിലുമായി രംഗപ്രവേശം ചെയ്തത്. അത് വ്യാജമാണെന്ന് തെളിയുക യും ചെയ്തു.  
   ഗെയിംസിന്റെ പേരില്‍  സംഘാടകര്‍ കോടികള്‍ കൊയ്തു കൂട്ടുമ്പോള്‍ ഗെയിംസിനു വേണ്ടി രാവും പകലും പണിയെടുക്കുന്ന നിര്‍മാണ തൊഴി ലാളികളെ എല്ലാവരും സൗകര്യപൂര്‍വം മറന്നു കളയുന്നു. ഗെയിംസിന്റെ നിര്‍മാണപ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ലക്ഷ്മിയെന്ന ഗര്‍ഭിണി യായ വനിത തൊഴിലാളി ഏതാനും ദിവസ ങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയുടെ ഹൃദയം എന്നു വിശേഷിക്കാ  വുന്ന കൊണാട്പ്‌ളേസില്‍   പ്രസവസമയത്ത്  വൈദ്യസഹായം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് മരിച്ച വാര്‍ത്ത ആരും ശ്രദ്ധിക്കാതെ പോയി. മരിച്ച ലക്ഷമിയുടെ മൃതദേഹം അവകാ ശികള്‍ എത്താത്തതിനെ തുടര്‍ന്ന പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്. ലജ്പത് നഗറിലെ അനാഥാലയത്തിലാണ് ലക്ഷമിയുടെ കുഞ്ഞിപ്പോള്‍ കഴിയുത്. ഇത് തൊഴിലാളികള്‍ അനുഭവിക്കുന്ന അവഗണനയുടേയും ദുരിതത്തിന്റെയും ചെറിയൊരുദാഹരണം മാത്രം.
   ആറുലക്ഷത്തോളം തൊഴിലാളികളാണ് കോമണ്‍വെല്‍ത്ത് ഗെയിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഉത്തരേ ന്ത്യന്‍ സംസ്ഥാന ങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്. അസംഘടിതരായ ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന കാര്യത്തില്‍ എല്ലാ തൊഴിലാളി സംഘടനകള്‍ക്കും എതിരഭിപ്രാ യമില്ല.
   ജോലികള്‍ കരാറിനെടുത്തിരുക്കുന്ന കരാറുകാരാണ് തൊഴിലാളികളേയും എത്തിക്കുന്നത്. ഭൂരിഭാഗം കരാറുകാരും ഒരു ദിവസം 100 രൂപയില്‍ താഴെയാണ് തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലി. വനിതകള്‍ക്കാകട്ടെ 60 രൂപയും. അതും 12 മണിക്കൂര്‍ ജോലി ചെയ്യുന്നതിന്.
   ഗെയിംസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ അവസ്ഥ അടിമകളുടേതിന് തുല്യമാണെന്ന് ഇന്ത്യയിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് തപന്‍സിന്‍ഹ ചൂണ്ടിക്കാട്ടി. വൃത്തിഹീനമായ മുറികളിലും അന്തരീക്ഷത്തിലും കഴിയേ|ണ്ടി വരുന്നത് തൊഴിലാളികളെ രോഗികളാക്കുന്നുവെന്ന് അവര്‍ക്കിടയില്‍ പ്രവര്‍ ത്തിക്കുന്ന സന്നദ്ധസംഘടനക കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നു.
    ഇത്രയും കോടി  മുടക്കി നടത്തുന്ന ഈ കായിക മാമാങ്കം  ശൈശവം കടന്നിട്ടില്ലാത്ത നമ്മുടെ കായികമേഖലയ്ക്ക് എന്തു ഗുണം ചെയ്യും എന്നു വിലയിരുത്തേണ്ട സമയംവളരെ അതിക്ര മിച്ചു കഴിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തി ക ടൂറിസം മേഖലകളില്‍ വന്‍കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുമെന്നു കരുതുന്ന ഇത്തരം മാമാങ്കങ്ങള്‍ക്കുവേണ്ടി മുടക്കുന്ന പണത്തിന്റെ തുച്ഛമായ ഭാഗം നമ്മുടെ  കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കു വിനിയോഗിക്കാന്‍ അധികാരികള്‍ മനസുകാണിച്ചാല്‍ വരുംതലമുറയക്ക് പങ്കുവയ്ക്കാന്‍ തങ്കലിപികളില്‍ എഴുതപ്പെ ടുന്ന ചരിത്രം സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍, കായികതാരങ്ങള്‍ക്ക് ശരിയായ പരിശീലനംനല്‍കാനുള്ള സാഹചര്യംപോലും ഒരുക്കാന്‍ നമുക്കാവുന്നില്ല. കായികതാരങ്ങള്‍ക്കു പകരം രാഷ്ട്രീയക്കാരും വന്‍കിട ബിസി}സുകാരും കളിക്കാനിറങ്ങുമ്പോള്‍ മണ്ണോടുചേരുന്നത് നമ്മുടെ രാജ്യത്തിന്റെ കായിക സംസ്കാരം തന്നെയായിരിക്കും.
     ഇനി കുറേക്കാലം പ്രതിപക്ഷവും മാധ്യമങ്ങളും 35,000 കോടി അഴിമതിയെപ്പറ്റി പ്രസംഗിക്കും,  പരമ്പരകളും ഫീച്ചറുകളും എഴുതും, പാര്‍ലമെന്റില്‍ വാക്കൗട്ട് നടത്തും.  പേരിന് ഒരു അന്വേഷണ കമ്മീഷന്‍, തീര്‍ന്നു. അവസാനം കോടികള്‍ അടിച്ചുമാറ്റിയവര്‍ സസുഖം വാഴും. പിന്നെ ഇക്കൂട്ടര്‍ പുതിയ പദ്ധതിയുമായി വരും.

Monday, September 20, 2010

അധ്വാനത്തിനുളള നോബല്‍ സമ്മാനം



സന്ദീപ് സലിം

ഇഷ്ട വിഷയം ആസ്വദിച്ചു പഠിക്കുക. കഴിയുന്നത്ര പഠിക്കുക. കഠിനാധ്വാനം ചെയ്യുക. കഠിനാധ്വാനത്തിനു പകരം വയ്ക്കാന്‍ ഇന്നുവരെ ഒന്നും കണ്ടെത്തിയിട്ടില്ല.'' പ്രഫ. ഫെരിദ് മുറാഡ്.
   സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇതുപറയുന്നത്. ശോചനീയമായ ഒരവസ്ഥയില്‍ നിന്ന് പ്രതിഭാശാലികളില്‍ത്തന്നെ ചുരുക്കം ചിലര്‍ക്കുമാത്രം എത്തിച്ചേരാന്‍ കഴിയുന്ന പദവിയിലെത്തിയ ആത്മാനുഭവാധിഷ്ഠിതമായ നിരീക്ഷണം.
"എന്റെ അച്ഛന്‍ ഹോട്ടല്‍ ഉടമയായിരുന്നു. ഹോട്ടലിന്റെ പിന്നിലായിട്ടായിരുന്നു ഞങ്ങളുടെ വീട്. ദിവസേന പതിനാറും പതിനെട്ടും മണിക്കൂര്‍ കഠിനമായി അധ്വാനിച്ചാണ് എന്റെ മാതാപിതാക്കള്‍ ഞാനുള്‍പ്പെടെയുളള മൂന്നു മക്കളെ വളര്‍ത്തിയത്. വളരെ ചെറുപ്പത്തില്‍ത്തന്നെ എനിക്ക് ഹോട്ടലില്‍ വെയിറ്ററുടെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അവിടെ നിന്നാണു കഠിനാധ്വാനത്തിന്റെ വില ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മാതാപിതാക്കള്‍ എനിക്കു നല്കിയ ഏറ്റവും വലിയ അറിവും അതുതന്നെയാണ്...."
   ഇതുപറയുന്ന ഫെരിദ് മുറാഡ് ആരാണ്? പാരിസ്ഥിതിക സന്തുലനത്തിന് ഭീഷണി ഉയര്‍ത്തുന്ന, വില്ലന്‍ രാസവസ്തു എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിച്ച, നൈട്രിക്  ഓക്‌സൈഡിന് മനുഷ്യശരീരത്തിലുളള പ്രാധാന്യം ശാസ്ത്രലോകത്തിന് കാട്ടിക്കൊടുത്ത വൈദ്യശാസ്ത്രകാരന്‍. ഈ കണ്ടെത്തലിന് 1998 ല്‍ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.
      വാഹനങ്ങളും വലിയ ഫാക്ടറികളും പുറംതളളുന്ന നൈട്രിക് ഓക്‌സൈഡ് ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും നൈട്രിക് ഓക്‌സൈഡ് കാരണമാകുന്നു. ഇതൊക്കെയാണ് നൈട്രിക് ഓക്‌സൈഡിനെ വില്ലനാക്കിയത്. ഇങ്ങ}െ കരുതപ്പെട്ടിരുന്ന നൈട്രിക് ഓക്‌സൈഡി}് ശരീരകോശങ്ങളിലെ സംവേദനത്തില്‍  സുപ്രധാന പങ്കുവഹിക്കാനു|െന്നു ലോകത്തെ അറിയിച്ചത് മുറാഡാണ്. ഈ കണ്ടുപിടിത്തത്തില്‍ മുറാഡിനൊപ്പമുണ്ടായിരുന്ന റോബര്‍ട്ട് എഫ് ഫുച്ച്‌ഗോട്ട്, ലൂയി ജെ ഇഗ്നാറോ എന്നിവരും അദ്ദേഹത്തോടൊപ്പം നൊബേല്‍ സമ്മാനത്തിന് അര്‍ഹരായി. നിര്‍ജീവമാക്കപ്പെട്ട കോശങ്ങളെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍വരെ കഴിവുളള കണ്ടുപിടിത്തമാണ് മുറാഡും കൂട്ടരും നടത്തിയത്. അതിലൂടെ പക്ഷാഘാതം, മസ്തിഷ്കാഘാതം,  സ്മൃതിനാശം തുടങ്ങിയ ശാരീരിക അവസ്ഥകളെ തരണം ചെയ്യാന്‍ ഇന്നു നമുക്കു കഴിയുന്നു.നൈട്രിക് ഓക്‌സൈഡിന്റെ ജീവശാസ്ത്രപരമായ പ്രാധാന്യം കണ്ടെത്തുക വഴി  കോടിക്കണക്കിന് ജനങ്ങളുടെ ജീവനാണ് സംരക്ഷിക്കപ്പെട്ടത്. ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍, മസ്തിഷ്ഘാതം, സ്മൃതിനാശം, പക്ഷാഘാതം, സെറിബ്രല്‍ ഹെമറേജ്, മാനസിക വൈകല്യങ്ങള്‍ തുടങ്ങി നിരവധിപ്രശ്}ങ്ങള്‍ക്കു നൈട്രിക് ഓക്‌സൈഡ് ഇന്നു മരുന്നാണ്. അല്‍ബേനിയന്‍ സ്വദേശി ജാബിര്‍ മുറാഡ് ഇജുപിയുടെയും അമേരിക്കക്കാരി ഹെന്‍്‌റിറ്റാ ബോമാന്റെയും മൂത്തമകനായി 1936 സെപ്റ്റംബര്‍ 14നാണ് മുറാഡിന്റെ ജനനം. ഹോട്ടല്‍ ബിസിനസിലെ വരുമാനത്തിലൂടെ മുറാഡിന്റെ അച്ഛന്‍ ഒരു സത്രം തുടങ്ങി. വാടകക്കാരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് അമ്മയായിരുന്നു. വാടകക്കാര്‍ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാല്‍ അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്കിയിരുന്നതും അവരെ ശുശ്രൂഷിച്ചിരുന്നതും മുറാഡിന്റെ അമ്മയാണ്. സഹായത്തിനായി മുത്തശിയുമുണ്ടായിരുന്നു. അമ്മയുടെ  ഈ രോഗീശുശ്രൂഷയാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മുറാഡിനെ വൈദ്യശാസ്ത്രം ഐച്ഛികവിഷയമായെടുക്കാന്‍ പ്രേരിപ്പിച്ചത്.
     വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടുക എന്നതിനപ്പുറം വൈദ്യശാസ്ത്ര ഗവേഷകനെന്ന നിലയിലേക്ക് മുറാഡ് നയിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരമിങ്ങനെ: "എന്റെ അച്ഛന് കേടായ ഉപകരണങ്ങള്‍ നന്നാക്കുന്നതില്‍ അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. അച്ഛനോടൊപ്പം നടന്ന് ഇതു കണ്ടു പഠിക്കാന്‍ അവസരം ലഭിച്ചതാണ് വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍്ക്ക് എന്നെ പ്രേരിപ്പിച്ച സുപ്രധാന ഘടകം.''
    അതിസൂക്ഷ്മമായ നിരീക്ഷണപാടവമാണ് മുറാഡിനെ ലോകപ്രശസ്ത}ായ ഗവേഷകനാക്കിമാറ്റിയത്. തന്റെ സ്കൂള്‍ പഠനകാലത്ത്്, ജീവിതത്തില്‍ ആയിത്തീരാന്‍ ആഗ്രഹിക്കുന്ന മൂന്നു പ്രഫഷനുകളെക്കുറിച്ച് ലേഖനം എഴുതാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം എഴുതിയത് ഡോക്ടര്‍, അധ്യാപകന്‍, ഫാര്‍മസിസ്റ്റ് എന്നിവരെക്കുറിച്ചായിരുന്നു. എന്നാല്‍ കാലവും കഠിനാധ്വാനവും മുറാഡിനെ ഈ മൂന്നു മേഖലയിലും വ്യക്തി മുദ്രപതിപ്പിക്കാന്‍ പ്രാപ്തനാക്കി.
    തന്റെ പ്രഫഷനെക്കുറിച്ച് ചോദിക്കുമ്പോള്‍ എഴുപത്തിനാലാം വയസിലും അദ്ദേഹം ആവേശഭരിതനാവുന്നു: "വ്യാഖ്യാനം ചെയ്യാനുളള കഴിവോ ഗവേഷണ സാധ്യതയുളള വിഷയങ്ങളോ സര്‍വകലാശാലാ സിലബസുകളോ ഒന്നുമല്ല ഗവേഷകനെ ത്രസിപ്പിക്കുന്നത്. മറിച്ച് ഗവേഷണമെന്നതു ജീവിത ശൈലിയാണ്. ഗവേഷണത്തോട് നാം വച്ചുപുലര്‍ത്തുന്ന മനോഭാവവുമാണു പ്രധാ}ം. ഇന്നലെ വരെ ഉ|ാക്കിയ നേട്ടങ്ങളെക്കുറിച്ചോര്‍ത്ത് പുളകംകൊളളുകയും വാചാലനാവുകയും ചെയ്യാറുണ്ട്, സത്യമാണ്. ഗവേഷണശാലയില്‍ കയറുമ്പോള്‍, പ്രസംഗവേദിയില്‍ മൈക്കിനു മുമ്പില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ ഗവേഷകന്റെ മേലങ്കി എടുത്തണിയുന്നു. അല്ലാത്തപ്പോള്‍ ഞാന്‍ ലോകത്തിലെ കോടിക്കണക്കിന് സാധാരണ മനുഷ്യരില്‍ ഒരാള്‍ മാത്രമാണ്. ഇഷ്ടപ്പെട്ട വിഷയം എനിക്ക് മതിവരുവോളം പഠിക്കാന്‍ കഴിഞ്ഞു. ക്ഷമിക്കണം, ഇപ്പോഴും പഠിച്ച് മതിവന്നിട്ടില്ല''.
   ഗവേഷണങ്ങളുടേയും പരീക്ഷണങ്ങളുടേയും തിരക്കുകള്‍ക്കിടയിലും സൗഹൃദങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വിലകല്പിക്കുന്ന വ്യക്തിയാണ് മുറാഡ്. തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ ചിത്രങ്ങളില്‍ വളരെ തെളിമയുളളത് സുഹൃത്ത് റൊണാള്‍ഡ് ഡെലിസ്മണിന്റേതാണ്. "റൊണാള്‍ഡ് എന്റെ ബാല്യകാല സുഹൃത്താണ്. നഴ്‌സറി സ്കൂളില്‍ തുടങ്ങുന്നതാണ് ഞങ്ങളുടെ സൗഹൃദം. അന്നു മുതല്‍ എല്ലാകാര്യങ്ങളിലും ഞങ്ങള്‍ പരസ്പരം മത്സരിക്കുമായിരുന്നു. പഠനത്തില്‍, ചെസ്സില്‍, ഫെന്‍സിംഗില്‍, സ്‌പോര്‍ട്‌സില്‍, അങ്ങനെ എല്ലാകാര്യങ്ങളിലും. അവന്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായി. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് റിട്ടയര്‍  ചെയ്തു. ഇന്നും ഞങ്ങള്‍ പഴയ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. അറുപത്തി ഏഴുവര്‍ഷമായി തുടരുന്ന സൗഹൃദം.  അവന്റെ ജോലി ഔദ്യോഗിക രഹസ്യങ്ങള്‍ നിറഞ്ഞതാണ്. ബോംബര്‍ വിമാനങ്ങളെക്കുറിച്ചും യുദ്ധ തന്ത്രങ്ങളെക്കുറിച്ചും മറ്റും. അത്തരംകാര്യങ്ങള്‍ അവന്‍ ഒരിക്കലും എന്നോടു സംസാരിച്ചിരുന്നില്ല. അതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ അവന്‍ പറയുക അതു നിന്നോടു പറഞ്ഞാല്‍ എനിക്കു നിന്നെ കൊല്ലേണ്ടിവരുമെന്നാണ്.''.
   1965-ല്‍ മാസച്ചൂസെറ്റ്‌സിലെ ജനറല്‍ ഹോസ്പിറ്റലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ സാധിച്ചതാണ് മുറാഡിനെ മെഡിക്കല്‍ ഗവേഷകന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം. മുതിര്‍ന്ന ഡോക്ടര്‍മാരും വൈദ്യശാസ്ത്ര ഗവേഷകരുമായി സൗഹൃദം സ്ഥാപിക്കാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും മുറാഡിന് അങ്ങ}െ അവസരം ലഭിച്ചു. അലക്‌സ് ലീഫ്, ഡാന്‍ ഫെഡര്‍മാന്‍, ഫ്രാങ്ക് ഓസ്റ്റിന്‍, കെന്‍ ഷൈന്‍ തുടങ്ങി നിരവധി പ്രമുഖരോടൊപ്പം  പ്രവര്‍ത്തിക്കാന്‍ ജനറല്‍ ഹോസ്പിറ്റലിലെ ഇന്റേണ്‍ഷിപ്പ് കാലത്ത് സാധിച്ചു. അവിടെ നിന്നു ലഭിച്ച പരിചയവും അറിവുമാണു തന്നെ ഗവേഷകനാക്കിയതെന്ന് മുറാഡ് വ്യക്തമാക്കുന്നു. ജനറല്‍ ഹോസ്പിറ്റലിലെ ജോലിക്കിടയില്‍, മുറാഡ് തനിക്ക് ചെയ്യാന്‍ കഴിയുന്ന പരീക്ഷണങ്ങളുടെ ലിസ്റ്റും വിശദാംശങ്ങളും അടങ്ങിയ നോട്ട് ബുക്ക് തയാറാക്കിയിരുന്നു. ഈ നോട്ടുബുക്കാണു തനിക്കു ശാസ്ത്രജ്ഞന്‍ എന്ന പേരുനേടിത്തന്നതെന്ന് മുറാഡ് ഓര്‍ക്കുന്നു.
   പിന്നീട് 1967-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തില്‍ ക്ലിനിക്കല്‍ അസോസിയേറ്റായി ചേരുകയും മൂന്നു വര്‍ഷക്കാലം ഗവേഷണവും മറ്റുമായി അവിടെ തുടരുകയും ചെയ്തു. അക്കാലത്താണ് മുറാഡ് തന്റെ കരിയറിലെ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നത്. പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയില്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റ് പ്രഫസറായി പ്രവര്‍ത്തിക്കാനുളള അവസരം ലഭിച്ചു. 1993-ല്‍  മോളിക്യുലര്‍ ജെറിയാട്രിക് കമ്പനി എന്ന പേരില്‍ അദ്ദേഹം പുതിയൊരു ബയോടെക് കമ്പനി രൂപവത്കരിച്ചു. എന്നാല്‍ സാമ്പത്തിക പ്രശ്}ത്തെത്തുടര്‍ന്ന് അദ്ദേഹം 1997 ഏപ്രിലില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ പുതിയതായി രൂപവത്കരിച്ച ബേസിക് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെയര്‍മാനായി ചേര്‍ന്നു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിനു കീഴിലുളള ദ ബ്രൗണ്‍ ഫൗണ്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോളിക്യുലര്‍ മെഡിസിനില്‍ പ്രഫസറാണ്. ഇവിടെ മുറാഡിനു കീഴില്‍ ഇരുപതിലേറെ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുന്നുണ്ട്.
    നോബല്‍ സമ്മാനം തനിക്ക് കൂടുതല്‍ സാമൂഹികബന്ധങ്ങള്‍ നേടിത്തന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാര നേട്ടത്തെത്തുടര്‍ന്ന് ജീവിതം കൂടുതല്‍ തിരക്കു പിടിച്ചതായിത്തീര്‍ന്നിരിക്കുന്നു. }ൊബേല്‍ നേടിയതിനു ശേഷമുളള കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലധികം മൈല്‍ദൂരം താന്‍ യാത്രചെയ്തു കഴിഞ്ഞതായി മുറാഡ് വ്യക്തമാക്കുന്നു. പ്രഭാഷണത്തിനും സംവാദത്തിനുമായി എഴുപതിലേറെ രാജ്യങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചു.
 നൈട്രിക് ഓക്‌സൈഡിന് മ}ുഷ്യ കോശങ്ങളിലെ ആശയവിനിമയത്തിനുളള പ്രാധാ}്യത്തെ ക്കുറിച്ച് അയ്യായിരത്തോളം പഠനങ്ങളും ലേഖനങ്ങളും മുറാഡ് തയാറാക്കിയിട്ടു|്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം 1.2 ലക്ഷത്തിലധികം ഗവേഷണ ലേഖ}ങ്ങളുടെയും പതിനഞ്ചിലേറെ മരുന്നു കമ്പനികളുടെയും ഉത്ഭവത്തിന് കാരണമായി.
      കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ കേരളം വളരെ ഹൃദ്യമായി അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ ഭാഗമായി സ്കൂള്‍കുട്ടികളുമായി നടത്തിയ സംവാദത്തിനു ശേഷം അദ്ദേഹം പറഞ്ഞത് കുട്ടികളുമായി സംവദിക്കുക എന്നത് വളരെ പ്രയാസമാണ്, അവരുടെ സംശയങ്ങള്‍ക്കു ശരിയായി ഉത്തരം പറയാനുളള അറിവ് തനിക്കില്ല എന്നാണ്. എന്നാല്‍ അവരോട് സംവദിക്കുമ്പോള്‍ തന്റെ പ്രായം കുറയുന്നതായി തോന്നാറുണ്ടെന്നും മുറാഡ് പറഞ്ഞു.
"യുവത്വം ഫലപ്രദമായി ആഘോഷിക്കാനുള്ളതാണ്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ട്, കഠിനാധ്വാനം ചെയ്തു കൊണ്ട്്, ജീവിതം  ആസ്വദിക്കുക. സ്വന്തം കരിയറിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഒരിക്കലും സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെടുത്തിക്കളയരുത്. സ്വന്തം നേട്ടങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്നതോടൊപ്പം, സമൂഹത്തിന് എന്തു നല്കാന്‍ കഴിഞ്ഞു എന്നും നാം ചിന്തിക്കണം. എന്നെക്കാള്‍ പ്രഗത്ഭരായ നിരവധി ആളുകള്‍ നടത്തിയ പരീക്ഷണങ്ങളാണ് ഈ ക|ുപിടിത്തങ്ങളിലേക്ക് എന്നെ നയിച്ചത് അവരെ ലോകം അറിയാതെ പോയിട്ടുണ്ട്. എന്റെ ഈ നേട്ടം അവര്‍ക്കു കൂടി അവകാശപ്പെട്ടതാണ്. ഞാനൊരു ഡോക്ടര്‍ ആയിരുന്നുവെങ്കില്‍ എനിക്ക് ആയിരക്കണക്കിന് രോഗികളെ സഹായിക്കാമായിരുന്നു. ഞാനൊരു ശാസ്ത്രഗവേഷകനായതുകൊണ്ട് എനിക്ക് കോടിക്കണക്കിന് ജനങ്ങളെ സഹായിക്കാന്‍ സാധിക്കുന്നു. ഈ ചിന്തയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഗവേഷകനായതു മൂലം എനിക്കു നഷ്ടപ്പെട്ടു പോയ നിരവധി കാര്യങ്ങളുണ്ട്. അവയെക്കുറിച്ചുളള ദു:ഖം ഉരുക്കിക്കളയാന്‍ മാത്രം കരുത്ത് ഈ ചിന്ത എനിക്കു നല്‍കുന്നുണ്ട്''. പുതിയ തലമുറയോട് മുറാഡ് പറഞ്ഞുവച്ചു.
     1958-ലായിരുന്നു മുറാഡിന്റെ വിവാഹം. അധ്യാപികയും സ്‌പെയിന്‍കാരിയുമായ കരോള്‍ ആന്‍ ലിയോപോള്‍ഡാണു ഭാര്യ. ഇരട്ടകള്‍ ഉള്‍പ്പെടെ അഞ്ചുമക്കളാണ് മുറാഡ്- കരോള്‍ ദമ്പതികള്‍ക്കുളളത്.

Thursday, September 2, 2010

ഫിലോമിന പറയുന്നു മദര്‍തരേസ ഇന്നും ജീവിക്കുന്നു

                                                             ഫിലോമിന


എന്റെ നാലാം വയസു മുതല്‍ മദര്‍ തെരേസയെ കണ്ടു തുടങ്ങിയതാണ്. മദറിന്റെ ജീവിതം വളരെ തൊട്ടടുത്ത് നിന്ന് കാണാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ലഭിച്ച വലിയ ദൈവാനുഗ്രഹമാണ്. കഞ്ഞിക്കുഴി ഇറഞ്ഞാലിലെ കല്‍ക്കട്ട വീട്ടിലിരുന്ന് ഇതു പറയുമ്പോള്‍ ഫിലോമിന സൈമണിന്റെ മുഖത്ത് അപൂര്‍വ ഭാഗ്യത്തിന്റെ തിളക്കമുണ്ടായിരുന്നു.

മദറുമായുളള ബന്ധം തുടങ്ങുന്നത്


ഞാന്‍ കാണുമ്പോള്‍ മദര്‍ പ്രശസ്തയൊന്നുമായിട്ടില്ല. ഏകദേശം അമ്പത് വയസുണ്ടായിരുന്നിരിക്കും. എനിക്ക് നാലോ അഞ്ചോ വയസുണ്ടാവും. അന്ന് നോബല്‍ സമ്മാനമോ ഭാരതരത്‌നമൊ ഒന്നും മദറിന് ലഭിച്ചിട്ടുമില്ല. മദര്‍ സ്ഥാപിച്ച ആദ്യത്തെ സ്കൂള്‍ ഞങ്ങളുടെ വീടിന്റെ മുറ്റത്തായിരുന്നു. കല്‍ക്കട്ട ലോവര്‍സര്‍ക്കിളിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞങ്ങളുടെ വീടിന് വലിയ മുറ്റമുണ്ടായിരുന്നു. 1952ലാണ് എന്റെ അച്ഛന്‍ റബര്‍ വ്യാപാരവുമായി കല്‍ക്കട്ടയിലെത്തുന്നത്. ഒരു ദിവസം കുറെ കന്യാസ്ത്രികള്‍ കുറച്ചു തെരുവുകുട്ടികളുമായി ഞങ്ങളുടെ വീട്ടിലെത്തി അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുകയുണ്ടായി. അക്കൂട്ടത്തില്‍ ഒരു മലയാളി സിസ്റ്ററുമുണ്ടായിരുന്നു. സ്റ്റെല്ലാ എന്നായിരുന്നു അവരുടെ പേര്. മറ്റൊരുദിവസം അവര്‍ പറഞ്ഞു അവരുടെ മദറിന് ഞങ്ങളെ കാണണമെന്ന്. എന്റെ അച്ഛനും അമ്മയും മദറിനെ കാണുകയുണ്ടായി. പോരാന്‍ നേരം മദര്‍ ആവശ്യപ്പെട്ടത് ഞങ്ങളുടെ വീട്ടുമുറ്റത്ത് തെരുവുകുട്ടികള്‍ക്കു വേണ്ടി ഒരു സ്കൂള്‍ തുടങ്ങാനുളള അനുവാദമാണ്. അങ്ങനെയാണ് ഞങ്ങളുടെ മുറ്റത്ത് സ്കൂള്‍ ആരംഭിക്കുന്നത്.

പിന്നീട് നിരവധി തവണ മദര്‍ ഞ്ഞളുടെ വീട്ടില്‍ വരുമായിരുന്നു. അക്കാലത്ത് ഇന്നത്തേതുപോലുളള വാഹന സൗകര്യങ്ങളൊന്നുമില്ലായിരുന്നു. എന്റെ അച്ഛന് ഒരു ഫിയറ്റ് കാറുണ്ടായിരുന്നു. അച്ഛനാണ് മദറിനേയും കൊണ്ട് സഞ്ചരിച്ചിരുന്നതെന്ന് പറയാം. പിന്നെ മദറിനെകാണാനായി എത്തിയിരുന്ന പലര്‍ക്കും താമസ സൗകര്യമൊരുക്കിയിരുന്നതും ഞ്ങ്ങളുടെ വീട്ടിലായിരുന്നു. എന്റെ സഹോദരന്‍ പോളിന് ലുക്കീമിയ ബാധിച്ചപ്പോള്‍ മദറിന്റെ പ്രാര്‍ഥനാ സഹായം ഞങ്ങള്‍ക്ക് വലിയൊരു താങ്ങായിരുന്നു. എന്റെ വിവാഹം കഴിഞ്ഞ വളരെ ദീര്‍ഘകാലം കുട്ടികളില്ലായിരുന്നു. മദറിന്‍ വലിയ പ്രാര്‍ഥനയിലൂടെയാണ ദൈവം എനിക്ക് കുട്ടികളെ നല്‍കിയത്. മദര്‍ ഒപ്പിട്ട മദറിന്റെ പെയിംന്റിംഗും, മദറിന്റെ കൊന്തയും, മദര്‍ ഉപയോഗിച്ചരുന്ന കാറും, സോഫയും, മരണ സമയത്ത് മദര്‍ ഉപയോഗിച്ചിരുന്ന സാരിയുടെ ഭാഗവും നിധിപോലെ ഞങ്ങളിന്നും സൂക്ഷിക്കുന്നുണ്ട്.


മദറിനെ കുറിച്ച് ചോദിച്ചാല്‍ ആദ്യം ഓര്‍മയില്‍ വരുന്ന കാര്യം

ഞാന്‍ പറഞ്ഞല്ലോ മദറിന്റെ സ്കൂള്‍ ഞങ്ങളുടെ വീട്ടിലായിരുന്നെന്ന്. അന്ന് കുട്ടികളുടെ ഒരു ബഹളമായിരുന്നു. ഒച്ചവെച്ചും ഓടിയും ചാടിയും കളിക്കുന്ന കുട്ടികളെ നിയന്ത്രിക്കാനായി സിസ്‌റ്റേഴ്‌സ് വഴക്കുപറയുമായിരുന്നു. എന്നാല്‍ അത് മദറിന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. കുട്ടികളുടെ നൈസര്‍ഗികമായ താത്പര്യങ്ങളും സന്തോഷങ്ങളും അവരുടെ അവകാശമായിരുന്നു എന്ന് വിശ്വസിച്ചിരുന്നയാളായിരുന്നു മദര്‍. കുട്ടികളെ വഴക്കുപറഞ്ഞതിന്റെ പേരില്‍ സിസ്റ്റേഴ്‌സിനെ മദര്‍ വഴക്കുപറയുമായിരുന്നു. ഇതൊക്കെ കുട്ടിയായിരുന്ന എനിക്ക് മദറിനോട് വല്ലാത്തൊരടുപ്പം നല്‍കി.


മദറിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത

മദറിനെ എല്ലാവരുടേയും മദറാക്കിയത്്് ലാളിത്യവും ത്യാഗമനോഭാവവുമാണ്. വളരെ പെട്ടന്ന് പ്രശസ്തിയും അവാര്‍ഡുകളും മദറിനെ തേടിവന്നിട്ടും അവയില്‍ ഒരിക്കലും അഹങ്കരിക്കാത്തയാളായാരുന്നു മദര്‍. മാത്രവുമല്ല തനിക്ക് ലഭിച്ച പ്രശസ്തിയും പുരസ്കാരങ്ങളും തന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് മദര്‍ ഉപയോഗിച്ചത്്. അചഞ്ചലമായ വിശ്വാസവും പ്രാര്‍ഥനയുമാണ് മദറിനെ ഏറ്റവും വലിയ മൂലധനം. എത്രമാത്രം അധപധിച്ച ആളുകളോടും അടുത്ത് ഇടപഴകാന്‍ മദറിന് ഒരു മടിയുമുല്ലായിരുന്നു. ഏതൊരു പരിഷ്കൃത സമൂഹവും അവജ്ഞയോടും വെറുപ്പോടും മാത്രം കണ്ടിരുന്ന മദ്യപാനികളോടും മയക്കുമരുന്നിന് അടിമപ്പെട്ടവരോടും തെരുവു വേശ്യകളോടും കുഷ്ടരോഗികളോടും മദറിന് പ്രത്യേക പരിഗണനയുണ്ടായിരുന്നു. കുട്ടികളോടു മദറിനുണ്ടായിരുന്ന സ്‌നേഹം അനന്തമായിരുന്നു. ത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉത്തമ മാതൃകയാണ് മദര്‍. അവിഹിത ഗര്‍ഭം ധരിച്ച വേശ്യകള്‍ പ്രസവിക്കുന്നതിനുളള ഒരിടം തേടി മദറിന്റെ അടുക്കല്‍ വരുമായിരുന്നു. പ്രസവശേഷം പലരും മടങ്ങിപ്പോയിരുന്നു. അവരുടെ കുട്ടികള്‍ മദറിന്റെ അടുക്കല്‍ സുരക്ഷിതരായിരുന്നു. പിന്നീട് കാലങ്ങള്‍ക്ക് ശേഷം വഴിവിട്ട ബന്ധത്തില്‍ പശ്ചാത്തപിച്ച് മടങ്ങിയെത്തിയവരുടെ മുന്നിലും മദര്‍ വാതില്‍ തുറന്നിട്ടിരുന്നു. ഇതിന്റെ പേരില്‍ സമൂഹത്തില്‍ പലരും മദറിനെ അവഹേളിിക്കാനും പരിഹസിക്കാനും തയാറായിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും തന്റെ നിയോഗത്തില്‍ നിന്നും മദറിനെ പിന്തരിപ്പിച്ചില്ല.


ലാളിത്യവും മനുഷ്യ സ്‌നേഹവും പ്രസംഗത്തില്‍ മാത്രം ഒതുക്കാനുളളതല്ലെന്നും ്അത് ജീവിതചര്യയാണെന്നും തന്റെ ജീവിതം കൊണ്ട് ലോകത്തിന് കാട്ടിക്കൊടുത്തയാളാണ് മദര്‍. ഇവ മരണം വരെ കൈമോശം വരാതെ കൊണ്ടുപോകാന്‍ മദറിന് കഴിഞ്ഞു. 1974 ലാണ് മദര്‍ കേരളത്തില്‍ വരുന്നത്. അന്നും എന്റെ അച്ഛനായിരുന്നു മദറിന് സൗകര്യങ്ങള്‍ ചെയ്തു കൊടുത്തത്. മദറിന് വലിയസെറ്റപ്പില്‍ താമസിക്കാനും സഞ്ചരിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ലാതിരുന്നിട്ടും ഞങ്ങളുടെ കൊച്ചു വീട്ടില്‍ തങ്ങാനാണ് മദര്‍ ആഗ്രഹിച്ചത്. ഇവിടെയും എന്റെ അച്ഛന്‍ തന്നെയായിരുന്നു മദറിന്റെ ഡ്രൈവര്‍. യാത്രക്കിടയില്‍ തട്ടുകടകളില്‍ നിന്നും കട്ടന്‍ കാപ്പി കുടിക്കുന്ന മദറിന്റെ ചിത്രം ഇന്നും ലോകത്തിന് അപരിചിതമാണ്.



കല്‍ക്കട്ടയില്‍ കലാപം രൂക്ഷമായിരുന്ന കാലത്തെ മദറിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ?


ഓ അത് എനിക്ക് കേട്ടറിവുകളാണുളളത്. അടിയുറച്ച ദൈവ വിശ്വാസവും പ്രാര്‍ഥയും ഒരു മനുഷ്യന് എത്രമാത്രം ആത്മധൈര്യം നല്‍കും എന്നതിനുളള പ്രത്യക്ഷ ഉദാഹരണമാണ് അക്കാലത്ത് മദര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍. കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഭയം മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചിരുന്ന സമയത്തും കലാപബാധിത തെരുവുകളിലൂടെ മദര്‍ തന്റെ തുണി സഞ്ചിയും തൂക്കി ഒരു ഭയവും കൂടാതെ ഇറങ്ങി നടന്നിരുന്നു. കലാപത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ചിരുന്നു. കലാപകാരികള്‍ പോലും മദറിനെ കണ്ടപ്പോള്‍ ആയുധങ്ങള്‍ താഴെയിട്ട് കൈകൂപ്പി നിന്നിരുന്നു. നിരവധിപേര്‍ കലാപത്തില്‍ നിന്നും പിന്തിരിയുകയും ചെയ്തിരുന്നു.



മിഷണറീസ് ഓഫ് ചാരിറ്റിയെ കുറിച്ച്



മദര്‍ ഇന്നും ജീവിക്കുന്നത് മദറിന്റെ പാതയിലൂടെ നടക്കുന്ന അനുയായികളാണ്. ഇന്ന് അവര്‍ ലോകത്തിലെല്ലായിടത്തുമുണ്ട്. മദര്‍ തെരേസയുടെ തന്നെ വാക്കുകളില്‍ വിശക്കുന്നവരെയും നഗ്‌നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആര്‍ക്കും വേണ്ടാതെ ആരാലും സ്‌നേഹിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ സമൂഹത്തില്‍ കഴിയുന്ന എല്ലാവരെയും പരിചരിക്കുക എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൗത്യം. അത് ഇവര്‍ കൃത്യമായി പാലിക്കുന്നു. ആ പ്രവര്‍ത്തനങ്ങളിലൂടെ മദര്‍ ഇന്നും ജീവിക്കുന്നു.





1980ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നം'

1979 ഡി.ല്‍ ഓസ്‌ളോയില്‍വച്ച് മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍സമ്മാനം

പോപ് ജോണ്‍ തതകകക പുരസ്കാരം

ജോസഫ് കെന്നഡി ജൂനിയര്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്

സ്വീഡനിലേയും ഭാരതത്തിലേയും തപാല്‍ വകുപ്പ് മദറിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പുകളിറക്കി

1962 ജനു. 26ലെ റിപ്പബ്ലിക് ദിനത്തില്‍ 'പദ്മശ്രീ'

രമണ്‍ മഗ്‌സാസെ അവാര്‍ഡ്്്്

അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡ്്്

Friday, August 20, 2010

നേതാജി: ചരിത്രത്തിന്റെ പിടികിട്ടാപ്പുളളി

സന്ദീപ് സലിം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നക്ഷത്രമായ നേതാജി സുഭാഷ് ചന്ദ്രബോസ് ലോകത്തിന്റെ കണ്‍മുന്നില്‍ നിന്നു മറഞ്ഞിട്ട് 65 വര്‍ഷമാകുന്നു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഐതിഹ്യപുരുഷനായിത്തീര്‍ന്ന ആ സമര നായകന്‍, തന്റെ തിരോധാനത്തിലൂടെ കൂടുതല്‍ ഐതിഹ്യങ്ങള്‍ സൃഷ്ടിച്ചു. 1945 ഓഗസ്റ്റ് 18ന്ു തായ്്‌വാനില്‍ ഉണ്ടായതായി പറയപ്പെടുന്ന വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവോ എന്നതും സ്വതന്ത്ര ഇന്ത്യയില്‍ അദ്ദേഹം ജീവിച്ചുവോ എന്നതും 25 വര്‍ഷം മുമ്പ് ഫൈസാബാദില്‍ അന്ത്യശ്വാസം വലിച്ച ഭഗവന്‍ജി എന്ന സന്യാസി അദ്ദേഹമായിരുന്നോ എന്നതും ഉത്തരത്തിലെത്താത്ത കടംകഥകളായി ശേഷിക്കേ അദ്ദേഹം ഐതിഹ്യപുരുഷനായിരിക്കുന്നതില്‍ അദ്ഭുതമില്ല. എന്നാല്‍ വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ കൊണ്ടു മാത്രമല്ല, വ്യക്തമായ ജീവിത ചിത്രങ്ങള്‍ കൊണ്ടുകൂടിയും ഇതിഹാസമായിത്തീര്‍ന്ന വ്യക്തിയാണു സുഭാഷ്ചന്ദ്രബോസ്. ഐ.സി.എസ് എന്ന ഉയര്‍ന്ന പദവി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയ അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം സ്മരിക്കപ്പെടുന്ന ഏതുകാലഘട്ടത്തേയും ആവേശമാണ്.


""സ്വാതന്ത്യത്തിനുവേണ്ടിയുളള അ}്വേഷണം അന്തമില്ലാത്തതാണ്.സദാ സര്‍വ്വത്ര ജാഗ്രതയോടിരിക്കേണ്ടതുണ്ട്. സുഭാഷിന്റെ രീതികളോട് നാം യോജിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ദേശഭക്തി തീവ്രതരമായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനാവാത്തതായിരുന്നു. സമുദ്രങ്ങളും ഭൂഖണ്ഡങ്ങളും താണ്ടി തന്റെ ലക്ഷ്യപ്രാപ്തിക്കായി സുഭാഷ് നടത്തിയ വീരസാഹസിക യത്‌നങ്ങളും രാജ്യത്തെ സേവിക്കാനും അതിനെ സ്വതന്ത്രമാക്കാനുമുള്ള അദ്ദേഹത്തിന്റെ അഭിലാഷവും വീരസാഹസിക കര്‍മ്മങ്ങളോടുള്ള പ്രതിപത്തിയും മാതൃരാജ്യത്തിനുവേണ്ടി അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ അദ്ദേഹം കാട്ടിയ വിപദിധൈര്യവും എല്ലാം ഇന്ത്യാചരിത്രത്തിന്റെ അംശങ്ങളാണ്''. മുന്‍ ഇന്ത്യന്‍ പ്രസിഡന്റും തത്വശാസ്ത്രജ്ഞനുമായ എസ്്്. രാധാകൃഷ്ണന്റെ ഈ വാക്കുകള്‍ മതി നേതാജിയുടെ മഹത്ത്വം മനസിലാക്കാന്‍. ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനശൈലിയിലൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്് പദവി വരെ അദ്ദേഹമെത്തി. മഹാത്മാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്ത്യ വിടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ആയിരക്കണക്കിനു ചെറുപ്പക്കാരുടെ ആവേശമായി ഐ. എന്‍. എ രൂപീകരിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം സ്മരിക്കപ്പെടുന്ന ഏതുകാലത്തേയും ആവേശമാണ്. വിപ്‌ളവകാരികള്‍ക്ക് വഴികാട്ടിയായി ഇന്നും ആ നക്ഷത്രം പ്രകാശിച്ചുകൊണ്ടിരിക്കുന്നു.


ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23}ായിരുന്നു സുഭാഷിന്റെ ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസും അമ്മ പ്രഭാവതിയും. ജാനകീ നാഥബോസ് മഹാത്മാഗാന്ധിയുടെ വിശ്വസ്തനായ അനുയായിയായിരുന്നു. ജാനകീനാഥബോസ് 1912-ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പതിമൂന്നു മക്കളില്‍ ഒന്‍പതാമനായിരുന്നു സുഭാഷ്. കട്ടക് ഇംഗ്ലീഷ് സ്കൂളിലായിരുന്നു സുഭാഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. 1913-ല്‍ മെട്രിക്കുലേഷനും 1915-ല്‍ ഇന്റര്‍മീഡിയറ്റും 1920 ല്‍ ഐ. സി. എസും പാസായി. ബ്രിട്ടനിന്‍ നിന്നാണ് ബോസ് ഐസിഎസ് പാസായത്.

1921 ജൂലൈയില്‍ ഐസിഎസ് പ0നം പൂര്‍ത്തിയാക്കി ബോസ് ബോംബെയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു. മടങ്ങിയെത്തിയ ഉടന്‍ ഗാന്ധിജിയെ ചെന്നു കണ്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനുളള തന്റെ ആഗ്രഹം അറിയിക്കുകയാണു ബോസ് ചെയ്തത്. ദേശബന്ധു ചിത്തരഞ്ജന്‍ ദാസിനെ ചെന്നു കാണാനായിരുന്നു ഗാന്ധിജിയില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശം.


കോളജ് വിദ്യാഭ്യാസകാലത്ത് സ്വാമി വിവേകാനന്ദന്റെ ജീവിതരീതിയും ആദര്‍ശങ്ങളും പിന്തുടരാന്‍ യത്‌നിച്ച സുഭാഷ് പിന്നീട് തന്റെ ഐ. സി. എസ് ഉപേക്ഷിച്ച്്് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനോടു പൂര്‍ണമായി യോജിക്കാതിരുന്ന സി. ആര്‍. ദാസ്്് കല്‍ക്കട്ട നാഷണല്‍ കോളജ് പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുക്കാനാണു ബോസിനോട് ആവശ്യപ്പെട്ടത്. ആ പദവിയില്‍ എത്തിയെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കണം എന്ന തന്റെ ആഗ്രഹത്തെ നിയന്ത്രിക്കാന്‍ ബോസിന് കഴിഞ്ഞില്ല. പ്രിന്‍സിപ്പല്‍ പദവി രാജിവച്ച് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1927 ല്‍ ബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പദവിയിലുമെത്തി. കോണ്‍ഗ്രസിന്റെ മദ്രാസ് സമ്മേളനത്തില്‍ ജവഹര്‍ലാല്‍നെഹ്‌റുവിനോടൊപ്പം ബോസും പങ്കെടുക്കുകയുണ്ടായി.


നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ ബോസ് 1930 ല്‍ അറസ്റ്റ്്് ചെയ്യപ്പെട്ടു. തടവില്‍ രോഗബാധിതനായ അദ്ദേഹത്തെ ചികിത്സാര്‍ഥം വിയറ്റ്‌നാമിലേക്ക് അയയ്ക്കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. വിയറ്റ്്്‌നാമിലെത്തിയെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ നേടാനാണ് അദ്ദേഹം ശ്രമിച്ചത്. തിരികെ മുംബൈയില്‍ വന്നപ്പോള്‍ ബോസ്്് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.


1938 ല്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലെത്തി. എന്നാല്‍ തന്റെ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കാതെ പോകുന്നതില്‍ ബോസ് നിരാശനായിരുന്നു. താമസിയാതെ പാര്‍ട്ടിയിലെ അന്തഃഛിദ്രങ്ങള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. മഹാത്മഗാന്ധിയുമായിയുള്ള അഭിപ്രായ വ്യത്യാസം മൂലം ഒടുവില്‍ ബോസിന് രാജിവയ്‌ക്കേണ്ടി വന്നു.

പ്രസിഡന്റ് പദവി ഒഴിഞ്ഞ് സ്വതന്ത്രനായി പുറത്തു വന്ന അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ നിലപാടുകളിലൂടെ സ്വാതന്ത്ര്യം നേടുക വളരെ ദുഷ്കരമാണെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് സായുധ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടുക എന്ന ആശയത്തിലേക്ക് ബോസ് എത്തുന്നതും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്‌ളോക്ക് എന്ന സംഘടന രൂപവത്കരിക്കുന്നതും. അതോടെ അദ്ദേഹം പൂര്‍ണമായും കോണ്‍ഗ്രസില്‍ നിന്നു പുറത്തായി എന്നു തന്നെ പറയാം.


സമരങ്ങളുടെ പേരില്‍ ബ്രിട്ടീഷുകാര്‍ ബോസിനെ വീണ്ടും തടവിലാക്കി. എന്നാല്‍ ഇത്തവണ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബോസ് പ്രത്യക്ഷ സമര പരിപാടികളില്‍ നിന്നൊഴിഞ്ഞ് ഒളിവില്‍ പോകുകുകയാണുണ്ടായത്. രഹസ്യമായി അദ്ദേഹം സോവ്യറ്റ് യൂണിയനിലേക്കു കടന്നു. പിന്നീട് 1941-ല്‍ ജര്‍മനിയിലേക്കും പോയി. ബെര്‍ലിനില്‍ കഴിയുന്ന കാലത്ത് അവിടത്തെ ഇന്ത്യക്കാരാണ് ബോസിന് നോതാജി എന്ന വിശേഷണം നല്‍കിയത്.


1943 ജനുവരി 26 ന് ഇന്ത്യന്‍സ്വാതന്ത്ര്യ ദിനമായി അദ്ദേഹം ബെര്‍ലിനില്‍ ആഘോഷിക്കുകയുണ്ടായി. അതേവര്‍ഷം തന്നെ അദ്ദേഹം ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റി.

രാണ്ടാം ലോക മഹായുദ്ധത്തില്‍് ബ്രിട്ടനെതിരേ യുദ്ധം ചെയ്യാന്‍ ഭാരതീയനായ തനിക്കു കടമയുണ്ടെന്ന് അദ്ദേഹം കരുതി. അതിനായി അദ്ദേഹം സോവ്യറ്റ് യൂണിയന്റെയും ജര്‍മനിയുടെയും ജപ്പാന്റെയും സഹായം തേടി. ജപ്പാന്റെ സഹായത്തോടെ അദ്ദേഹം ഐഎന്‍എ(ഇന്ത്യന്‍ നാഷണല്‍ ആര്‍മി) രൂപവത്കരിച്ചു. എന്നാല്‍ യുദ്ധത്തില്‍ ജപ്പാനും ജര്‍മനിയും പരാജയപ്പെട്ടത് ബോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയായി.

1945 ജൂലൈയില്‍ സിംഗപ്പൂരില്‍ വിളിച്ചു ചേര്‍ത്ത ഐ.എന്‍.എ. സൈനികരുടെ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് അദ്ദേഹം ചരിത്ര പ്രസിദ്ധമായ. "ചലോദില്ലി' എന്ന മുദ്രാവാക്യമുയര്‍ത്തി. ""ഡല്‍ഹിയിലേക്കുള്ള പാതകള്‍ പലതാണ്. എങ്കിലും നമ്മുടെ ലക്ഷ്യം എപ്പോഴും ഡല്‍ഹി തന്നെ. ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യും, അധികം വൈകാതെ.'' അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 16ന് അദ്ദേഹം സിംഗപ്പൂരില്‍ നിന്ന് ജപ്പാന്റെ ബോംബര്‍ വിമാനത്തില്‍ ബാങ്കോക്കിലേക്കു യാത്രതിരിച്ചു. കേണല്‍ ഹബീബുര്‍ റഹ്മാന്‍, പ്രീതം സിംഗ്, എസ്.എ. അയ്യര്‍ എന്നിവരും ബോസിനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ബാങ്കോക്കില്‍ വച്ച് വിവിധ രാജ്യങ്ങളുടെ തലവന്‍മാരുമായി കൂടിക്കാഴ്ചയ്ക്കുശേഷം പിറ്റേദിവസം ഒരു ചെറുവിമാനത്തില്‍ റഹ്മാനും നേതാജിയും തായ്‌ലന്‍ഡ് സര്‍ക്കാരിലെ പ്രമുഖരുമായി രഹസ്യകൂടിക്കാഴ്ചയ്ക്കായി സെയ്‌ഗോണിലേക്ക് പുറപ്പെട്ടു. അതിനു ശേഷം നേതാജിയെക്കുറിച്ച് വിവരമൊന്നുമില്ല. അത് അദ്ദേഹത്തിന്റെ അവസാനയാത്രയായിരുന്നു. വൈകുന്നേരം അഞ്ചേകാല്‍ മണിക്ക് തായ്‌പെയ്ക്കടുത്ത് വിമാനം തകര്‍ന്നു വീണെന്നും പരിക്കേറ്റ ബോസ് തായ്‌പേയിയിലെ സൈനികാശുപത്രിയില്‍ രാത്രി എട്ടുമണിയോടെ അന്ത്യശ്വാസം വലിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ പറയുന്നു.


ഡല്‍ഹി ആസ്ഥാനമായിട്ടുള്ള സംഘടനയായ 'മിഷന്‍ നേതാജി' സുഭാഷ് ചന്ദ്രബോസിന്റെ മരണ കാരണം വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് 2008 ജനുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ രേഖകളുടെ പകര്‍പ്പുകള്‍ അവര്‍ക്ക് നല്‍കി.


ബോസിന്റെ മരണത്തിലെ ദുരൂഹതകളെക്കുറിച്ചന്വേഷണം നടത്തിയ എല്ലാ അന്വേഷണക്കമ്മീഷനുകളും ഇക്കാര്യം ആവര്‍ത്തിക്കുന്നു. 1956-ല്‍ പ്രധാനമന്ത്രി നെഹ്‌റു ബോസിന്റെ മരണത്തെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ഏര്‍പ്പെടുത്തി. മേജര്‍ ജനറല്‍ ഷാനവാസ് ഖാന്‍, നേതാജിയുടെ സഹോദരനായ സുരേഷ് ചന്ദ്രബോസ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ചീഫ് കമ്മീഷണര്‍ എസ്.എന്‍. മൈത്ര എന്നിവര്‍ അംഗങ്ങള്‍. നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്നു തന്നെ ഷാനവാസും മൈത്രയും അഭിപ്രായപ്പെട്ടു. എന്നാല്‍ സുരേഷ് ചന്ദ്രബോസ് യോജിച്ചില്ല. വിവാദം വീണ്ടും തുടര്‍ന്നു. 1970-ല്‍ പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.ഡി. ഖോസ്ല ഏകാംഗമായി ഒരു കമ്മീഷനെ നിയമിച്ചു. നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്ന് കമ്മീഷനും സ്ഥിരീകരിച്ചു. 'വിമാന ത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ സീറ്റി}ു സമീപത്ത് ഒരു ഇന്ധന ടാങ്ക് ഉണ്ടായിരുന്നു. വിമാനം പൊട്ടിത്തെറിച്ചപ്പോള്‍ ടാങ്ക് തകര്‍ന്ന് ഇന്ധനം സുഭാഷ് ചന്ദ്രബോസിന്റെ വസ്ത്രത്തില്‍ പടര്‍ന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള കൗണ്ടര്‍ ഇന്‍റജിലന്‍സ് രേഖ പറയുന്നു. മാരകമായി പൊള്ളലേറ്റ് സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്നാണ് നിഗമനം.

ബോസിന്റെ മരണത്തെക്കുറിച്ചു വിവരം നല്‍കിയത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും സഹയാത്രികനുമായിരുന്ന ഹബീബ് ഉര്‍ റഹ്മാനാണ്. ബോസിന്റെ ജീവചരിത്രം രചിച്ച ഒരു ചരിത്രകാരന്‍ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്: ""ഓഗസ്റ്റ് 17-നു വൈകിട്ടു അഞ്ചേകാല്‍ മണിക്ക് വിമാനം പറന്നുയര്‍ന്നു. "ജയ്ഹിന്ദ് നമുക്ക് പിന്നീട് കാണാം' എന്ന് സഹപ്രവര്‍ത്തകരോടു പറഞ്ഞുകൊണ്ടാണ് ബോസ് വിമാനത്തില്‍ കയറിയത്. തായ്‌പേയ് അടുക്കാറായപ്പോള്‍ വിമാനം തകര്‍ന്നു വീണു. അതിന്റെ മുന്‍ഭാഗം തെറിച്ചു പോയി. വിമാനം അഗ്നിക്കിരയായി. "മുന്‍ഭാഗത്തുകൂടി പുറത്തു ചാടിക്കൊളളൂ; പിന്‍പില്‍ കൂടി ഇറങ്ങാന്‍ വഴിയില്ല'. എന്ന് ബോസ് റഹ്മാനോടു പറഞ്ഞു. നേതാജിയുടെ വസ്ത്രങ്ങള്‍ക്കു തീപിടിച്ചു. അദ്ദേഹം കാക്കി വേഷമാണ് അണിഞ്ഞിരുന്നത്. കേണല്‍ റഹ്മാന്‍ നേതാജിയെ പുറത്തെടുത്തു .തറയില്‍ കിടത്തി. അദ്ദേഹത്തിന്റെ ശിരസില്‍ ഇടതു ഭാഗത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു. നെറ്റിപൊളളി കരുവാളിച്ചിരുന്നു. മുടി മുഴുവന്‍ കരിഞ്ഞുപോയി. മുറിവില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുകയായിരുന്നു, റഹ ്മാന്‍ ഒരു കൈലേസ് കൊണ്ട് മുറിവ് പൊതിഞ്ഞുകെട്ടി. പരിക്കേറ്റ മറ്റുളളവരോടൊപ്പം നേതാജിയെ തായ്‌പെയിയിലുളള സൈനികാശുപത്രിലേക്ക്‌കൊണ്ടു പോയി. ആശുപത്രിയിലെ ഡോക്ടര്‍ യോഷിമിയാണ് നേതാജിയെ ചികിത്സിച്ചത്. നേതാജിയുടെ സ്ഥിതി വളരെ മോശമാണെന്നും വെളുക്കും മുമ്പ് അന്ത്യം സംഭവിച്ചേക്കുമെന്നും ഡോക്ടര്‍ മുന്‍കൂട്ടി പറഞ്ഞിരുന്നു . രാത്രി ഏഴര മണിക്ക് നേതാജിയുടെ സ്ഥിതി വഷളായി എന്ന് ഡോക്ടര്‍ക്ക് വിവരം ലഭിച്ചു. അദ്ദേഹം വീണ്ടും നേതാജിയെ പരിശോധിച്ചു. അദ്ദേഹത്തിന്റെ നാഡിമിടിപ്പ് കുറഞ്ഞു കുറഞ്ഞു വന്നു. എട്ടുമണിയോടുകൂടി മഹത്തായ ആ ജീവിതത്തിനു തിരശ്ശീലവീണു.''

നേതാജിയുടെ മരണത്തെക്കുറിച്ചു കേണല്‍ റഹ്മാന്റെ വിവരണങ്ങള്‍ കെട്ടുകഥയാണെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ലീഗിലെയും ഐ.എന്‍.എയിലെയും പലരും അഭിപ്രായപ്പെട്ടതോടെയാണ് അതു പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നതും അന്വേഷണക്കമ്മീഷനുകള്‍ രൂപീകരിക്കുന്നതും.എന്നാല്‍ നേതാജി വീണ്ടും ചരിത്രത്തിന്റെ പിടികിട്ടാപ്പുളളിയായി മാറാന്‍ കാരണം 1999 മെയ് 14-നു വാജ്‌പേയി സര്‍ക്കാര്‍ നിയമിച്ച മനോജ് കുമാര്‍ മുഖര്‍ജിയുടെ ചില വെളിപ്പെടുത്തലുകളാണ്. മുഖര്‍ജിക്കമ്മീഷന്‍ റിപ്പോര്‍ട്ട്് സര്‍ക്കാര്‍ തളളിക്കളഞ്ഞെങ്കിലും "നേതാജി മരിച്ചു, പക്ഷേ അത് വിമാന അപകടത്തിലല്ല' എന്ന റിപ്പോര്‍ട്ടിലെ ഭാഗം സത്യമാണെന്നു വലിയൊരുവിഭാഗം ആളുകള്‍ വിശ്വസിക്കുന്നു.

അതി}ൊരു കാരണം ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ജീവിച്ചിരുന്ന ഭഗവന്‍ജി എന്ന സന്യാസിയാണ്. നേതാജിയാണു താനെന്നു സ്വകാര്യ സംഭാഷണത്തില്‍ അവകാശപ്പെട്ട ഭഗവന്‍ജിക്ക് നേതാജിയുമായി നിരവധി സാദൃശ്യങ്ങളുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഡോട്ട് കോം കണ്ടെത്തുകയുണ്ടായി. സുഭാഷ് ചന്ദ്രബോസ് തന്നെയാണ് ഭഗവന്‍ജി എന്നു സൂചിപ്പിക്കുന്നതാണു് ഹിന്ദുസ്ഥാന്‍ ടൈംസ്‌ഡോട്ട്‌കോമിന്റെ റിപ്പോര്‍ട്ട്. ബോസിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തിയ മുഖര്‍ജി ഒരു അഭിമുഖത്തില്‍ ഭഗവന്‍ജി നേതാജിയാണെന്നാണ് തന്റെ വിശ്വാസമെന്ന് തുറന്നു പറയുകയും ചെയ്തു.

1985 സെപ്റ്റംബറില്‍ അന്തരിച്ച ഭഗവന്‍ജിയുടെ ജീവിതവും പ്രവര്‍ത്ത}ങ്ങളും ദുരൂഹത നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം വളരെ രഹസ്യം നിറഞ്ഞതായിരുന്നെന്ന് അദ്ദേഹത്തിന്റെ ശിഷ്യര്‍ തന്നെ വ്യക്തമാക്കുന്നു. വളരെ അപൂര്‍വമായി മാത്രമേ അദ്ദേഹം തന്റെ മുറിയില്‍ നിന്നു പുറത്തു വന്നിരുന്നുളളു. അനുയായികളോടു സംസാരിച്ചിരുന്നതു പോലും തിരശീലയുടെ പിന്നില്‍ ഇരുന്നു കൊണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസാണു താനെന്നു ചിലരോടു മാത്രം അദ്ദേഹം പറഞ്ഞു. അദ്ദേഹം എവിടെനിന്നു വന്നുവെന്നോ തങ്ങള്‍ കാണും മുമ്പ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്നോ ശിഷ്യര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല.


ഭഗവന്‍ജിയും നേതാജിയും ഒരാളാണെന്നു പറയുന്നവര്‍ പല തെളിവുകളും നിരത്തുന്നു.

1) നേതാജിയുടേതിനു സമാനമായ വട്ടക്കണ്ണടയും സ്വര്‍ണവാച്ചും ഭഗവന്‍ജിക്കുമുനായിരുന്നു.(1945-ല്‍ നടന്നു എന്നു പറയപ്പെടുന്ന അപകടത്തിനു ശേഷം നേതാജിയുടെ വാച്ചും കണ്ണടയും കണ്ടെത്താനായിരുന്നില്ല).

2)നേതാജിയുടെ കുടുബത്തിലെ അപൂര്‍വ ഫോട്ടോകള്‍ ഭഗവന്‍ജിയുടെ ആശ്രമത്തില്‍ നിന്നു ലഭിച്ചു.

3)നേതാജിയുടെ കൈയക്ഷരവും ഭഗവന്‍ജിയുടേതു മായുളള സാമ്യം.

4)നേതാജിയുടെ പല്ലുകള്‍ക്കിടയിലുണ്ടായിരുന്നതു പോലെയുളള വിടവ് ഭഗവന്‍ജിക്കുമുണ്ടായിരുന്നു.

5)നേതാജിയുടെ വയറിലുണ്ടായിരുന്നതു പോലുളള മുറിപ്പാട് ഭഗവന്‍ജിയുടെ ശരീരത്തിലുമുണ്ടായിരുന്നു.

6) ഇരുവരുടെയും ഉയരം തുല്യം.

7) ബോസ് കുടുംബത്തില്‍ നിന്നുള്ള ചിലര്‍ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു.

8) നേതാജിക്ക് അറിയാമായിരുന്ന വിദേശ ഭാഷകളും ഇന്ത്യന്‍ ഭാഷകളും ഭഗവന്‍ജിക്കും അറിയാമായിരുന്നു.

തെളിവുകളുടെ പട്ടിക ഇങ്ങനെ കുറച്ചു നീളുന്നു.

എന്തായാലും നേതാജി (സ്വതന്ത്ര ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്ന് ഇപ്പോഴും ധാരാളം പേര്‍ ഇന്ത്യാക്കാര്‍ വിശ്വസിക്കുന്നു. കോടിക്കണക്കിന് ഭാരതീയരുടെ മനസില്‍ സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജിക്ക് ഒരിക്കലും മരണമില്ലെന്നതു വേറൊരു കാര്യം.

Wednesday, July 21, 2010

വികസനം: കേരളത്തില്‍ ഇനിയും വിപ്ലവം നടക്കേണ്ടിയിരിക്കുന്നു

കുറച്ചു കാലമായി കേരളം ചര്‍ച്ചചയ്യുന്ന ഒരു വിഷയമാണ് വികസനം. ചര്‍ച്ചകള്‍ക്കുമപ്പുറം വിവാദമായും അത് മാറിക്കഴിഞ്ഞു. എന്നാല്‍ വികസനം ചര്‍ച്ചയ്ക്കും സംവാദത്തിനും വിവാദത്തിനുമപ്പുറം പ്രായോഗികതയിലേക്കെത്തുമ്പോള്‍ വട്ടപ്പൂജ്യമായി മാറുന്നു. കേരളത്തിന്റെ സമഗ്രവികസനത്തിന് വ്യവസായ വളര്‍ച്ച അത്യന്താപേക്ഷിതമാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നിട്ടും എന്തുകൊണ്ട് നമുക്ക് വ്യവസായവികസനത്തിന്റെ കാര്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുന്നില്ല? കൂടിയ ജനസാന്ദ്രത, ഭൂമി ലഭ്യതയുടെ കുറവ്, അവകാശ ബോധമുളള തൊഴിലാളികള്‍, പാരിസ്ഥിതിക അവബോധമുളള പൊതുസമൂഹം തുടങ്ങി നിരവധി ഉത്തരങ്ങള്‍ നമുക്ക് കണ്ടത്താനാവും. പ്രകൃതിവിഭവ ദാരിദ്ര്യമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇന്ത്യയില്‍ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ്് കേരളം. ഏതുതരം വികസന പ്രവര്‍ത്തനത്തിന് തുടക്കമിട്ടാലും അവയുടെ ഒരിക്കലും നിര്‍ണ്ണയിക്കപ്പെടാത്ത പ്രായോഗികതയെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നാം നടത്താറുണ്ട്. അണക്കെട്ട്, അതിവേഗപ്പാത, വ്യവസായ വികസനം, ഖനനം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് നാം ഇത്തരത്തില്‍ ചര്‍ച്ചകള്‍ നിരവധി നടത്തിക്കഴിഞ്ഞു. വര്‍ദ്ധിച്ച ജനസാന്ദ്രത കാരണം കേരളത്തിന് ഭൂമി, വെള്ളം, കാട് തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ അമിതോപഭോഗത്തിലും പുറമേനിന്നുള്ള വിഭവ ഇറക്കുമതിയിലും ആശ്രയിക്കേണ്ടിവരുന്നു. നമുക്കാവശ്യം ലക്ഷ്യബോധമില്ലാത്ത ചര്‍ച്ചകളോ അശാസ്ത്രീയമായ കാഴ്ചപ്പാടുകളോ അല്ല മറിച്ച് ശാസ്ത്രീയ പ0നങ്ങളും ക്രിയാത്മക നിലപാടുകളുമാണ്.


വികസനം എന്നത് ഒരു ദിവസം കൊണ്ട് സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന ഒരു ഉത്പന്നമല്ല. മറിച്ച് സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനമാണ്. അത് തുടങ്ങുന്നതിനും തുടരുന്നതിനും പൂര്‍ത്തിയാക്കുന്നതിനും പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും പ്രത്യേക സമ്പ്രദായങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയും വേണം. ഈ രണ്ടു കാര്യങ്ങളിലും നാം പരാജയപ്പെടുന്നു. പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വന്‍തോതില്‍ കുടിയിറക്ക് നടത്താന്‍ നാം നിര്‍ബന്ധിതരാവുന്നു. മൂലമ്പിളളി ഉദാഹരണം. തികച്ചും അശാസ്ത്രിയമായ പുനരധിവാസ പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമാണ് നമ്മുടെ പ്രശ്‌നം. വീതിയില്ലാത്ത റോഡുകള്‍, ശ്വാസം വിടാനാവാത്ത വിധം തിങ്ങിനിറഞ്ഞ വാഹനങ്ങള്‍... നമ്മുടെ നഗരങ്ങളുടേയും പട്ടണങ്ങളുടേയും ചിത്രമിതാണ്. നമ്മുടെ കേരളത്തിലെ അന്തരീക്ഷം ഒട്ടും വികസനസൗഹൃദമല്ല. ഈ അന്തരീക്ഷം നമുക്ക് മാറ്റിയെടുത്തേ മതിയാവൂ. പഴയ ചിത്രം മാറ്റിവരയ്ക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ അപരിഹാര്യമായ ഗതാഗതകുരുക്കിലും വികസന മുരടിപ്പിലുമായിരിക്കും കേരളം എത്തിച്ചേരുക.


വ്യത്യസ്ഥ സമൂഹങ്ങളിലും സാഹചര്യങ്ങളിലും വികസനം എന്ന വാക്കിന് അര്‍ഥവ്യത്യാസമുണ്ട. സാമ്പത്തികമായും തൊഴില്‍പരമായു പിന്നോക്കം നില്‍ക്കുന്ന സമൂഹത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും സാമ്പത്തിക അഭിവൃദ്ധി നേടുന്നതുമാണ് വികസനം എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുക. എന്നാല്‍ നേരേമറിച്ച്് സാമ്പത്തിക ഭദ്രതയുള്ള സമൂഹത്തിലേക്കെത്തുമ്പോള്‍ വികസനം നല്ലറോഡുകളും നല്ല പാലങ്ങളും അതുപോലുള്ള മറ്റു സൗകര്യങ്ങളുമായി മാറുന്നു. അതായത് ഓരോ സമൂഹത്തിലും വികസന കാഴ്ചപ്പാട് വ്യത്യസ്ഥ മായിരിയ്ക്കും. കേരളത്തിന്റെ വികസനത്തിന് കേരളത്തിന്റെതുമാത്രമായ ഒരു വികസന മോഡല്‍ രൂപപ്പെടുത്തിയെടുക്കണം. തമിഴ് നാട്ടിലോ കര്‍ണാടകത്തിലോ പരീക്ഷിച്ച വികസന മോഡല്‍ കേരളത്തില്‍ ഒരിക്കലും പ്രയോഗിക്കാനാവില്ല. അതിന്റെ കാരണങ്ങള്‍ മുകളില്‍ പറഞ്ഞല്ലോ. നമ്മുടെ ഉദ്പാദനാടിത്തറ വളരെ ശുഷ്കമാണ്. അത് ശക്തിപ്പെടുത്തുക എന്നതിനാണ് നാം ആദ്യം പ്രമുഖ്യം നല്‍കേണ്ടത്. പിന്നെയും പ്രശ്‌നം നിലനില്‍ക്കുന്നു. കേരളത്തിലെ ജനസാന്ദ്രത. വളരെ സാന്ദ്രമായ ഒരു ആവാസവ്യവസ്ഥയാണ് നമ്മുടേത്. നമ്മുടെ നാടിന്റെ പ്രത്യേകതകളും സവിശേഷതകളും ഉള്‍ക്കൊളളുന്ന ഒരു വികസന മാതൃകയാണ് നമുക്കാവശ്യം. അതിന് വളരെ ആഴത്തിലുളള പ0നങ്ങളും വിശകലനങ്ങളും ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ സ്റ്റേറ്റ്, കമ്പോളം, വളര്‍ച്ച, വികസനം തുടങ്ങിയ ഏതാനും പദങ്ങളില്‍ ഒതുങ്ങിപ്പോകുന്ന ചര്‍ച്ചകളോ പൊതുസംവാദങ്ങളോ മാത്രമാണ് നടക്കുന്നത്. പലപ്പോഴും ഈ വിഷയങ്ങളുടെ സബ് ഹെഡ്ഡിംഗുകളായി വരുന്ന വിഷയങ്ങള്‍ക്ക് യാതൊരു പ്രാമുഖ്യവും കിട്ടാതെ പോകുന്നു. നമ്മുടെ നാട്ടിലെ സമ്പത്തിനെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ ജനങ്ങളിലേക്കുമെത്തിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ നാം പ്രയോഗിച്ച വികസന രീതികളായ ഭൂപരിഷ്കരണം, മിനിമം കൂലി, പൊതുവിതരണ സമ്പ്രദായം, സാമ്പത്തിക വികേന്ദ്രീകരണം തുടങ്ങിയവയ്ക്ക് ബദലായി പുതിയ രീതികള്‍ കണ്ടെത്തേണ്ട കാലമായിരിക്കുന്നു. ഈ രീതികള്‍ നടപ്പിലാക്കുന്നതിന് ശക്തി പകര്‍ന്നിരുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്്ഥാനങ്ങളും സാമൂഹ്യ-പരിഷ്കരണ പ്രസ്ഥാനങ്ങളുമൊക്കെ ചേര്‍ന്നാണ്. എ്ന്നാല്‍ ഇന്ന് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് സംഘടിത സ്വഭാവം നഷ്ടപ്പെടുകയും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇച്ഛാശക്തിയില്‍ കുറവും പ്രത്യയശാസ്ത്ര അപചയവും സംഭവിച്ചു. സാമൂഹ്യ-സാംസ്കാരിക-പരിഷ്കരണ പ്രസ്ഥാനങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.


ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധനും നോബല്‍ ജേതാവുമായ അമര്‍ത്യാസെന്‍ പ്രശംസിച്ച വികസന രീതിയാണ് കേരളത്തിലുണ്ടായിരുന്നത്. കേരളത്തിന്റെ വികസന സമ്പ്രദായത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞത് ഇതാണ് ''സമ്പൂര്‍ണ വികസനം സാധ്യമാകുന്നു എന്നതാണ് കേരളത്തിലെ വികസന സമ്പ്രദായത്തിന്റെ പ്രത്യേകത'' . എന്നാല്‍ നമുക്ക് ഇന്ന് ഈ വിശേഷണം എത്രത്തോളം യോജിക്കുമെന്ന് ചിന്തിക്കേണ്ടതാണ്. പഴയ വികസന സമ്പ്രദായം സമൂഹത്തില്‍ പിന്നോക്കം നിന്നിരുന്നവരെ മുഖ്യധാരയിലേക്കെത്തിക്കാനായിരുന്നുവെങ്കില്‍ ഇന്നത്തെ വികസന സമ്പ്രദായം വലിയൊരു വിഭാഗം ജനങ്ങളേയും പുറമ്പോക്കിലേക്ക് അടിച്ചിറക്കുകയാണ് (പുതിയ വികസന സമ്പ്രദായത്തിന്റെ വക്താക്കള്‍ പറയുന്ന മുദ്രാവാക്യം പഴയതു തന്നെയാണ്). വികസന സമ്പ്രദായത്തിന്റെ നേട്ടമായി നാം ഉയര്‍ത്തിക്കാണിക്കുന്നത് ദാരിദ്ര്യ രേഖയ്ക്ക താഴെയുളളവരുടെ കണക്കാണ്. അത് കുറഞ്ഞു വരികയാണെന്നും അത് വികസന സമ്പ്രദായത്തിന്റെ നേട്ടമാണെന്നും മാറിമാറി കേരളം ഭരിച്ച സര്‍ക്കാറുകള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍, താഴേത്തട്ടിലുളളവരും മുകള്‍ത്തട്ടിലുളളവരും തമ്മിലുളളവരും തമ്മിലുളള വിടവ് വലുതായിക്കൊണ്ടിരിക്കുകയാണെന്ന കാര്യം മനസിലാക്കാന്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമൊന്നും ആവശ്യമില്ല. തൊട്ടറിയാന്‍ കഴിയുന്ന യാഥാര്‍ഥ്യമാണ്.


സാക്ഷരത, സാര്‍വത്രിക വിദ്യാഭ്യാസം, ശിശമരണ നിരക്ക് തുടങ്ങിയ മേഖലകളില്‍ നമ്മുടെ നാട് നേടിയ നേട്ടങ്ങള്‍ മറ്റുസംസ്ഥാനങ്ങളെക്കാള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസ-സാക്ഷരതാ രംഗങ്ങളിലുണ്ടായ അസൂയാവഹമായ മുന്നേറ്റം സാമൂഹിക വികസനത്തിനായി ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയാതെ പോയടത്താണ് പ്രതിസന്ധികള്‍ ഉണ്ടായിത്തുടങ്ങിയത്. പ്രതിസന്ധിയുടെ കാരണങ്ങള്‍ എന്ത് എന്ന ചോദ്യത്തിന് നമുക്ക് കിട്ടുന്ന ഉത്തരങ്ങള്‍ ഇതാണ്. തൊണ്ണൂറുകളില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ട ഉപഭോഗ സംസ്കാരം, മനുഷ്യന്റെ സമഗ്രവ്യക്തിവികസനത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്ന ആത്മീയത ഉപരിപ്ലവമായോ പ്രകടങ്ങളായോ മാറിയത്, അരാഷ്ട്രിയവത്കരിക്കപ്പെട്ട യുവത്വം അങ്ങനെ ഒട്ടനവധികാരണങ്ങള്‍. വിദ്യാഭ്യാസത്തിന് ഒരുവ്യക്തിയെ വിദ്യാസമ്പന്നനാക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ സാമൂഹ്യബോധത്തിലേക്ക് അവനെ നയിക്കണമെങ്കില്‍ മുകളില്‍ പറഞ്ഞ പ്രതിസന്ധികളെ നമുക്ക് മറികടന്നേ മതിയാവൂ. സാമൂഹ്യ പുരോഗതിക്ക് വേണ്ടിയുളള സംഘടിതമായ ഇടപെടലുകള്‍ നടത്താന്‍ രാഷ്ട്രീയത്തിനും മതത്തിനും കഴിയണം. എന്നാല്‍ സമൂഹ്യ വ്യവസ്ഥിതിയുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സംഘടിത ഇടപെടലുകള്‍ വളരെ ദുര്‍ബലമായിപ്പോകുന്ന സ്ഥിതി വിശേഷമാണ് നമുക്ക് കാണാന്‍കഴിയുന്നത്.


നമ്മുടെ ആഭ്യന്തര തൊഴില്‍ രംഗത്ത് സംഭവിച്ചിരിക്കുന്ന തളര്‍ച്ചയാണ് നമ്മുടെ നാടിന്റെ സമഗ്രമായ വികസനത്തിന് തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട കാര്യം. ഈ തളര്‍ച്ച പരിഹരിക്കാന്‍ പഴയവികസന സമ്പ്രദായങ്ങള്‍ക്ക് കഴിയാതെ പോയി. അല്ലെങ്കില്‍ ആഭ്യന്തര തൊഴില്‍ മേഖലയുടെ വളര്‍ച്ചയെ ആരും ഗൗരവമായി കണ്ടില്ല. ഇത് ഉന്നത വിദ്യാഭ്യാസം നേടിയ പലരേയും സംസ്ഥാനം വിട്ടുപോകാന്‍ പ്രേരിപ്പിച്ചു. പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്ന് പുതിയ സാങ്കേതിക വിദ്യകളുടേയും മാര്‍ക്കറ്റിംഗ് മേഖലകളിലേക്കുമുളള യുവതലമുറയുടെ കുടിയേറ്റം മൂലം നമുക്ക്് നഷ്ടപ്പെട്ട മനുഷ്യവിഭശേഷിയുടെ കണക്കുകള്‍ നാം കണക്കിലെടുക്കേണ്ടതുണ്ട്. ഏതൊരു നാടിന്റെയും വികസനം മനുഷ്യവിഭശേഷിയാണ്. നമുക്ക് ഉണ്ടായിട്ടും ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയാത്തതും അതാണ്. ഇത്തരത്തില്‍ നാം കൈയൊഴിഞ്ഞ തൊഴിലിടങ്ങളിലേക്ക് ബംഗാളില്‍ നിന്നും ഗുജറാത്തില്‍ നിന്നും ആളുകള്‍വന്നു നിറയുകയാണ്. അതിജീവനത്തിനു വേണ്ടി. നമ്മുടെ നാട് നമ്മുടേതല്ലാതാവുന്നു.


വിദ്യാസമ്പന്നരാലും വിദ്യാഭ്യാസസ്ഥാപനങ്ങളാലും നമ്മുടെ കൊച്ചുസംസ്ഥാനം വളരെ സമൃദ്ധമാണ്. എന്നാല്‍ സാമൂഹിക കാഴ്ചപ്പാടിലും സാമൂഹികാവബോധത്തിലും നാം ദരിദ്രരാണ്. ഇത് തീര്‍ച്ചയായും ഒരു വിരോധാഭാസമാണ്. ബോധതലത്തിന്റെ കാര്യമാണ് ഇവിടെ പറയുന്നത്. വ്യക്തമായ കാഴ്ചപ്പാടോടും സാമൂഹ്യപ്രതിബദ്ധതയോടു കൂടി അതിനെ വികസിപ്പിക്കാന്‍ മുമ്പൊക്കെ ഒരുപാട് ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. . സമൂഹത്തില്‍ ഓരോകാലങ്ങളിലും രൂപപ്പെട്ടിരുന്ന ജീര്‍ണ്ണതകള്‍ക്കും വികലവും അശാസ്ത്രിയവുമായ വികസനകാഴ്ചപ്പാടുകള്‍ക്കുമെതിരേ നിരന്തരമായി പ്രവര്‍ത്തിച്ഛിരുന്ന സാമൂഹ്യ സാസ്കാരികനായകരും സാമൂഹ്യപരിഷ്കര്‍ത്താക്കളും നമുക്കുണ്ടായിരുന്നു. ഇന്നു നമുക്കുള്ളത് പരസ്പരം ഗ്വാ ഗ്വാ വിളിക്കുകയും പ്രശസ്തിയും സ്ഥാനമാനങ്ങളൂം മാത്രമാഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നവരുമായ സാംസ്കാരിക നായകന്മാര്‍ എന്ന് പറയപ്പെടുന്ന ചിലര്‍ മാത്രമാണ്.


സമൂഹത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന വിഭാഗത്തിന് മാത്രം ഗുണം ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഈയൊരു ചെറിയ ശതമാനം ആളുകള്‍ക്ക് വേണ്ടി ബി.ഒ.ടി.പാതകളും താപനിലയങ്ങളും കളിമണ്‍ഖനനങ്ങളൂം വ്യവസായ പാര്‍ക്കുകളും ഒക്കെ ഉണ്ടാക്കുമ്പോള്‍, ഇടിച്ചു നിരത്തപ്പെടുകയും മുഖ്യധാരയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യുന്ന വലിയൊരു ജനവിഭാഗത്തെ നാം കാണാതെ പോകുന്നു. മനുഷ്യനുള്‍പ്പെടെ സകല ജീവജാലങ്ങളുടേയും നിലനില്‍പ്പിനായി പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന കുന്നും വയലും കാടും മേടും പുഴയും വെള്ളച്ചാട്ടങ്ങളൂം കടലോരങ്ങളും കണ്ടല്‍ക്കടുകളും ഒക്കെ ചിലര്‍ക്ക് വികസനമെന്ന ഓമനപ്പേരിട്ട് തീറെഴുതിക്കൊടു ക്കുമ്പോള്‍ പാരിസ്ഥിതികവും സാമൂഹ്യവുമായി സ്വന്തം നാട്ടില്‍ത്തന്നെ അഭയാര്‍ഥികളാക്കപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് നാം കാണാതെ പോകുന്നു. സന്തുലിതമായ ഒരു വികസനം നടക്കുന്നില്ലെങ്കില്‍ മനുഷ്യന്‍ എന്ന ജീവജാതി അടുത്ത തലമുറയില്‍ മറ്റൊന്നായി പരിണമിച്ചേക്കാം.അവന്റെ നാശം തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്.

Saturday, June 19, 2010

തെരുവില്‍ ഉരുളുന്ന പന്ത്‌

Sandeep Salim
ദക്ഷിണാഫ്രിക്കയില്‍ നിന്നു ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശപ്പത ലോകമെങ്ങും തുളുമ്പിവീഴുമ്പോള്‍, ലോകത്തിന്റെ ഈ ഓരോ ദിവസത്തെയും അനേകം മണിക്കൂറുകള്‍ ഈയൊരു ആവേശത്തില്‍ മുങ്ങുമ്പോള്‍, ഫുട്‌ബോള്‍ താരങ്ങളുടെ മാന്ത്രിക പ്രകടനങ്ങള്‍ ഉറക്കമൊഴിപ്പിക്കുന്ന വിസ്മയമായി മാറുകയും ആ താരങ്ങള്‍ നേടുന്ന ആരാധനയുടെ കഥകള്‍ അദ്ഭുതത്തോടെ കേള്‍ക്കുകയും ചെയ്യുമ്പോള്‍ എത്രപേരറിയുന്നു, ആ സുവര്‍ണതാരങ്ങളില്‍ പലരും അവികസിത രാജ്യങ്ങളിലെ ദരിദ്രമായ തെരുവുകളില്‍ ഫുട്‌ബോളെന്നു പറയാനാവാത്ത ഫുട്‌ബോള്‍ കളിച്ച് അന്തര്‍ദേശീയ ഫുട്‌ബോളിലെ മാന്ത്രികരായി മാറിയവരാണെന്ന്. സ്ട്രീറ്റ് ഫുട്‌ബോള്‍ എന്നു പരക്കെ അറിയപ്പെടുന്ന ഒരു പന്തുകളി-അത് ഫുട്‌ബോളാണോയെന്നു ചോദിച്ചാല്‍ അല്ലേയല്ല എന്നു ഫുട്‌ബോള്‍ വിദഗ്ധര്‍ പറയും-അതു കളിച്ചാണ് പലരും ഫിഫാ ഫുട്‌ബോളിലെത്തിയെത്;പ്രത്യേകിച്ച് ലാറ്റിനമേരിക്കയിലേയും ആഫ്രിക്കയിലേയും പലതാരങ്ങള്‍.


ഉത്സവങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ദരിദ്രവും പരുക്കനുമായ കളിയിടങ്ങളില്‍ തുണിപ്പന്തോ തുകല്‍പ്പന്തോ കൊണ്ടു കളിക്കുന്ന സ്ട്രീറ്റ് ഫുട്‌ബോളിന്റെ ആവേശം ആ ഭൂകണ്ഡങ്ങള്‍ക്കു പുറത്ത് അത്രയൊന്നും പരിചിതമല്ല.

പ്രണയത്തിലും യുദ്ധത്തിലും നിയമങ്ങളില്ലെന്നാണല്ലോ പറയാറ്. എഴുതപ്പെട്ട നിയമങ്ങളില്ലാത്ത, വളരെ അനൗപചാരികമായ ഫുട്‌ബോളാണു സ്ട്രീറ്റ് ഫുട്‌ബോള്‍. നിയമത്തിന്റെ വളയത്തിനപ്പുറം നടക്കുന്ന സ്ട്രീറ്റ് ഫുട്‌ബോളിനു തെരുവിന്റേതായ സ്വഭാവങ്ങളും അതിന്റേതായ ഗുണങ്ങളുമുണ്ട്.

ഒരു നാടന്‍ വിനോദം എന്നതിനപ്പുറം , ജീവിതം പ്രതിസന്ധിയിലെത്തുമ്പോള്‍ അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമായും ചെറുത്തു നില്പായും ഫുട്‌ബോള്‍ മാറുന്നു. മയക്കുമരുന്ന് ഗുണ്ടാ മാഫിയാ സംഘങ്ങല്‍ തമ്മിലുള്ള പകയും മത്സരങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും സ്ട്രീറ്റ് ഫുട്‌ബോളിലായിരുന്ന കാലമുണ്ടായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടാവണം ലോകപ്രശ്‌സ്ത സാഹിത്യകാരന്‍ ജെ.ബി. പ്രീസ്റ്റലി ''വഴിപിഴച്ചുപോയ യുവത്വത്തിന്റെ വിനോദം'' എന്ന് സ്ട്രീറ്റ് ഫുട്‌ബോളിനെ വിശേഷിപ്പിച്ചത്.

എന്നാല്‍, അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ലോകോത്തര താരങ്ങളില്‍ പലരും പിറവിയെടുത്തതു സ്ട്രീറ്റ് ഫുട്‌ബോളില്‍ നിന്നാണ്. ബ്രസീലിന്റെ സ്‌ട്രൈക്കര്‍ റൊബീനോ ഉദാഹരണം. അവികസിത മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് ഫുട്‌ബോള്‍ അക്കാഡമികളും ശാസ്ത്രസാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച റിസേര്‍ച്ച് ഡെസ്കുകളും അപ്രാപ്യമാണ്. എന്നിട്ടും അവരുടെയിടയില്‍ നിന്നും ലോകോത്തര താരങ്ങള്‍ പിറവിയെടുക്കുന്നു. അതിന്റെ രഹസ്യമന്വേഷിക്കുന്നവര്‍ എത്തിച്ചേരുന്നത് സ്ട്രീറ്റ് ഫുട്‌ബോളിലാണ്. ഇതു തിരിച്ചറിഞ്ഞ ഒരു സ്‌പോര്‍ട്‌സ് ലേഖകന്‍ ഒരിക്കല്‍ പറഞ്ഞു: ""ബ്രസീലില്‍ ഒരു ഫുട്‌ബോള്‍ താരം ജനിക്കുന്നതു കോച്ചിംഗ് സെന്ററിലെ അച്ചടക്കത്തില്‍ നിന്നല്ല, കടല്‍ത്തീരങ്ങളില്‍ നിന്നോ തിരക്കുകുറഞ്ഞ തെരുവുകളില്‍ നിന്നോ ആണ്. കുടുസു റോഡില്‍ പെറുക്കി വച്ചിരിക്കുന്ന രണ്ടു കല്ലുകള്‍ക്കിടയിലൂടെ പന്തടിച്ചു കയറ്റുന്നവന് അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ പോസ്റ്റിന്റെ വീതി ഒരു കളിസ്ഥലത്തിനു തുല്യമാണ്.''

സ്ട്രീറ്റ് ഫുട്‌ബോള്‍ പേരു സൂചിപ്പിക്കും പോലെ തെരുവുകളിലോ വെളിംപ്രദേശത്തോ നടക്കുന്നതുകൊണ്ടു മാത്രമല്ല വ്യത്യസ്തമാകുന്നത്. ഓരോ രാജ്യത്തും, എന്തിന് ഓരോ പ്രദേശത്തും, വ്യത്യസ്തമായ നിയമങ്ങളാണ് എന്നതും അതിന്റെ പ്രത്യേകതയാണ്.

സാധാരണ ഫുട്‌ബോളിനു നിര്‍ബന്ധമായും വേണ്ട നിശ്ചിത വലുപ്പമുള്ള മൈതാനം, മൈതാനത്തെ അടയാള വരകള്‍, ഫുട്‌ബോള്‍ ഉപകരണങ്ങള്‍ (ഒന്നിലേറെ ഫുട്‌ബോള്‍, ഗ്ലൗസുകള്‍, ഷൂസ്, നെറ്റ് തുടങ്ങിയവ), പതിനൊന്നു കളിക്കാര്‍ വീതമുള്ള രണ്ടു ടീമുകള്‍, മത്സരം നിയന്ത്രിക്കുന്നതിനു റെഫറിമാര്‍, ലൈന്‍സ്മാന്‍മാര്‍ തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തന്നെ സ്ട്രീറ്റ് ഫുട്‌ബോളിന് ആവശ്യമില്ല.


സ്ട്രീറ്റ് ഫുട്‌ബോളില്‍ എടുത്തു പറയേണ്ട പ്രത്യേകത സാധാരണ ഫുട്‌ബോളിലേതുപോലെ കളിക്കാര്‍ക്കു പ്രത്യേക സ്ഥാനങ്ങളില്ല എന്നതാണ്. സാധാരണ ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍ പെനല്‍റ്റി ഏരിയായ്ക്കുള്ളില്‍ കളിക്കേണ്ട ആളാണെങ്കില്‍ (ഫിഫയുടെ പുതിയ നിയമം), സ്ട്രീറ്റ് ഫുട്‌ബോളില്‍ "ഗോള്‍ കീപ്പര്‍' ഫോര്‍വേഡുമാകുന്നു. ഗോളിയായി തീരുമാനിക്കപ്പെട്ടയാള്‍ ഗോള്‍പോസ്റ്റിന് അടുത്തെങ്ങുമില്ലെങ്കില്‍ ടീമിലെ മറ്റൊരു കളിക്കാരനു "ഗോളി' യാകാവുന്നതാണ്. "എനിമാന്‍ സേവ്‌സ്' എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.


സ്ട്രീറ്റ് ഫുട്‌ബോളില്‍ ഗോള്‍കീപ്പര്‍മാര്‍ പൊതുവേ രണ്ടുവിഭാഗങ്ങളില്‍ പെടുന്നവരാണ്. റഷും സ്ക്രാംബിളും. റഷ് വിഭാഗത്തില്‍പ്പെടുന്ന ഗോള്‍കീപ്പര്‍മാര്‍ക്കു നിയന്ത്രണങ്ങളൊന്നുമില്ലെങ്കില്‍ സ്ക്രാംബിള്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്കു പ്രത്യേക കളിസ്ഥലമുണ്ട്. ഉറൂഗ്വേയിലെ തെരുവുകളിലാണ് മത്സരം നടക്കുന്നതെങ്കില്‍ പെനല്‍റ്റി ഏരിയയില്‍ കയറിയ ആര്‍ക്കും ഗോളിയാകാം.


സാധാരണ ഫുട്‌ബോളിലെ "ഫൗളുകള്‍' ഒന്നും സ്ട്രീറ്റ് ഫുട്‌ബോളില്‍ ഫൗളല്ലാതാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ "ഫൗളുകള്‍' മിനിമമായ മത്സരമാണ് സ്ട്രീറ്റ് ഫുട്‌ബോള്‍. താരങ്ങളുടെ എണ്ണത്തിലും സ്ട്രീറ്റ് ഫുട്‌ബോളില്‍ നിബന്ധനകളില്ല. കളിക്കാരുടെ എണ്ണം ഒറ്റ നമ്പറായാലും ഇരട്ടനമ്പറായാലും സ്ട്രീറ്റ് ഫുട്‌ബോള്‍ നടക്കും. ഒരു ഉദാഹരണം പറയാം: പതിനഞ്ചു പേരാണു മത്സരത്തിനുള്ളതെന്നു കരുതുക. ഒരു ടീമില്‍ എട്ടും എതിര്‍ടീമില്‍ ഏഴും പേരാവും ഉണ്ടാവുക. അധികമായി വന്ന കളിക്കാരന്‍ ഇരു ടീമുകള്‍ക്കും വേണ്ടിയാണു കളിക്കുക. പലപ്പോഴും മുന്നേറ്റം നടത്തുന്ന ടീമിനൊപ്പമാവും "എക്‌സ്ട്രാ' കളിക്കാരന്റെ കളി. ഇരു ടീമുകള്‍ക്കും വേണ്ടി ഗോളടിക്കുന്ന "എക്‌സ്ട്രാ' കളിക്കാര്‍ സ്ട്രീറ്റ് ഫുട്‌ബോളില്‍ സാധാരണം.


മത്സരം നടക്കുന്ന പ്രദേശങ്ങള്‍ക്കനുസരിച്ച് നിയമങ്ങളും വ്യത്യസ്തമാവാറുണ്ടെന്നു പറഞ്ഞല്ലോ. അത്തരത്തില്‍ ഒന്നാണ് "നോ സ്‌കോറിംഗ് ഇന്‍സൈഡ് ദ ബോക്‌സ്'. ഇത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്. ഈ നിയമമനുസരിച്ച്, ഗോള്‍ പോസ്റ്റില്‍ നിന്ന് ആറു മീറ്റര്‍ അകലെ നിന്നു മാത്രമേ ഗോളടിക്കാനാവൂ.

ആഫ്രിക്കയിലും ശ്രീലങ്കയിലും കടല്‍ത്തീരങ്ങളില്‍ നടക്കുന്ന സ്ട്രീറ്റ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇപ്പോഴും പിന്തുടരുന്ന ഒരു നിയമമാണ് "പെനല്‍റ്റീസ് ഓള്‍ റൗണ്ട്'. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന്‍ പന്തു കൈ കൊണ്ടു തട്ടിയാല്‍ എതിര്‍ ടീമിലെ എല്ലാവരും (ഗോളിയൊഴികെ) പെനല്‍റ്റി കിക്ക് എടുക്കാനുള്ള അനുവാദമാണ് ഈ നിയമം നല്കുന്നത്.


സ്ട്രീറ്റ് ഫുട്‌ബോള്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ അച്ചടക്കമില്ലാത്ത വരുടെ കളിയെന്ന് തോന്നുമെങ്കിലും സാമൂഹിക പരിവര്‍ത്തനത്തിന് ഉതകുന്ന വിധത്തില്‍ സ്ട്രീറ്റ് ഫുട്‌ബോളിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ അമേരിക്കയിലെയും ലാറ്റിനമേരിക്കയിലെയും ചില സ്ട്രീറ്റ് ഫുട്‌ബോ ള്‍ ക്ലബുകളുമായി യോജിച്ചു നടത്തുന്ന 'ഫുട്‌ബോള്‍ ഫോര്‍ ഹോപ' എന്ന പദ്ധതി അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തി ആര്‍ജിച്ചിരിക്കുകയാണ്. ഫുട്‌ബോളിന്റെ ദേശാതീതമായ സ്വീകാര്യതയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ സാമൂഹിക വികസനമാണ് ഫിഫ ലക്ഷ്യമിടുന്നത്.


ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീനയിലും ബ്രസീലിലും പ്രാദേശികമായി രൂപപ്പെട്ട സ്ട്രീറ്റ്ഫുട്‌ബോള്‍വേള്‍ഡ് എന്ന എന്‍ജിഒയാണ് ഫുട്‌ബോളിനെ സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താമെന്നു കണ്ടെത്തിയത്. പദ്ധതി തുടങ്ങുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നെന്ന് എന്‍ജിയോ പ്രവര്‍ത്ത കര്‍തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഫുട്‌ബോള്‍ ഫോര്‍ ഹോപ് മുന്നോട്ടുവച്ച ആശയത്തിന്‌വലിയ ജ}പിന്തുണയാണ് ലഭിച്ചത്. പ്രത്യേകിച്ച് സ്ത്രീകളുടെ ഭാഗത്തു നിന്ന്. വഴിപിഴച്ചുപോയ മക്കളെക്കുറിച്ചും, ഭര്‍ത്താക്കമാരെക്കുറിച്ചും ഓര്‍ത്തു ദു:ഖിക്കുന്ന സ്ത്രീകളുടെ പിന്തുണ പ്രസ്ഥാനത്തിന് ലഭിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കപ്പെട്ട യുവാക്കളെ അതില്‍ നിന്നും സംരക്ഷിക്കുക എന്ന ദൗത്യമാണ് ഫുട്‌ബോള്‍ ഫോര്‍ ഹോപ് ആദ്യം ഏറ്റെടുത്ത ദൗത്യം. അതിനായി സ്ട്രീറ്റ് ഫുട്‌ബോളിനെ വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഇതിന് മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ ലഭിച്ച പിന്തുണയാണ് ഈ പദ്ധതിയെ പ്രാദേശിക തലത്തില്‍ തളച്ചിടേണ്ടതല്ലെന്ന ബോധം സംഘാടകര്‍ക്കുണ്ടാക്കിയത്. അതിനെത്തുടര്‍ന്നാണു 2006- ല്‍ ഫിഫയുമായി ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതും ഫിഫ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതും

ഫിഫയ്ക്ക് ഐക്യരാഷ്ട്ര സംഘടനയെക്കാള്‍ ക്കാള്‍ അംഗബലമുണ്ടത്രേ. ഒരു ഏകദേശ കണക്കനുസരിച്ച് ലോകത്ത് കാല്‍ക്കോടിയിലേറെപ്പേര്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ടെന്നാണ്. ലോകത്തെ ജനസംഖ്യയുടെ പകുതിയോളം പേര്‍ ഫുട്‌ബോള്‍ മത്സരങ്ങല്‍ കാണാന്നു. ഫുട്‌ബോളിന്റെ ഈ സാര്‍വലൗകികതയേയും ജനകീയതയേയും മനുഷ്യനന്‍മയ്ക്കു വേണ്ടി ഉപകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടിട്ടുളള പ്രസ്ഥാനമാണ് ഫുട്‌ബോള്‍ ഫോര്‍ ഹോപ്. പണത്തിന്റെയും വികസനത്തിന്റെയും മതത്തിന്റെയും ലിംഗത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ മുഖ്യധാരയില്‍ നിന്ന് ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് ആട്ടിയോടിക്കപ്പെട്ട നിസഹായരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന വലിയൊരു സമൂഹത്തിന്റെ ഉന്നമനമാണു ഫുട്‌ബോള്‍ ഫോര്‍ ഹോപ് എന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.


മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും എത്തിപ്പെട്ട് ജീവിതം നശിച്ചുപോകുന്ന യുവത്വത്തെ അവയില്‍ നിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ട്രീറ്റ് ഫുട്‌ബോളിനെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്ന്് ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രസ്ഥാനത്തിന്റെ ആഫ്രിക്കന്‍ കോ-ഓര്‍ഡിനേറ്റര്‍ സിയാക ചോള്‍ ചിദി പറയുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ലോകത്ത് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അവയ്‌ക്കെതിരേ സമൂഹത്തെ ഉണര്‍ത്തുക എന്ന ലക്ഷ്യവും ഫുട്‌ബോള്‍ ഫോര്‍ ഹോപിനുണ്ട്.

ക്രിയാത്മകമായി ഉപയോഗിക്കപ്പെടേണ്ട മനുഷ്യവിഭവശേഷി തെറ്റായ കാര്യങ്ങളിലേക്കു വഴിതിരിഞ്ഞ് നഷ്ടപ്പെട്ടു പോകുന്നതാണ് ലോകം നേരിടുന്ന വലിയ പ്രതിസ്ധിയെന്ന് ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രവര്‍ത്തകര്‍ പറയുന്നു. എയ്ഡ്‌സ് ഒരു മഹാവ്യാധിയായി മാറിയിരിക്കുന്ന ആഫ്രിക്കയില്‍, കുഴിബോംബ് സ്‌ഫോടനങ്ങളില്‍ ദിനം പ്രതി അനേകം പേര്‍ മരിക്കുന്ന കംബോഡിയയില്‍, മയക്കുമരുന്നു വ്യാപാരത്തിന്റെ ലോകതലസ്ഥാനമായ കൊളംബിയയില്‍, ഇനിയും സമാധാനം പിറക്കാത്ത ഇറാക്കില്‍, എന്നും അസ്വസ്ഥമായ അഫ്ഗാനിസ്ഥാനില്‍ ഒക്കെ പ്രതീക്ഷയുടെ കാറ്റു നിറച്ച ഫുട്‌ബോളുമായി, തിന്‍മയുടേയും അക്രമത്തി ന്റെയും വഴികള്‍ വിടാന്‍ പ്രേരണയുമായി ഫുട്‌ബോള്‍ ഫോര്‍ ഹോപ് പ്രസ്ഥാനം എത്തുന്നു.

Tuesday, June 8, 2010

ഏകാന്തസഞ്ചാരത്തിന്റെ താഴ്‌വരകളില്‍

Sandeep Salim


കോവിലന്‍ എന്ന എഴുത്തുകാരന്‍ ജീവിതത്തില്‍നിന്നു പടിയിറങ്ങുമ്പോള്‍ നമുക്കു നഷ്ടമാകുന്നത് ആധുനികത എന്ന രചനാരീതി മലയാള സാഹിത്യത്തില്‍ എത്തുന്നതിനുമുമ്പ് ആധുനികനായിരുന്ന എഴുത്തുകാരനെയാണ്.

മലയാള സാഹിത്യത്തിലെ പരിവര്‍ത്തന കാലഘട്ടം എന്നു വിശേഷിപ്പിക്കപ്പെടുന്ന 1970- കളില്‍ കാല്പനികതയ്ക്കും ദിവാസ്വപ്നങ്ങള്‍ക്കും ബദലായി തീവ്ര റിയലിസത്തെ ഉയര്‍ത്തിക്കൊണ്ടു വന്ന സാഹിത്യകാരില്‍ പ്രഥമഗണനീയനാണു കോവിലന്‍. കോവിലന്റെ കൃതികളില്‍ ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവുമൊക്കെ സാഹിത്യഭംഗി നിറഞ്ഞ വാക്കുകള്‍ക്കൊണ്ടു തൊങ്ങല്‍ തൂക്കിയവയല്ല; മറിച്ച്, പരുക്കന്‍ യാഥാര്‍ഥ്യത്തിന്റെ ചൂടും ചൂരും നിറഞ്ഞവയാണ്.

1923-ല്‍ ഗുരുവായൂരിനടുത്തു കണ്ടാണിശേരിയില്‍ ജനിച്ച വി.വി.അയ്യപ്പന്‍ സ്കൂള്‍ പഠനകാലത്തുതന്നെ എഴുത്തിനോടു താത്പര്യം പ്രകടിപ്പിച്ചിരുന്നു. അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കാലത്തുതന്നെ വായനയെ ഗൗരവപൂര്‍വം സമീപിച്ചു. ആശാന്റെ കൃതികളാണ് ആദ്യം വായിക്കുന്നത്. അന്ന് മനസില്‍ കയറിക്കൂടിയ ആഗ്രഹമാണ് വലിയൊരു എഴുത്തുകാരനാവുക എന്നത്. എഴുതിത്തുടങ്ങിയത് കവിതകളാണ്. കാലം ചെല്ലുന്തോറും തന്റെ അനുഭവങ്ങളുടെ ചക്രവാളം വികസിപ്പിച്ചപ്പോഴാണ് തനിക്കു പറയാനുള്ളതെല്ലാം കവിതയില്‍ ഒതുങ്ങില്ല എന്ന കാര്യം പിന്നീടു കോവിലനായി മാറിയ അയ്യപ്പന്‍ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവാണ് കോവിലനെ നോവലിലേക്കും ചെറുകഥയിലേക്കും നയിച്ചത്.

എഴുതിത്തുടങ്ങിയപ്പോള്‍ താന്‍ അനുഭവിച്ച അത്മസംഘര്‍ഷങ്ങളെക്കുറിച്ച് കോവിലന്‍ പറയുന്നതിങ്ങനെ: ""എന്നിലെ എഴുത്തുകാരനോടു ഞാന്‍ പറഞ്ഞു, മലയാള സാഹിത്യം ദാ ഇവിടെവരെ എത്തിച്ചേര്‍ന്നിരിക്കുന്നു; ഇവിടെ നിന്നാണ് നീ തുടങ്ങേണ്ടത്. ഇന്നലെവരെ പിന്‍തുടരപ്പെട്ടിരുന്ന മാതൃകകളെ തിരസ്കരിക്കുകയോ പൊളിച്ചെഴുതുകയോ ചെയ്യുക എന്ന ദുഷ്കരമായ ദൗത്യമാണു നീ ഏറ്റെടുക്കേണ്ടത്.''

താനനുഭവിച്ച ആത്മസംഘര്‍ഷങ്ങളെ തൂലികത്തുമ്പിലേക്ക് ആവാഹിച്ചെടുത്തപ്പോള്‍ കോവിലന്‍ മലയാള സാഹിത്യത്തില്‍ സ്വന്തമായൊരു തട്ടകം സൃഷ്ടിക്കുകയായിരുന്നു. ജീവിതം വഴിമുട്ടിയപ്പോള്‍ പട്ടാളക്കാരന്റെ വേഷം കെട്ടിയപ്പോഴും തന്നിലെ എഴുത്തുകാരനെ സംരക്ഷിക്കാന്‍ കോവിലനു സാധിച്ചു.

പട്ടാളജീവിതം കോവിലനിലെ എഴുത്തുകാരനെ പരിപോഷിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കോവിലന്റെ കൃതികള്‍ക്ക് പട്ടാളക്കാരുടെ പരേഡിന്റെ അച്ചടക്കവും പരുക്കന്‍ ഭാവങ്ങളും നല്കിയതും ഈ പട്ടാള ജീവിതം തന്നെ.

തന്റെ കൃതികളെ പട്ടാളക്കഥകള്‍ എന്ന ചട്ടക്കൂടിനുള്ളിലേക്ക് ഇടിച്ചുകൊള്ളിക്കാന്‍ ശ്രമിച്ചവരോടെല്ലാം കലഹിക്കാന്‍ കോവിലന്‍ തയാറായി. പട്ടാളക്കാരന്റെ മാത്രമല്ല, മനുഷ്യസഹജമായ എല്ലാ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നവരാണ് തന്റെ കഥാപാത്രങ്ങള്‍. പാറപ്പുറവും നന്തനാരും എഴുതിയതില്‍ നിന്നു വ്യത്യസ്തമായാണ് താന്‍ എഴുതിയതെന്ന ഉറച്ച വിശ്വാസവും ഈ കലഹത്തിനു കാരണമാണെന്ന് കോവിലന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതീവ ജാഗ്രതയോടെ നടത്തേണ്ട ഒന്നാണ് എഴുത്ത് എന്ന് ഉറച്ചു വിശ്വസിച്ച കോവിലന്‍ തന്റെ എഴുത്തു രീതിയെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്: ""ഞാനെഴുതിയതുപോലെ മറ്റൊന്ന് ഞാനെഴുതുകയില്ല. പാടില്ല. വലിയ തെറ്റാണത്. അങ്ങനെ ചെയ്താല്‍ എനിക്കു പണംകിട്ടുമായിരിക്കും. ഇവിടെ വായനക്കാര്‍ കബളിപ്പിക്കപ്പെടുന്നു. ഒരേ കണക്കില്‍, ഒരേ കമ്മട്ടത്തില്‍ സൃഷ്ടി നടത്തുക, അതു ഞാന്‍ ചെയ്യുകയില്ല. കഥ തന്നെ ഒരേ പാറ്റേണില്‍ നാലെണ്ണമെഴുതുമ്പോള്‍ എനിക്ക് അറയ്ക്കും. തലയില്‍ കയറിയതു പോകുന്നതുവരെ പിന്നെ വലിയ വിഷമമായിരിക്കും. പിന്നെ പുതിയ എഴുത്തുരീതി സ്വീകരിക്കും. അപ്പോള്‍ വീണ്ടും എഴുതും.''

താനെഴുതിക്കൂട്ടിയതെല്ലാം ഉത്തമസാഹിത്യമാണെന്നു മേനി പറയുന്ന എഴുത്തുകാരുടെ ഇടയില്‍ ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളുടെ തെളിമയില്‍ നിന്നുകൊണ്ടു ലോകത്തെ വീക്ഷിച്ച കോവിലന്‍ വ്യത്യസ്തനാകുന്നു. എന്‍.വി. കൃഷ്ണവാരിയര്‍ ഒരിക്കല്‍ കോവിലനെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ മാത്രം മതി കോവിലനെന്ന പ്രതിഭയുടെ ആഴം മനസിലാക്കാന്‍. ""പുതിയ സാങ്കേതികരീതികളുപയോഗിച്ച് പുതിയ അനുഭൂതി മണ്ഡലങ്ങളെ ഈ പട്ടാളക്കാരന്‍ കടന്നാക്രമിച്ചു. ഫലമോ, നമ്മുടെ കഥാസാഹിത്യത്തിന്റെ അതിര് പെട്ടെന്നങ്ങു വലുതായി. മലയാളത്തില്‍ മാത്രമായി ഒതുങ്ങിനില്‌ക്കേണ്ടവയല്ല ഈ കഥകള്‍. ഭാരത വ്യാപകമായ ഒരു സാഹിത്യവും ആദ്യമായി മലയാളത്തില്‍ സൃഷ്ടിച്ചതിനുള്ള ബഹുമതി കോവിലനാണ്. പട്ടാളത്തിന്റെ എല്ലാ ഞരമ്പും മാംസവുമാണ് ആ കഥകള്‍.''

സാഹിത്യ രചന തനിക്ക് വളരെ ആയാസകരമായ ഒരു കാര്യമായിരുന്നെന്ന് കോവിലന്‍ വ്യക്തമാക്കുന്നു. ‘’ഒരു കഥ എഴുതുമ്പോള്‍ത്തന്നെ കുറെ ആവശ്യമില്ലാത്ത ചിന്തകളും കടന്നു വരും. അതെല്ലാം ചേര്‍ത്ത് എഴുതേണ്ടി വരും. കരണം തലച്ചോറില്‍ നിന്നു കഥയുമായി ബന്ധപ്പെട്ട എല്ലാ ചിന്തകളും പുറത്തു വരണം. പിന്നീടാണ് കഥയുടെ ശില്പം ഉരുത്തിരിയുന്നത്. കരിങ്കല്ലില്‍ നിന്നു ത}ിക്ക് ആവശ്യമില്ലാത്തതെല്ലാം ചെത്തിക്കളയുന്ന ശില്പിയുടേതിനു സമാനമായ പ്രവൃത്തിയാണത്. ആദ്യം ബോധപൂര്‍വമെഴുതും. പകര്‍ത്തിയെഴുതുമ്പോള്‍ വരുന്നതു പോലെ എഴുതും.’’

ഏതു കൃതിയിലും കഥാപാത്രങ്ങളെ സാധാരണ മനുഷ്യരുടെ എല്ലാ പ്രത്യേകതകളോടും കൂടി അവതരിപ്പിക്കാന്‍ കോവിലന്‍ പ്രദര്‍ശിപ്പിച്ച അനിതരസാധാരണമായ കഴിവ് പുതിയ എഴുത്തുകാര്‍ക്ക് ഉത്തമമാതൃകയാണ്. ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോള്‍ അവന്‍/അവള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ പശ്ചാത്തലത്തിനു മങ്ങലേല്ക്കാതിരിക്കാന്‍ കോവിലന്‍ പ്രത്യേക ശ്രദ്ധ നല്കിയിരുന്നു.

എ മൈനസ് ബി, ഏഴാമെടങ്ങള്‍, ഹിമാലയം, താഴ്‌വരകള്‍ തുടങ്ങിയ നോവലുകളാണ് കോവിലനു പട്ടാളക്കാഥികന്‍ എന്ന വിശേഷണം നേടിക്കൊടുത്തത്.

പട്ടാളക്കാരുടെയിടയിലെ അന്തര്‍ നാടകങ്ങള്‍ ചിത്രീകരിച്ച "ഏഴാമെടങ്ങ'ളാണ് കോവിലന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പട്ടാളക്കഥയെന്നു പറയാം. സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ എങ്ങനെ സൈന്യത്തെ ഭരിക്കുന്നു എന്നു കോവിലന്‍ ഇതില്‍ കാട്ടിത്തരുന്നു. മിസിസ് നായിഡു വിന്റെയും ലഫ്. കേണല്‍ സത്യപ്രതാപ് നായിഡുവിന്റെയും ഇടപെടലുകള്‍ വരച്ചിടുന്നതിലൂടെ സൈന്യത്തിലെ "അന്തര്‍ രാഷ്ട്രീയ നാടകങ്ങള്‍' സൈന്യത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന കാര്യം ഓര്‍മപ്പെടുത്തുകകൂടിയാണു കോവിലന്‍.

കോവിലന്‍ എന്ന എഴുത്തുകാരനെ പുറം ലോകം അറിഞ്ഞുതുടങ്ങുന്നത് "എ മൈനസ് ബി' എന്ന കൃതി പുറത്തുവരുമ്പോഴാണ്. മദ്യപാനിയായ മുത്തയ്യ, സൈനികനെന്ന നിലയിലാണെങ്കിലും താന്‍ നടത്തിയ കൊലപാതകങ്ങളില്‍ മനഃസാക്ഷിക്കുത്ത് അനുഭവിക്കുന്ന സേലാസിംഗ്, കൗമാര പ്രണയത്തിന്റെ കൗതുകങ്ങളുടെയും തീവ്രതയുടെയും പ്രതീകമായ രാജമ്മ, പെണ്ണിലും മദ്യത്തിലും മയങ്ങി ജീവിക്കുന്ന താന്തോന്നിയായ മാധവന്‍-ഇവരൊക്കെ സമൂഹത്തില്‍ നാം കണ്ടു മറന്നുകളയുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്.

"ഏഴാമെടങ്ങ'ളില്‍ നിന്നു "താഴ്‌വര'യിലേക്കെത്തുമ്പോള്‍ സൈന്യത്തിലെ അനാരോഗ്യ പ്രവണതകളെയും അഴിമതികളെയും ചോദ്യം ചെയ്യാനുള്ള കരുത്തു നേടിയ കോവിലനെയാണു കാണാന്‍ കഴിയുക. പരിശീലനത്തിന്റെയും ആധുനിക ആയുധങ്ങളുടെയും അഭാവത്തില്‍ തളര്‍ന്നു പോകുന്ന ഇന്ത്യന്‍ സൈന്യത്തെ ചിത്രീകരിക്കുക വഴി നിരവധി ചോദ്യങ്ങളാണു കോവിലന്‍ ഈ നോവലിലൂടെ ഉയര്‍ത്തുന്നത്.

കോവിലന്റെ "ഹിമാലയം' എന്ന നോവല്‍ വായിക്കുന്നവര്‍ക്ക് കാണാനാവുക പട്ടാളക്കാരന്റെ പരുക്കന്‍ സ്വഭാവം പേറുന്ന കഥാപാത്രങ്ങളെയല്ല, മറിച്ച് ദാര്‍ശനിക ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന കഥാപാത്രങ്ങളെയാണ്. മനുഷ്യന്‍ എത്ര കരുത്താര്‍ജിച്ചാലും ഒരിക്കല്‍ വിധിക്കു കീഴടങ്ങേണ്ടിവരും എന്ന പ്രപഞ്ച സത്യം ഓര്‍മപ്പെടുത്തുകയാണു കോവിലന്‍. ശത്രുവിനോട് എന്നതിനൊപ്പം തന്റെ മനഃസാക്ഷിയോടും യുദ്ധം ചെയ്യേണ്ടിവന്ന കഥാപാത്രങ്ങളാണ് ഹവീല്‍ദാര്‍ മേജര്‍ രാജനും ശിവാനന്ദനും.

പട്ടാളക്കഥാകാരന്‍ എന്ന വിശേഷണത്തില്‍ നിന്നു കോവിലനെ പുറത്തെത്തിച്ച കൃതിയാണ് തോറ്റങ്ങള്‍. സ്ത്രീജീവിതത്തിന്റെ ആഴം ചിത്രീകരിച്ച കൃതിയാണ് "തോറ്റങ്ങള്‍.' സ്ത്രീകളുടെ ജീവിതത്തിലെ ഉയര്‍ച്ചകളും സന്തോഷങ്ങളും ചുഴികളും ജീവിത സ്പര്‍ശി യായി കോവിലന്‍ ഇതില്‍ അവതരിപ്പിച്ചു.

ഏതു ജീവിതം ചിത്രീകരിക്കുമ്പോഴും കോവിലന്‍ പുലര്‍ത്തിയ വാക്കുകളുടെ മിതത്വം പലപ്പോഴും വിമര്‍ശന വിധേയമായെങ്കിലും ഇത് കോവിലനു മാത്രം സാധിക്കുന്ന ഒന്നാണെന്നു കരുതണം. അന്നുവരെ നിലവിലിരുന്ന സൗന്ദര്യ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ നോവലാണ് തോറ്റങ്ങള്‍. അതുകൊണ്ടു തന്നെ തോറ്റങ്ങളില്‍ ലാവണ്യാനുഭവം തേടിയ പല നിരൂപകര്‍ക്കും ഈ നോവല്‍ രുചിക്കാതെ പോയി. കൂടാതെ ഇതില്‍ നിറഞ്ഞു നില്ക്കുന്ന പരുക്കന്‍ യാഥാര്‍ഥ്യങ്ങളും ഇതിനെ നിരൂപകരില്‍ നിന്ന് അകറ്റിനിര്‍ത്തി.

ഇതേക്കുറിച്ച് കോവിലനു നല്ല ബോധ്യ വുമുണ്ടായിരുന്നു എന്നു വേണം കരുതാന്‍. കോവിലന്റെ വാക്കുകള്‍ തന്നെ അതിനു തെളിവാണ്. '' ജീവിതാവബോധത്തിന് യാതൊരു പ്രാധാന്യവും നല്‍കാത്ത വായനക്കാര്‍ക്കും നിരൂപണത്തെ വളരെ ലാഘവത്തോടെയും ഒരു ജോലിതീര്‍ക്കലായും കാണുന്ന നിരൂപകര്‍ക്കും വേണ്ടി ഞാന്‍ എഴുതാറില്ല ''. എന്നു കോവിലന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു ധിക്കാരിയുടെ പരിവേഷവുമുണ്ടായിരുന്നു.

ജീവിത യാഥാര്‍ഥ്യങ്ങളുടെ തീവ്രത നിലനിര്‍ത്തുന്നതിനായി കഥാപാത്രങ്ങളുടെ ബാഹ്യമായ വിശദാംശങ്ങളില്‍പ്പോലും പിശുക്കുകാണിക്കാന്‍ കോവിലന്‍ തയാറായി.നഗരജീവിയായ പുത്രന്‍ തന്റെ പരാധീനതകളെക്കുറിച്ചെഴുതിയ കത്ത് വീണ്ടും വീണ്ടും വായിക്കുന്ന അച്ഛന്റെ ചിത്രത്തിലൂടെ കോവിലന്‍ വര്‍ത്തമാന കാലത്തിന്റെ ഉത്കണ്ഠകളെയാണു വായനക്കാരനു നല്കുന്നത്. എന്നെങ്കിലും അയച്ചു കിട്ടുമെന്നു സ്വപനം കാണുന്ന മണിയോര്‍ഡറും ചേന്നാടന്‍ ശേഖരന്റെ വിദേശപണവുമൊക്കെ തണുത്തുറഞ്ഞു പോയ ചില യാഥാര്‍ഥ്യങ്ങളുടെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്. തോറ്റങ്ങള്‍ കോവിലന്റെ മികച്ച കൃതിയാവുന്നതും ഈ കാരണങ്ങളാലാണ്.

"തട്ടക'ത്തിലേക്കെത്തുമ്പോള്‍ സാംസ്കാരികമായി പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനക്കൂട്ടത്തിന്റെ വൈകാരികതകളിലേക്കാണു കോവിലന്‍ ഇറങ്ങിച്ചെല്ലുന്നത്. ബ്രാഹ്മണമേധാവിത്വത്തെ ചെറുത്തുനിന്ന ജനങ്ങളുടെ വംശപരമ്പരയാണ് ഈഴവരെന്നു കാട്ടാന്‍ ബോധപൂര്‍വമായ ശ്രമമാണു കോവിലന്‍ "തട്ടക'ത്തിലൂടെ നടത്തിയിരിക്കുന്നത്.

സ്വന്തം നാടായ കണ്ടാണിശേരിയുടെ കഥയിലൂടെ, അന്നുവരെ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്ന സവര്‍ണധാരണകളെ സ്വന്തം സ്വത്വ ബോധത്തില്‍ നിന്നു കൊണ്ടു ചോദ്യംചെയ്യുകയായിരുന്നു കോവിലന്‍.

"തോറ്റങ്ങ'ളില്‍ കഥകളുടെ വൈകാരിക രംഗങ്ങളില്‍ നിന്നും വൈകാരിക തീവ്രത ചോര്‍ന്നു പോകാതിരിക്കാന്‍ വാക്കുകളിലും പശ്ചാത്തല വിവരണങ്ങളിലും മിതത്വം പാലിച്ച കോവിലനെയല്ല "തട്ടക'ത്തിലെത്തുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. കണ്ടാണിശേരിയും പന്നിശേരിയും വെട്ടുകാടും പട്ടാമ്പിപ്പുഴയും മുനിമടയും പുല്ലാനിക്കുന്നും കല്ലുകുത്തിപ്പാറയും തുടങ്ങി കാഴ്ചകളുടെ സമൃദ്ധിയിലേക്കാണു തട്ടകം വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്. ബോധധാരാ രചനാ സങ്കേതം പിന്തുടരുക വഴി മലയാളിയുടെ സംവേദനശക്തിയെ പരീക്ഷിച്ച നോവലിസ്റ്റാണു കോവിലനെന്ന് നിസംശയം പറയാം.

സാഹിത്യത്തിലായാലും ഏതൊരു കലാരൂപത്തിലായാലും കാലം കാത്തു സൂക്ഷിക്കുന്ന സംഭാവനകള്‍ മിക്കതും അധഃകൃതന്റേതായിരുന്നുവെന്ന് കോവിലന്‍ കരുതിയിരുന്നു. തന്റെ വാദം തെളിയിക്കുന്ന തിനായി നിരവധി ഉദാഹരണങ്ങളും കോവില ന്റെ പക്കലുണ്ട്. ഇതിഹാസങ്ങളുടെ കര്‍ത്താക്കള്‍ രണ്ടുപേരും അധഃകൃതരായിരുന്നു. വ്യാസന്‍ മുക്കുവത്തിയില്‍ പിറന്നവനാണെങ്കില്‍ വാത്മീകി കാട്ടാളനായിരുന്നു. ചിത്രകലയിലേക്കും ശില്പകലയിലേക്കും എത്തിയാലും തന്റെ വാദത്തില്‍ ഉറച്ചു നില്ക്കാന്‍ കോവിലന്റെ കൈയില്‍ ഉദാഹരണങ്ങളുണ്ട്. അജന്തയും എല്ലോറയും അധഃകൃതരുടേതാണ്.

കോവിലന്‍ മലയാള സാഹിത്യത്തിന് ആത്യന്തികമായി വിലപ്പെട്ടവനാകുന്നത് അദ്ദേഹം തന്റെ കൃതികളിലൂടെ ചര്‍ച്ച ചെയ്ത സാമൂഹിക പ്രശ്‌നങ്ങളാലും സാംസ്കാരിക പ്രതിസന്ധികളാലും എന്നതിലുപരി, അദ്ദേഹം തന്റെ രചനകള്‍ക്കു നല്കിയ ശില്പഭംഗിയിലൂടെയാണ്. വളരെ കുറച്ചു വാക്കുകള്‍ക്കൊണ്ട് അതിതീവ്രവും ശക്തവുമായ ഭാവങ്ങല്‍ പ്രതിഫലിപ്പിക്കാന്‍ കോവിലനോളം മികവു പുലര്‍ത്തിയ എഴുത്തുകാര്‍ വിരളമാണ്.

കോവിലന്റെ കൃതികളൂടെ കലാഭംഗിയെപ്പറ്റി അനുവാചകരുടെ ഇടയിലും നിരൂപകരുടെ ഇടയിലും അഭിപ്രായവ്യത്യാസം ഉണ്ടാവാം. എന്നാല്‍ അവയുടെ തനിമ ആര്‍ക്കും നിഷേധിക്കാനാവില്ല.

FACEBOOK COMMENT BOX