Tuesday, October 6, 2009

എഴുത്തിന്റെ ഉഷ്‌ണമേഖലകളില്‍......







എഴുത്തിന്റെ അമ്പതാം വാര്‍ഷികത്തിലേക്ക്‌ കടക്കുന്ന കാക്കനാടനുമായി സംസാരിച്ചതില്‍ നിന്ന്‌.
കാക്കനാടന്‍ /സന്ദീപ്‌ സലിം

എഴുത്തിന്റെ ധര്‍മം?
എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്‌ ഒരന്വേഷണമാണ്‌. നമ്മള്‍ ഭൂമിയില്‍ ജനിച്ചു. നമ്മുടെ ജന്മത്തിന്റെ ലക്ഷ്യം? എന്താണ്‌ ഓരോ ദിവസവും ചെയ്യേണ്ടത്‌? അങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടിയുള്ള യാത്രയാണ്‌ എനിക്ക്‌ എഴുത്ത്‌. പിന്നെ, ജീവിതം മരണത്തില്‍ അവസാനിക്കും എന്ന്‌ ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ നാം കൊണ്ടുനടന്നിട്ടുള്ള മൂല്യങ്ങളും സാന്മാര്‍ഗിക ചിന്തകളും അര്‍ഥ ശൂന്യമാണെന്ന്‌ നാം തിരിച്ചറിയും. അത്‌ നമ്മെ അരാജകത്വത്തിലേക്ക്‌ നയിക്കും. അത്‌ ഉണ്ടാകാതിരിക്കാനാണ്‌ എന്റെ ജീവിതത്തിന്റെ ലക്ഷ്യം ഞാന്‍ എഴുത്തിലൂടെ തേടുന്നത്‌. ചിലപ്പോള്‍ ഉത്തരം കിട്ടാതെ ഈ യാത്ര മരണത്തില്‍ അവസാനിച്ചേക്കാം. അതിനിടയില്‍ വാരിക്കൂട്ടിയ ചില ചിന്തകളില്‍ നിന്നുമാണ്‌ എന്റെ കഥകള്‍ ജനിച്ചിട്ടുള്ളത്‌.

ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട രചനയെക്കുറിച്ച്‌?

ഞാന്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത്‌ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കളും സഹോദരങ്ങളും മാത്രമേ അത്‌ വായിച്ചിരുന്നുള്ളൂ. അക്കാലത്ത്‌ അച്ഛന്റെ സുഹൃത്തായിരുന്ന ഒരാള്‍, അയാളുടെ പേര്‌ എന്റെ മനസിലുണ്ട്‌. പക്ഷേ, ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അദ്ദേഹം നടത്തിയിരുന്ന ജ്വാല എന്ന മാസികയിലേക്ക്‌ എന്തെങ്കിലും എഴുതണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്റെ അടുക്കല്‍ വരിയുണ്ടായി. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി `രാഷ്‌ട്രീയത്തിന്റെ രസതന്ത്രം' എന്ന പേരില്‍ ഒരു ലേഖനം എഴുതി നല്‍കുകയുണ്ടായി. എന്റെ വിഷയം കെമിസ്‌ട്രിയായിരുന്നതുകൊണ്ടായിരിക്കാം അങ്ങനൊരു ലേഖനം. അതാണ്‌ എന്റെ അച്ചടി മഷിപുരണ്ട ആദ്യ കൃതിയെന്നാണ്‌ എന്റെ ഓര്‍മ. രാഷ്‌ട്രീയ വിശകലനമായിരുന്നു. ആശയം എന്താണെന്ന്‌ ഓര്‍ക്കുന്നില്ല.

എഴുത്തിലേക്കുള്ള വരവ്‌?

എഴുതാന്‍ പ്രചോദനമായിട്ടുള്ള നിരവധി കാര്യങ്ങളുണ്ട്‌. അതില്‍ ഏറ്റവും പ്രധാനം മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയാണ്‌. എന്റെ കുടുംബത്തിന്‌ വ്യക്തമായ കമ്യൂണിസ്റ്റ്‌ അനുഭാവമുണ്ട്‌. കലകളേയും കലാകാരന്മാരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിട്ടുള്ള പ്രത്യയ ശാസ്‌ത്രങ്ങളില്‍ ഒന്നാണ്‌ കമ്യൂണിസം. പികെവി ഉള്‍പ്പെടെ നിരവധി കമ്യൂണിസ്റ്റുകള്‍ക്ക്‌ ഒളിവില്‍ പാര്‍ക്കാന്‍ സഹായം ചെയ്‌തു കൊടുത്തിട്ടുള്ള ആളാണ്‌ എന്റെ അച്ഛന്‍. അതുകൊണ്ടുതന്നെ അച്ഛന്‍ എന്നും എഴുതാന്‍ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്‌. എന്റെ സഹോദരങ്ങളും. എന്റെ സഹോദരന്‍ രാജന്‍ കാക്കനാടനും ഒരു കലാകാരനായിരുന്നു. അരവിന്ദന്റെ എസ്‌തപ്പാനില്‍ എസ്‌തപ്പാനായി അഭിനയിച്ചതും രാജനാണ്‌.വായനയാണ്‌ എന്റെ എഴുത്തിനെ പ്രചോദിപ്പിച്ചിട്ടുള്ള മറ്റൊരു പ്രധാന കാര്യം. നല്ല കഥകളും കവിതകളും വായിക്കുവാന്‍ എനിക്ക്‌ എന്തുകൊണ്ട്‌ അങ്ങനെയൊന്ന്‌ എഴുതിക്കൂടാ എന്നു ചിന്തിച്ചിട്ടുണ്ട്‌. മറ്റൊരു പ്രചോദനം സുഹൃത്തുക്കളാണ്‌. എഴുതുന്നത്‌ പൊട്ടക്കഥയായാലും നീ എഴുതിയല്ലോ എന്നു പറഞ്ഞ്‌ പ്രോത്സാഹിപ്പിച്ച്‌ നിരവധി സുഹൃത്തുക്കള്‍.

കഥാകാരന്‍ എന്ന നിലയിലുള്ള വളര്‍ച്ച?

എന്റെ വളര്‍ച്ചയില്‍ നിരവധിയാളുകള്‍ക്ക്‌ പങ്കുണ്ട്‌. ഞാന്‍ വലിയ എഴുത്തുകാരനായി എന്ന്‌ തോന്നിയിട്ടുമില്ല. കിട്ടിയ അവാര്‍ഡുകളുടെ കനം നോക്കിയോ വിറ്റുപോയ പുസ്‌തകങ്ങളുടെ എണ്ണമോ അല്ല, എഴുത്തുകാരനെ മഹാനാക്കുന്നത്‌. എത്രത്തോളം വായിക്കപ്പെട്ടു എന്നതാണ്‌.ഞാനാദ്യം എഴുതിയിരുന്നത്‌ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന പേരിലാണ്‌. കൗമുദി ബാലകൃഷ്‌ണനും നാടകകൃത്ത്‌ സി.എന്‍. ശ്രീകണ്‌ഠന്‍ നായരും ചേര്‍ന്ന്‌ നടത്തിയിരുന്ന `കഥാമാലിക' യിലാണ്‌ എന്റെ ഒരു കഥ ആദ്യമായി അച്ചടിച്ചു വരുന്നത്‌. പിന്നീട്‌ കഥാമാലികയില്‍ തന്നെ ജോര്‍ജ്‌ വര്‍ഗീസ്‌ എന്ന പേരില്‍ നിരവധി കഥകള്‍ വന്നു. അക്കാലത്ത്‌ കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു എന്ന മാസികയിലും കഥകള്‍ എഴുതിയിരുന്നു. ശ്രീകണ്‌ഠന്‍ നായര്‍ `കഥാമാലിക'യില്‍ നിന്നും പിരിഞ്ഞ്‌ ദേശബന്ധുവില്‍ ചേരുകയുണ്ടായി.പിന്നീട്‌ അക്കാലത്ത്‌ പ്രസിദ്ധീകരിച്ചിരുന്ന ജനയുഗം വാരികയുടെ പത്രാധിപരായിരുന്ന കാമ്പിശേറി കരുണാകരന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന ഞാന്‍ ഏതാനും കഥകള്‍ ജനയുഗത്തിലും എഴുതുകയുണ്ടായി. ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച കഥയിലാണ്‌ `കാക്കനാടന്‍' എന്ന പേര്‌ ഞാനാദ്യമായി ഉപയോഗിച്ചത്‌. കഥാമാലികയിലും ദേശബന്ധുവിലും ജനയുഗത്തിലും കഥകള്‍ പ്രസിദ്ധീകരിച്ചപ്പെട്ടതോടെ ഞാന്‍ അത്യാവശ്യം അറിയപ്പെട്ടു തുടങ്ങി.

അവാര്‍ഡുകളും അംഗീകാരങ്ങളും കിട്ടണമെന്ന്‌ ആഗ്രഹിച്ചിട്ടുണ്ടോ? അവ എഴുത്തിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ?

ഒരിക്കലും ഇല്ല. ഭംഗിവാക്കല്ല. അവാര്‍ഡ്‌ കിട്ടിയാലും ഇല്ലെങ്കിലും ഞാനിങ്ങനെയേ എഴുതുക. അവാര്‍ഡ്‌ കിട്ടുമ്പോള്‍ രണ്ടോ മൂന്നോ മണിക്കൂറു നേരത്തെ ഒരു സന്തോഷം അതിനപ്പുറം ഒരവാര്‍ഡും എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടില്ല.

രചനയുമായി ബന്ധപ്പെട്ടുണ്ടായ തിരിച്ചടികള്‍?

തിരിച്ചടികള്‍ ഒന്നും ഉണ്ടായിട്ടില്ല. കാരണം പ്രത്യേകിച്ച്‌ വലിയ ആഗ്രഹങ്ങളൊന്നുമുണ്ടായിരുന്ന ആളല്ല ഞാന്‍. എഴുത്തുകാരനാകണം എന്നാഗ്രഹിച്ചിരുന്നു. അതിനപ്പുറം പണം, പ്രശസ്‌തി ഇവയൊന്നും ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വലിയ തിരിച്ചടികളും നേരിട്ടിട്ടില്ല. പിന്നെ, ഞാന്‍ പ്രസിദ്ധീകരണത്തിന്‌ ഒരു കഥ അയച്ചിട്ട്‌ അത്‌ പ്രസിദ്ധീകരിക്കാതെ വന്നിട്ടുള്ളത്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ മാത്രമാണ്‌. അതില്‍ അല്‌പം നിരാശ തോന്നിയിരുന്നു. അതില്‍ രസകരമായ കാര്യം പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ച കഥയുടെ പേരും `നിരാശ' എന്നു തന്നെയാണ്‌. പിന്നീട്‌ കുറെയേറെക്കാലം മാതൃഭൂമിയിലേക്ക്‌ കൃതികള്‍ അയക്കാതിരുന്നു. പിന്നീട്‌ അവര്‍ തന്നെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ മാതൃഭൂമിയില്‍ എഴുതിത്തുടങ്ങിയത്‌.

അങ്ങയുടെ കൃതികള്‍ നിരൂപകരും വിമര്‍ശകരും വിലയിരുത്തിയതിനോടുളള പ്രതികരണം?

വളരെ അപൂര്‍വം നിരൂപകര്‍ക്കു മാത്രമേ കൃതികളുടെ അന്തസത്ത മാനസിലാക്കാന്‍ കഴിഞ്ഞിട്ടൂളളൂ. ബാക്കിയൊക്കെ എഴുതാന്‍ വേണ്ടി എഴുതപ്പെട്ടതാണ്‌. അതിന്‌ അവരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ? പിന്നെ നിരൂപണം മോശമായിപ്പോയി അല്ലെങ്കില്‍ വിമര്‍ശനം രൂക്ഷമായിപ്പോയി എന്നു പറഞ്ഞ്‌ ആരേയും കുറ്റം പറയാന്‍ ഞാന്‍ തയാറല്ല. അവരുടെ കഴിവില്ലായ്‌മ. അത്രേയുളളൂ. നിരവധിപ്പേര്‍ വിമര്‍ശിച്ചിട്ടുണ്ട്‌. എം. കൃഷ്‌ണന്‍ നായര്‍ എന്റെ ‘സാക്ഷി‘ മോശം നോവലുകളിലൊന്നാണെന്ന്‌ ഒരിക്കലെഴുതി. പിന്നീട്‌ എന്റെ നോവലുകളെ പ്രശംസിച്ചും എഴുതി രണ്ടെഴുത്തും എന്നില്‍ വലിയ പ്രതികരണം സൃഷ്‌ടിച്ചില്ല. എന്റെ കഥകള്‍ ഞാന്‍ ആഗ്രഹിച്ചതു പോലെ നിരൂപണം ചെയ്‌ത നിരൂപകര്‍ വിരളം. കെ പി അപ്പന്‍ അതില്‍ വ്യത്യസ്ഥനാവുന്നു. പിന്നെ, എന്റെ ഇളയ സഹോദരന്‍ രാജന്‍ കാക്കനാടന്റെ ചില വിലയിരുത്തലുകള്‍. നമുക്ക്‌ തോന്നുന്ന കാര്യങ്ങള്‍ എഴുതുക. മറ്റുള്ളവര്‍ അത്‌ വായിക്കണം എന്നാഗ്രഹിച്ചിരുന്നതിനപ്പുറം മറ്റുള്ളവരെക്കൊണ്ട്‌ അംഗീകരിപ്പിക്കണം എന്നാഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിരൂപകരോ വിമര്‍ശകരോ എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ല.എന്റെ അജ്ഞതയുടെ താഴ്‌ വരയെന്ന നോവലിനെ `മതാത്മക നോവലെന്ന്‌' വിലയിരുത്തിയത്‌ എന്നെ വളരെ അദ്‌ഭുതപ്പെടുത്തിയിരുന്നു.

സ്വാധീനിച്ചിട്ടുള്ള വിദേശ എഴുത്തുകാര്‍?

അതു നിരവധിയാളുകള്‍. പെട്ടെന്ന്‌ പറയാന്‍ പറഞ്ഞാല്‍ മനസിലേക്ക്‌ വരുന്നത്‌ റഷ്യന്‍ നേവലിസ്റ്റ്‌ ദസ്‌തയോവിസ്‌കി. അദ്ദേഹത്തിന്റെ കുറ്റവും ശിക്ഷയേക്കാളും എന്നെ സ്വാധീനിച്ചിട്ടുള്ളത്‌ ബ്രദേഴ്‌സ്‌ കരമസോവാണ്‌. പിന്നെ ബാല്‍സാക്കി. ഷേക്‌സ്‌പിയര്‍ അങ്ങനെ നിരവധി പേര്‍.ഞാന്‍ പഠിച്ചത്‌ എസ്‌.എന്‍. കോളജിലാണ്‌. പ്രീഡിഗ്രിക്കും ഡിഗ്രിക്കും കൂടി ഷേക്‌സ്‌പിയറിന്റെ മൂന്നു കൃതികളാണ്‌ അന്ന്‌ പഠിക്കാനുണ്ടായിരുന്നത്‌. എന്നാല്‍, ആ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഷേക്‌സ്‌പിയറിന്റെ സമ്പൂര്‍ണ കൃതികളും പഠിച്ചുതീര്‍ത്തു എന്നതാണ്‌ സത്യം.ജോര്‍ജ്‌ ലൂയി ബോര്‍ഹസ്‌, ഗബ്രിയേല്‍ ഗാര്‍സിയോ മാര്‍ക്കോസ്‌ മരിയ വര്‍ഗാസ്‌ യോസ തുടങ്ങിയ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ പുസ്‌കതങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്‌ എന്നു പറയാം.

മലയാള എഴുത്തുകാരില്‍ ഇഷ്‌ടം തോന്നിയിട്ടുള്ളവര്‍?

ഉത്തരം പറയാന്‍ വളരെ പ്രയാസം ഉള്ള ചോദ്യം. നിരവധി എഴുത്തുകാര്‍ എന്റെ സുഹൃത്തുക്കളായിരുന്നു. പിന്നെ, എഴുത്തിനെ വിലയിരുത്തിയാല്‍ ബഷീര്‍ എന്നെ വല്ലാതെ അദ്‌ഭുതപ്പെടുത്തിയ എഴുത്തുകാരനാണ്‌. പിന്നെ, എം.പി. നാരായണപിള്ളയും മാധവിക്കുട്ടിയും. എം. പി. നാരായണപിള്ളയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസില്‍ വരുന്നത്‌ `പരിണാമ' മാണെങ്കിലും എനിക്കു ഇഷ്‌ടപ്പെട്ടത്‌ അദ്ദേഹത്തിന്റെ `കള്ളന്‍' എന്ന കഥയാണ്‌. അതിന്റെ ക്രാഫ്‌റ്റ്‌ അപാരമാണ്‌. മാധവിക്കുട്ടി മലയാളത്തിന്‌ നല്‌കിയിരിക്കുന്ന ഇമേജ്‌ അതും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ നഷ്‌ടപ്പെട്ട നിലാംബരി.

മുകുന്ദനും വിജയനും ആധുനികതയുടെ പ്രത്യക്ഷവക്താക്കളായിരുന്നപ്പോള്‍ അങ്ങ്‌ ആധുനികതയുടെ നിശബ്‌ദ വക്താവായിരുന്നു. എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഈ വിശേഷണത്തോടുള്ള പ്രതികരണം?

ശുദ്ധമണ്ടത്തരം. ഡല്‍ഹിയില്‍ ഞാനും മുകുന്ദനും വിജയനും ഒന്നിച്ചുണ്ടായിരുന്നു. അതുകൊണ്ടാണോ ഈ വിശേഷണം? സത്യത്തില്‍ എഴുത്തിനെ ക്യാറ്റഗറൈസ്‌ ചെയ്യുന്നതിനോട്‌ വ്യക്തിപരമായി ഞാന്‍ യോജിക്കുന്നില്ല. കഥ, കവിത എന്നൊക്കെ തിരിക്കാം. പക്ഷേ, ആധുനികത, ഉത്തരാധുനികത, അത്യാധുനികത തിടങ്ങിയ സംജ്‌ഞളോട്‌ ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ അത്തരത്തില്‍ എന്തെങ്കിലും എഴുതിയതായി തോന്നിയിട്ടുമില്ല. എനിക്ക്‌ എന്ത്‌ തോന്നിയോ അത്‌ ഞാനെഴുതി. അത്രമാത്രം.

രാഷ്‌ട്രീയ നിലപാടുകള്‍, താത്‌പര്യം തോന്നിയിട്ടുള്ള പ്രത്യയശാസ്‌ത്രം? സ്വാധീനിച്ച പ്രത്യയശാസ്‌ത്രം ?

അത്‌ കമ്യൂണിസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ പ്രത്യയശാസ്‌ത്രം തന്നെ. അതിന്റെ പ്രധാനകാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ അച്ഛന്റെ സ്വാധീനം തന്നെയാണ്‌.മാര്‍ക്‌സിസ്റ്റ്‌ തത്ത്വശാസ്‌ത്രം മുന്നോട്ടുവച്ച `സര്‍പ്ലസ്‌ വാല്യു' എന്ന ആശയം എന്നെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്‌. മനുഷ്യരെ ജാതിക്കും മതത്തിനും വര്‍ഗത്തിനും വര്‍ണത്തിനും ഭാഷയ്‌ക്കും ദേശത്തിനും അതീതമായി കാണാന്‍ പഠിപ്പിച്ച കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രം തന്നെ എന്റെ കൃതികളെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ളത്‌.

കേരളത്തിലെ സിപിഐഎമ്മിനെക്കുറിച്ച്‌?

എന്തു പറയാന്‍! ഇപ്പോഴത്തെ പാര്‍ട്ടി ഒത്തുതീര്‍പ്പുകളുടെ പാര്‍ട്ടിയല്ലേ? ഒത്തു തീര്‍പ്പുകള്‍ക്ക്‌ തയാറായപ്പോള്‍ തന്നെ അതിന്റെ പ്രസക്തി നഷ്‌ടപ്പെട്ടുകഴിഞ്ഞു. ഇനി അവര്‍ക്ക്‌ തിരിച്ചുവരാന്‍ കഴിയില്ല. കമ്യൂണിസ്റ്റ്‌ പ്രത്യശശാസ്‌ത്രത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട്‌ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുതിയ തലമുറ സൃഷ്‌ടിക്കപ്പെടും. അത്‌ കാലത്തിന്റെ അനിവാര്യതയാണ്‌. സിപിഐഎമ്മിന്‌ തിരിച്ചുവരാന്‍ കഴിയില്ല.

അങ്ങയുടെ എഴുത്തിന്റെ ശൈലി അനുകരിക്കാന്‍ ശ്രമിച്ച നിരവധിപ്പേര്‍ എങ്ങുമെത്താതെ പോയി. അതില്‍ പലരും, ``എന്റെ എഴുത്തിനെ നശിപ്പിച്ചത്‌ കാക്കനാടനാണെന്ന്‌'' ആരോപിക്കുകയും ചെയ്‌തു. ഇതിനോടുള്ള പ്രതികരണം?

എന്തു പ്രതികരിക്കാന്‍, അതൊക്കെ അവന്‍മാര്‍ക്ക്‌ കഴിവില്ലാഞ്ഞിട്ട്‌ അല്ലാതെ ഞാനെന്തു ചെയ്‌തു. നമ്മുടെ എഴുത്തില്‍ മറ്റ്‌ എഴുത്തുകാരുടെ സ്വാധീനമുണ്ടാകാം. അത്‌ ഒരിക്കലും അനുകരണമാകരുത്‌. പിന്നെ, ആരോപണം ഉന്നയിച്ചവരുടെ ലക്ഷ്യം `ലൈം ലൈറ്റില്‍' വരുക എന്നതാണ്‌. അതിനാണ്‌ എന്നെ നശിപ്പിച്ചത്‌ കാക്കനാടനാണ്‌ മുകുന്ദനാണ്‌ എന്നൊക്കെ പറയുന്നത്‌.എന്നെപ്പോലെയാണ്‌ എഴുതുന്നതെന്ന്‌ തോന്നിയ പല എഴുത്തുകാരോടും എന്നില്‍ നിന്നും പുറത്തു വരണമെന്ന്‌ ഞാന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. അക്‌ബര്‍ കക്കട്ടിലിനെയൊക്കെ ഞാന്‍ എന്നെ അനുകരിച്ചതിന്റെ പേരില്‍ ഞാന്‍ ശാസിച്ചിട്ടുണ്ട്‌. പണ്ടു ചെറുപ്പത്തിലാണ്‌.

ഔദ്യോഗിക ജീവിതത്തെക്കുറിച്ച്‌?

എന്റെ വിദ്യാഭ്യാസ യോഗ്യത ബിഎസ്‌ സി കെമിസ്‌ട്രിയാണ്‌. ഡിഗ്രി കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക്‌ ജോലികിട്ടി. അധ്യാപകനായാണ്‌ എന്റെ ഔദ്യോഗികജിവിതം ആരംഭിക്കുന്നത്‌. മുന്‍മന്ത്രി ചന്ദ്രശേഖരന്‍ നായരുടെ അച്ഛന്‍ ഏഴുകോണില്‍ നടത്തിയിരുന്ന സ്വകാര്യ സ്‌കൂളിലാണ്‌ ഞനാദ്യം അധ്യാപകനായി ചേരുന്നത്‌. ഒരു വര്‍ഷക്കാലം മറ്റൊരു സ്‌കൂളിലും ജോലിചെയ്‌തു. അതും സ്വകാര്യ സ്‌കൂളായിരുന്നു. പിന്നെ എനിക്ക്‌ റെയില്‍വേയില്‍ ജോലികിട്ടി. ഏകദേശം പത്തുവര്‍ഷത്തോളം റെയില്‍വേയില്‍ ജോലി ചെയ്‌തു.ഔദ്യോഗിക ജീവിതത്തോട്‌ എനിക്കൊരിക്കലും താത്‌പര്യം തോന്നിയിട്ടില്ല. കാരണം ചെറുപ്പം മുതലേ ഒരു എഴുത്തുകാരനാവണം എന്ന ആഗ്രഹമാണ്‌. അതുകൊണ്ടുതന്നെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമായിരുന്നു എന്റെ ചിന്ത ഔദ്യോഗിക ജീവിതം എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിച്ചതായി എനിക്ക്‌ തോന്നിയിട്ടില്ല.

വാടക വീടുകളിലെ ജീവിതത്തില്‍ നിന്നും സ്ഥിരതാമസത്തിലേക്കുള്ള മാറ്റം?

ഞാന്‍ വ്യക്തിപരമായി ആഗ്രഹിച്ചിട്ടില്ല. കൂടുവിട്ടു കൂടുമാറുന്നശീലം അച്ഛനില്‍ നിന്നും കിട്ടിയതാണ്‌. ഇന്ന്‌ ഞാനാഗ്രഹിച്ചതല്ല. കാരണം അതില്‍ അര്‍ഥമുണ്ടെന്ന എനിക്ക്‌ തോന്നിയിട്ടില്ല. ഒന്നും എന്റെ സ്വന്തമല്ല. പക്ഷേ, വാടക വീടുകള്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ളത്‌ എന്റെ അമ്മിണിയെയാണ്‌. കാരണം വീടുമാറാനുള്ള തീരുമാനം മാത്രമായിരുന്നു എന്റേതായുള്ളത്‌. മാറിയിരുന്നത്‌ അവളായിരുന്നു.

നരേന്ദ്രപ്രസാദുമായി നല്ല സൗഹൃദമാണല്ലോ, ഉണ്ടായിരുന്നത്‌. അദ്ദേഹത്തെക്കുറിച്ച്‌?

എന്റെ അഭിപ്രായത്തില്‍ നരേന്ദ്ര പ്രസാദിന്റെ പ്രവര്‍ത്തന മേഖല സാഹിത്യം തന്നെയായിരുന്നു. സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ പോക്ക്‌ അദ്ദേഹത്തിലെ സാഹിത്യകാരനെ ഇല്ലാതാക്കിക്കളഞ്ഞു. പ്രസാദ്‌ സിനിമാ നടന്‍ ആയിരുന്നില്ലെങ്കില്‍ മലയാളത്തിലെ മികച്ച ഒരു സാഹിത്യ നിരൂപകനാകുമായിരന്നു. ഞാന്‍ പറയുക, കച്ചവട സിനിമയില്‍ ഇറങ്ങി മരിച്ചുപോയ ആളാണ്‌ പ്രസാദ്‌. പ്രസാദ്‌ മരിച്ചിട്ട്‌ പത്തുവര്‍ഷമേ ആയിക്കാണൂ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം പ്രസാദ്‌ മരിച്ചിട്ട്‌ ഇരുപതു വര്‍ഷത്തോളമായി. അതായത്‌, അദ്ദേഹം സിനിമാ അഭിനയം ആരംഭിച്ച അന്ന്‌.

അങ്ങയുടെ ചലച്ചിത്ര സംരംഭങ്ങള്‍?

സിനിമ എനിക്കൊരിക്കലും വഴങ്ങിയിട്ടില്ല. അത്‌ എന്റെ തട്ടകവുമല്ല. എഴുത്താണ്‌ എന്റെ തട്ടകം. ക്രോസ്‌ബെല്‍റ്റ്‌ മണിയുമായി ചേര്‍ന്നാണ്‌ എന്റെ ആദ്യ ചലച്ചിത്ര സംരംഭങ്ങള്‍. മണിയുടെ നിരവധി ചിത്രങ്ങള്‍ക്കുവേണ്ടി ഞാന്‍ കഥ എഴുതിയിട്ടുണ്ട്‌. എന്റെ പേര്‌ വന്നിട്ടില്ലെന്ന്‌ മാത്രം. കുറച്ചു ചിത്രങ്ങളുമായി സഹകരിച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ `സിനിമാക്കഥ' എനിക്ക്‌ വഴങ്ങില്ലെന്ന്‌ മനസിലായി. പിന്നെ, എന്റെതെന്ന്‌ പറഞ്ഞ്‌ പുറത്തുവന്നിട്ടുള്ളത്‌ രണ്ട്‌ തിരക്കഥകളാണ്‌. പറങ്കിമലയും പാര്‍വതിയും. ഭരതനാണ്‌ സംവിധാനം ചെയ്‌തത്‌.

സംവിധായകന്‍ ഭരതനെക്കുറിച്ച്‌?

മലയാളത്തില്‍ ഇത്രയും വിഷ്വല്‍ സെന്‍സുള്ള സംവിധായകര്‍ അപൂര്‍വമാണ്‌. അത്‌ എനിക്ക്‌ നേരിട്ട്‌ മനസിലാക്കിയിട്ടുണ്ട്‌. ഭരതന്റെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത്‌ ഒത്തുതീര്‍പ്പുകള്‍ക്ക്‌ വഴങ്ങുമായിരുന്നില്ല എന്നതാണ്‌. തിരക്കഥ ഒരിക്കല്‍ എഴുതിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ ഭരതന്‍ തയാറാകുമായിരുന്നില്ല. തന്റെ താച്‌പര്യത്തിലുള്ള സിനിമയിലേക്ക്‌ സഹപ്രവര്‍ത്തകരെ എത്തിക്കാനുള്ള ഭരതന്റെ കഴിവും അപാരമായിരുന്നു.ഭരതന്റെ കുറവായിട്ട്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌ കാസ്റ്റിംഗിലെ പരാജയമായിരുന്നു. യഥാര്‍ഥത്തില്‍ പറങ്കിമലയുടെയൊക്കെ പരാജയത്തിന്‌ പ്രധാനകാരണമായിട്ട്‌ എനിക്ക്‌ തോന്നിയിട്ടുള്ളതും ഇതാണ്‌. പറങ്കിമലയിലെ നായകന്‍ ബിനോയി ആ കഥാപാത്രത്തിന്‌ ഒട്ടും ചേരുമായിരുന്നില്ല. നായിക സൂര്യ കൊള്ളാമായിരുന്നു. ബിനോയിയെ സെലക്ടചെയ്‌തത്‌ ഭരതനായിരുന്നു.`പാര്‍വതി' ഭരതന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. എന്റെ `അടിയറവ്‌' എന്ന നോവലാണ്‌ പാര്‍വതി എന്ന പേരില്‍ സിനിമയായത്‌. അതില്‍ എന്റെ കോണ്‍ട്രിബ്യൂഷനേക്കാള്‍ ഭരതന്റെ `വിഷ്വല്‍ സെന്‍സാണ്‌.' പാര്‍വതി സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും നല്ല സിനിമ എന്നു പേരു നേടുകയുണ്ടായി.

ജോണ്‍ ഏബ്രഹാമിനെക്കുറിച്ച്‌?

ജോണ്‍ എനിക്ക്‌ എന്റെ അനുജനായിരുന്നു. അവന്റെ ചിന്തയും കാഴ്‌ചപ്പാടുകളും മനസിലായിരുന്ന അപൂര്‍വം ചില വ്യക്തികളില്‍ ഒരാളായിരുന്നു, ഞാന്‍. അതുകൊണ്ടുതന്നെ ജോണുമായി വലിയ വൈകാരിക ബന്ധവുമുണ്ടായിരുന്നു. ജോണിന്‌ കിടക്കാന്‍ വേണ്ടിമാത്രമായി എന്റെ വീടിനുമുന്നില്‍ ഞാനൊരു കട്ടില്‍ ഇട്ടിരുന്നു. എത്ര വൈകിവന്നു കിടന്നാലും ജോണ്‍ പുലര്‍ച്ചെ എഴുന്നേല്‌ക്കുമായിരുന്നു. ഉണര്‍ന്നെഴുന്നേല്‌ക്കുന്നത്‌ ഒരു പ്രാര്‍ഥനയോടെയായിരുന്നു. അതു കേട്ട്‌ എന്റെ അമ്മ പറയുമായിരുന്നു. `എന്തു നല്ല പയ്യനായിരുന്നു ജോണെന്ന്‌.'ജോണ്‍ മരണത്തിലേക്കുള്ള തന്റെയാത്ര തുടങ്ങിയതും. എന്റെ വീട്ടില്‍ നിന്നുമായിരുന്നു. എന്റെ ആരുടെയോ ഒരു നഗരം എന്ന നോവല്‍ സിനിമയാക്കണമെന്ന്‌ ജോണ്‍ ആഗ്രഹിച്ചിരുന്നു. അതിനെക്കുറിച്ച്‌ ഒരിക്കല്‍ ജോണ്‍ പറഞ്ഞത്‌, ``എടാ അതിലഭിനയിക്കാന്‍ പറ്റിയ ഒരു നടനെ ഇതുവരെ കിട്ടിയിട്ടില്ല. ഞാന്‍ തന്നെ അഭിനയിക്കേണ്ടിവരുമെന്നാണ്‌ തോന്നുന്നത്‌ എന്നാണ്‌.

ദീപികയുമായുള്ള ബന്ധം?

ദീപികയ്‌ക്കുവേണ്ടി ഒരു ചെറുനോവല്‍ ഞാനെഴുതിയിട്ടുണ്ട്‌. ദാവീദിന്റെയും സലോമോന്റെയും പാരലല്‍ ആയിട്ടുള്ള കഥ. നോവലെറ്റ്‌ എന്നു പറയാം. ഒരുപക്ഷേ, പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ആദ്യത്തെ നോവലെറ്റും അതായിരിക്കാം. കോട്ടയത്തു താമസിച്ചാണ്‌ അതെഴുതുന്നത്‌. കരിത്താസ്‌ ആശുപത്രിയോട്‌ ചേര്‍ന്ന്‌ ഉണ്ടായിരുന്ന ഒരു ലോഡ്‌ജില്‍ താമസിച്ചാണ്‌ അത്‌ എഴുതി പൂര്‍ത്തിയാക്കുന്നത്‌. സുഹൃത്തുക്കളൊക്കെ അവരുടെ വീടുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും അവിടെത്താമസിച്ചാല്‍ എഴുത്ത്‌ നടക്കില്ലെന്ന്‌ അറിയാമായിരുന്നതുകൊണ്ടാണ്‌ ലോഡ്‌ജില്‍ മുറിയെടുത്ത്‌ തങ്ങിയത്‌. എം.ജി.യൂണിവേഴ്‌സിറ്റി പിന്നീടത്‌ പാഠപുസ്‌തകമാക്കിയിരുന്നു. നിരവധി ചെറുകഥകളും ദീപിക ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

4 comments:

പാവപ്പെട്ടവൻ said...

ജനഹൃദയങ്ങളില്‍ വ്യക്തമായ ഒരു സ്ഥാനം ഉറപ്പിച്ച ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ കാക്കാനാടന്‍ എന്നും ഓര്‍മ്മിക്കപെടും പക്ഷേ നമ്മുടെ സാഹിത്യ ലോകം അദ്ദേഹത്തിനു വേണ്ടുന്ന അംഗികാരം നല്‍കിയില്ല എന്നത് ഒരു സത്യം തന്നെയാണ്

പകല്‍കിനാവന്‍ | daYdreaMer said...

വായന ഒരുക്കിയതിനു നന്ദി സന്ദീപ്‌.

sandeep salim (Sub Editor(Deepika Daily)) said...

എസ്റ്റാബ്ലിഷ്ഡ് സാഹിത്യ ലോകത്തിന്റെ ഭാഗമായിരിക്കാന്‍ കാക്കനാടന്‍ ആഗ്രഹിച്ചിരുന്നില്ല പാവപ്പെട്ടവന്‍... ഒരു രീതിയില്‍ പറഞ്ഞാല്‍ കാക്കനാടന്‍ ഒരു ഒറ്റയാനായിരുന്നു...

ശ്രീജിത് കൊണ്ടോട്ടി. said...

വായിക്കാന്‍ വൈകിപ്പോയി.. ആദരാഞ്ജലികള്‍ കൂടി അര്‍പ്പിക്കുന്നു...

FACEBOOK COMMENT BOX