Thursday, January 1, 2009

വിദ്യാഭ്യാസം സാങ്കേതിക വിദ്യയിലൂടെ



Sandeep Salim

ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിപ്ലവകരമായ മാറ്റത്തിന്‌ കാരണമായേക്കാവുന്ന പുതിയ പഠന സമ്പ്രദായത്തിന്‌ രൂപം നല്‍കിയിരിക്കുകയാണ്‌ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി. നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമായി തീര്‍ന്ന വിവിധ സാങ്കേതിക വിദ്യകളുടെ സമന്വയമാണ്‌ ഈ പുതിയ പഠന സമ്പ്രദായത്തിന്റെ മേന്മ.ഇന്റര്‍നെറ്റും അനുബന്ധ കാര്യങ്ങളും അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഔപചാരിക വിദ്യാഭ്യാസത്തില്‍ അവയ്‌ക്ക്‌ രണ്ടാംസ്ഥാനമേ കല്‍പ്പിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യകളുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ്‌ അവയുടെ നല്ലവശങ്ങളെ ഉപയോഗപ്പെടുത്താനാണ്‌ `ഇഗ്‌നോ' (IGNO) യുടെ ശ്രമം.ഈ ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയിലെ മുന്‍നിര യൂണിവേഴ്‌സിറ്റികളുടെ ഒരു കണ്‍സോര്‍ഷ്യം `ഇഗ്‌നോ' രൂപീകരിക്കുകയുണ്ടായി. `ഇന്റര്‍ യൂണിവേഴ്‌സിറ്റി കണ്‍സോര്‍ഷ്യം ഫോര്‍ ടെക്‌നോളജി എനേബിള്‍ഡ്‌ ഫ്‌ളെക്‌സിബിള്‍ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ (IUC-TEFED)' എന്ന പേരിലാണ്‌ ഈ കണ്‍സോര്‍ഷ്യം അറിയപ്പെടുന്നത്‌.
ഇന്ത്യയില്‍ വിദൂര പഠനത്തിന്‌ (DISTANCE EDUCATION) അവസരമൊരുക്കുന്ന യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനങ്ങളെ പരസ്‌പരം ബന്ധിപ്പിച്ചുകൊണ്ട്‌ `ഓപ്പണ്‍ ഡിസ്റ്റന്‍സ്‌ ലേണിംഗ്‌' എന്ന പൊതുവായ പ്രവര്‍ത്തന മേഖലയുടെ രൂപീകരണമാണ്‌ ഈ കണ്‍സോര്‍ഷ്യത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള നിരവധി വിവരങ്ങള്‍ വളരെ വേഗത്തിലും കാര്യക്ഷമവുമായി കൈമാറാന്‍ കഴിയും. ഇതിനുപരി അധ്യാപകരുടെ സേവനം പോലും പങ്കുവയ്‌ക്കപ്പെടുന്നു.പുതിയ പഠന സമ്പ്രദായത്തിലൂടെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ പഠന കേന്ദ്രങ്ങള്‍ തേടി പോകേണ്ടതില്ല. ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള എവിടെ നിന്നും `വീഡിയോ കോണ്‍ഫറന്‍സിംഗി`ലൂടെ IUC-TEFED അംഗത്വമുള്ള ഏതു യൂണിവേഴ്‌സിറ്റിയുടെയും ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ സാധിക്കും. കൂടാതെ, IUC-TEFED നടത്തുന്ന `ഇ- സെമിനാര്‍, ഇ-ഡിക്ഷന്‍' തുടങ്ങിയവയിലും പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരം ലഭിക്കുന്നു.യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമല്ല, വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്കും ഈ വിധത്തില്‍ സെമിനാറുകളില്‍ പങ്കെടുക്കാനും വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കും.ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ റേഡിയോ ടെക്‌സ്റ്റിങ്ങും' IUC-TEFED ഉപയോഗപ്പെടുത്തുന്നുണ്ട്‌. റേഡിയോയുമായി ബന്ധപ്പെടുത്തി ഒരു പ്രിന്റര്‍ സൗകര്യം ഏര്‍പ്പെടുത്താനായാല്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന പരിപാടിയുടെ `ടെക്‌സ്റ്റ്‌' നമുക്ക്‌ പേപ്പറില്‍ പ്രിന്റ്‌ ചെയ്‌തെടുക്കാം. ഓള്‍ ഇന്ത്യ റേഡിയോ (AIR), വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇന്‍സാറ്റിന്റെ (INSAT) , KU-BAND ഉപയോഗപ്പെടുത്തിയാണ്‌ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

IUC-TEFEDന്റെ മറ്റൊരു പ്രത്യേകത ഇന്ത്യയില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഏതാനും ഗ്രാമങ്ങളെ തെരഞ്ഞെടുത്ത്‌ അവയുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനും കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നു. കൂടാതെ, സ്‌കൂളുകളിലേക്ക്‌ ആവശ്യമായ സാങ്കേതിക വിഷയങ്ങളെ കുറിച്ചുള്ള പാഠപുസ്‌തകങ്ങള്‍ തയാറാക്കാനും ലക്ഷ്യം വയ്‌ക്കുന്നു.യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്റെയും (UGC), അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിസിന്റെയും മേല്‍നോട്ടത്തില്‍ രൂപീകരിച്ചിട്ടുള്ള ഗവേണിംഗ്‌ കൗണ്‍സിലാണ്‌ IUC-TEFEDയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‌കുന്നത്‌. കൂടാതെ കണ്‍സോര്‍ഷ്യത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിനായി `അക്കാഡമിക്‌ ബോര്‍ഡ്‌, ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി, റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ കമ്മിറ്റി, ഫിനാന്‍സ്‌ കമ്മിറ്റി തുടങ്ങി നാലു സമിതികളും രൂപീകരിച്ചിട്ടുണ്ട്‌.

IUC-TEFED ഡയറക്‌ടര്‍ പി.ആര്‍ രാമാനുജത്തിന്റെ അഭിപ്രായത്തില്‍ ഏറ്റവുമധികം ബൗധിക വളര്‍ച്ച നേടിയ ജനത ഭാരത ജനതയാണ്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ``ഇന്ത്യ ബുദ്ധിമാന്മാരുടെ രാജ്യമാണ്‌. പക്ഷേ, നമ്മുടേത്‌ ചിതറിക്കിടക്കുന്ന ബുദ്ധിയാണ്‌. അത്‌ ഒരു സ്ഥലത്ത്‌ കേന്ദ്രീകരിക്കാനായാല്‍ നമ്മുടെ വളര്‍ച്ച അദ്‌ഭുതാവഹമായിരിക്കും. അതിനുള്ള ഒരു ശ്രമത്തിന്റെ ആദ്യ കാല്‍വയ്‌പാണിത്‌.'' രാമാനുജത്തിന്റെ വാക്കുകളിലെ വസ്‌തുതകള്‍ തിരിച്ചറിയുകയും വികസിത രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിനായി ഇവയെ ഉള്‍ക്കൊള്ളുകയും ചെയ്യണം.

No comments:

FACEBOOK COMMENT BOX