Tuesday, December 16, 2008

പൊയ്‌മുഖങ്ങള്‍


sandeep salim

നൈറ്റ്‌ ഷോപ്പിങ്ങിനെപ്പറ്റി
വാതോരാതെ പറയുന്ന വെളുത്തു മെലിഞ്ഞ
ചെറുപ്പക്കാരന്‍ ഇന്നലെ
കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ച പെണ്ണിന്റെ
മടിക്കുത്തഴിച്ചവനാണെന്നെനിക്കറിയില്ലായിരുന്നു


"ഇതിലും മധുരമുളള കേക്കുണ്ടു സാര്‍"
മൃദുലമായ്‌ പറയുന്ന യുവതി ഇന്നലെ
ഭര്‍ത്താവിന്‌ വിഷം നല്‍കി
കാമുകനൊപ്പം പോയവളാണെന്ന്‌ കരുതിയില്ല


പ്രണയത്തിന്റെ തീവ്രാനുഭവങ്ങളെ
കവിതയില്‍ ചാലിച്ച്‌ വായനക്കാരെ ഉന്‍മത്തനാക്കുന്ന
യുവകവി ഇന്നലെ ,
പ്രണയം നിരസിച്ച യുവതിയുടെ കൈപ്പത്തി
വെട്ടിമാറ്റിയവനാണെന്ന്‌ ഞാനറിഞ്ഞില്ല


ആഗോള സാഹോദര്യത്തിന്റെ സന്ദേശവുമായി
വീട്ടില്‍ വന്ന സുവിശേഷകന്‍ ഇന്നലെ,
മതതീവ്രവാദത്തിന്റെ വിഷം പുരട്ടിയ കത്തികൊണ്ട്‌
മുസ്‌്‌ലിം യുവതിയുടെ നിറവയര്‍
കുത്തിക്കീറിയവനാണെന്നത്‌ എനിക്കജ്ഞാതമായിരുന്നു


ആതുരസേവനത്തിന്റെ മഹത്വത്തെ കുറിച്ച്‌
സ്റ്റഡിക്ലാസ്‌ നടത്തുന്ന മദ്ധ്യവയസ്‌കനായ
ഡോക്ടര്‍ ഇന്നലെ,
ചികിത്സയ്‌ക്കെത്തിയ കൂലിപ്പണിക്കാരന്റെ
വൃക്കമോഷ്ടിച്ചവനാണെന്നത്‌ അചിന്തനീയമായിരുന്നു


അറിവും സംസ്‌കാരവും
പകല്‍മാന്യതയുടെ
പൊയ്‌മുഖങ്ങളാകുന്നു
കവിതയുടെ പിന്നില്
‍നിലവിളികള്‍
നിശബ്ദമാകുന്നു
ജീവിതം അതിജീവനമായ്‌ മാറുമ്പോള്‍
തിരിച്ചറിഞ്ഞിട്ടും
സത്യത്തെ പടിയടച്ച്‌ പിണ്ഡം വച്ചു.

1 comment:

Unknown said...

Its very good. It's not words, but facts. Congrats man . Wish you all the best.

FACEBOOK COMMENT BOX