Saturday, December 20, 2008

രാഷ്ട്രീയത്തിലെ രാജാ സാഹിബ്‌..............

sandeep salim

വശ്യമായ പുഞ്ചിരിയും നയചാതുരിയുടെ വിളനിലവുമായിരുന്ന രാജാ സാബിബ്‌ എന്ന്‌ സുഹൃത്തുക്കള്‍ വിളിക്കുന്ന വിജയ്‌ പ്രതാപ്‌ സിംഗ്‌ 1931 ല്‍ അലഹബാദിലാണ്‌ ജനിച്ചത്‌. സയന്‍സിലും ആര്‍ട്‌സിലും ബിരുദമെടുത്ത വി പി സിംഗ്‌ ഒരു രാഷ്‌ട്രീയക്കാരന്റെ കുപ്പായത്തില്‍ പ്രത്യക്ഷപ്പെടുമെന്ന്‌ ഒരുപക്ഷേ അടുത്ത സുഹൃത്തുക്കള്‍ പോലും കരുതിയിരുന്നില്ല.

പഠനകാലത്തുതന്നെ ഹിന്ദി കവിതകളോട്‌ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന സിംഗിന്റെ വഴി ഒരു സാഹിത്യകാരന്റേതായിരിക്കുമെന്ന്‌ അധ്യാപകരും പ്രവചിച്ചു. എന്നാല്‍ മാന്‍ഡയിലെ രാജാവിന്റെ വളര്‍ത്തു പുത്രനായിരുന്ന വി പി എല്ലാ പ്രവചനങ്ങളേയും കാററ്റില്‍ പറത്തി.

ജീവിതത്തില്‍ ചിന്തയിലും നിലപാടുകളിലും മാനവികതയിലും ഒരു രാജാവിന്റെ ആഢ്യത്വം കാത്തു സൂക്ഷിച്ചിരുന്നെങ്കിലും ഒരിക്കലും അത്‌ ആഡംബരത്തിന്‌ വഴിമാറിയിരുന്നില്ല.

വിനോബാ ഭാവെ നേതൃത്വം നല്‍കിയ ഭൂദാന പ്രസ്ഥാനത്തിലൂടെയാണ്‌ വിപി സിംഗ്‌ ഒരു പൊതുപ്രവര്‍ത്തകനാവുന്നത്‌. 1957 ല്‍ അലഹബാദില്‍ പസ്‌ന ഗ്രാമത്തില്‍ തന്റെ പേരിലുണ്ടായിരുന്ന കൃഷി സ്ഥലം കര്‍ഷകര്‍ക്ക്‌ ദാനം ചെയ്‌തു കൊണ്ട്‌ അദ്ദേഹം പ്രസ്ഥാനത്തോടുളള കൂറ്‌ വ്യക്‌തമാക്കി. ഏറ്റെടുക്കുന്ന കാര്യത്തിന്റെ വിജയത്തിനുവേണ്ടി എത്രവലിയ ത്യാഗം സഹിക്കാനും തയാറാകാന്‍ അദ്ദേഹത്തിന്‌ മടിയില്ലായിരുന്നു. ഈ ഒരു മനോഭാവമാണ്‌ അദ്ദേഹത്തെ രാഷ്‌ട്രീയത്തിലും സമാനതകളില്ലാത്ത വ്യക്തിത്വമാക്കിയത്‌.

1969 ല്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ഉത്തര്‍പ്രദേശ്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും രാഷ്‌ട്രീയം തന്റെ വഴിയായിരിക്കുമെന്ന്‌ സിംഗോ സഹപ്രവര്‍ത്തകരോ കരുതിയിരുന്നില്ല. എന്നാല്‍ എല്ലാ അര്‍ഥത്തിലും ഒരു മനുഷ്യ സ്‌നേഹിയായിരുന്ന വി പി വളരെ പെട്ടന്നു തന്നെ പൊതുജീവിതത്തില്‍ ശ്രദ്ധേയനായിത്തീര്‍ന്നു. നിലപാടുകളിലും കാഴ്‌ചപ്പാടിലും വിട്ടുവീഴ്‌ചകള്‍ക്ക്‌ തയാറാകാത്ത വി.പി 1971ല്‍ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ രാഷ്‌ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‌ ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1976 ല്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ധനകാര്യ വകുപ്പില്‍ സഹമന്ത്രിയാക്കിയതോടെയാണ്‌ ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്‌. അടിയന്തരാവസ്ഥയ്‌ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച ജനതാ തരംഗത്തില്‍ വി പി സിംഗിന്‌ തന്റെ സീറ്റ്‌ കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.

പരാജയത്തെ തുടര്‍ന്ന്‌ കുറച്ചു കാലം മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ നിന്നു മാറിനിന്ന വി പി യുടെ രാഷ്‌ട്രീയ ഭാവി ഇരുളടഞ്ഞെന്ന ്‌ രാഷ്‌ട്രീയ നിരീക്ഷകരും മാധ്യമങ്ങളും വിലയിരുത്തി. എന്നാല്‍ 1980 ല്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായിക്കൊണ്ട്‌ ശക്തമായ തിരിച്ചുവരവാണ്‌ അദ്ദേഹം നടത്തിയത്‌. പക്ഷേ, മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്‌ ശോഭിക്കാനായില്ല. സംസ്ഥാനത്ത്‌ നടന്ന കൊളളക്കാരുടെ വ്യാപകമായ അക്രമങ്ങളും കൊലപാതകങ്ങളും അമര്‍ച്ച ചെയ്യുന്നതില്‍ 'മനുഷ്യസ്‌നേഹി'യായ മുഖ്യമന്ത്രിക്ക്‌ കഴിയാതെ പോയത്‌ സ്വാഭാവികം മാത്രം.

കളളപ്പണക്കാരുടേയും ജന്‍മിപ്രഭുക്കന്‍മാരുടേയും നിര്‍ലോഭമായ പിന്തുണ ലഭിച്ചിരുന്ന കൊളളക്കാര്‍ അലഹാബാദ്‌ ഹൈക്കോടതി ജഡ്‌ജിയായിരുന്ന തന്റെ സഹോദരനെ നിഷ്‌കരുണം വെടിവച്ചു കൊന്നപ്പോഴും നിസഹായനായി നോക്കിനില്‍ക്കാനേ വി പിക്കായുളളു. നിരപരാധികളായ അനേകം പേര്‍ ദിനംപ്രതി കൊല്ലപ്പെടുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ മനസുമടുത്ത വി പി 1982 ജൂലൈ മാസത്തില്‍ രാജിവച്ചു. അതും പ്രധാനമന്ത്രിയോട്‌ ആലോചിക്കുക പോലും ചെയ്യാതെ.

താമസിയാതെ കേന്ദ്രത്തില്‍ തിരിച്ചെത്തിയ വി പി വാണിജ്യ മന്ത്രിയായി. 1984 ലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആയ അദ്ദേഹം അവിടുനിന്നു 82 പേരെ ലോക്‌സഭയിലെത്തിച്ച്‌ ഏല്‍പിച്ച ജോലി വിജയകരമായി പൂര്‍ത്തിയാക്കിക്കൊണ്ട്‌ ഒരു സംഘാടകന്‍ എന്ന നിലയിലും തന്റെ പ്രാവീണ്യം തെളിയിച്ചു.

വാണിജ്യമന്ത്രിസ്ഥാനം തനിക്ക്‌ ഇണങ്ങുമെന്ന്‌ നേരത്തെ തെളിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‌ ലഭിച്ചത്‌ ധനകാര്യ വകുപ്പായിരുന്നു. വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നെങ്കിലും ധനമന്ത്രി എന്ന നിലയില്‍ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനമായിരുന്നു വി പി സിംഗിന്റേത്‌.

`നികുതി ഭാരം കൂടുതലാണെങ്കില്‍ സ്‌നേഹപൂര്‍വം അതുപറയാന്‍ മടിക്കരുത്‌`. വളരെ ദീര്‍ഘമൊയ ബജറ്റ്‌ അവതരണത്തിനിടയില്‍ ഇത്തരം കുശലങ്ങളും കുറിക്കുകൊളളുന്ന തമാശകളും കൊണ്ട്‌ ബജറ്റ്‌ അവതരണത്തെ വ്യത്യസ്‌തമാക്കിയ ധനമന്ത്രിയായിരുന്നു വി പി. കുറെ സ്ഥിതിവിവരക്കണക്കുകളുടെ അവതരണത്തിനപ്പുറം ബജറ്റ്‌ അവതരണത്തെ ജനകീയമാക്കിയതിന്റെ ക്രെഡിറ്റും വി പി സിംഗിന്‌ അവകാശ പ്പെട്ടതാണ്‌.

ന്യൂയോര്‍ക്കില്‍ നിന്നിറങ്ങുന്ന സാമ്പത്തിക ധനകാര്യ പ്രസിദ്ധീകരണമായ ''യൂറോ മണി'' 1985 ല്‍ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ധനമന്ത്രിയായി തെരഞ്ഞടുത്തത്‌ വി പി സിംഗിനെയാണ്‌. അദ്ദേഹത്തെ അടുത്തറിയാവുന്നവരെ സംബന്ധിച്ചിടത്തോളം ഈ അവാര്‍ഡ്‌ അദ്ദേഹത്തിന്റെ പ്രതിഭയ്‌ക്ക്‌ ലഭിച്ച വളരെ ചെറിയ അംഗീകാരമാണ്‌. ഒരിക്കല്‍ അദ്ദേഹത്തിന്റെ സുഹൃത്ത്‌ പറഞ്ഞത്‌ അദ്ദേഹം ഒരിക്കലും ഒരു മൂന്നാമനല്ല, ഒന്നാമന്‍ തന്നെയാണ്‌, യൂറോ മണിയ്‌ക്ക്‌ സംശയമുണ്ടായിരിക്കാം എന്നാല്‍ ഞങ്ങള്‍ക്ക്‌ സംശയമില്ല എന്നാണ്‌.

ദരിദ്രരുടേയും സമ്പന്നരുടേയും ഇടയില്‍പ്പെട്ട്‌ അവഗണിക്കപ്പെടുന്ന മധ്യവര്‍ഗക്കാരന്റെ സാമ്പത്തിക പ്രശ്‌നങ്ങളെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും അവര്‍ക്ക്‌ സഹായഹസ്‌തം നീട്ടുന്നതിനും ആവശ്യമായ നിര്‍ദേശം നല്‍കിയത്‌ വി പി സിംഗ്‌ അവതരിപ്പിച്ച ബജറ്റ്‌ ആയിരു ന്നു.

1987 ല്‍ ധനകാര്യവകുപ്പില്‍ നിന്നു പ്രതിരോധവകുപ്പിലേക്ക്‌ മാറിയ അദ്ദേഹം രാജീവ്‌ ഗാന്ധിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ രാജിവച്ചു. പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തിന്‌ രാജിവയ്‌ക്കേണ്ടി വന്നു. വി പി സിംഗിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വഴിത്തിരിവായാണ്‌ ഈ തീരുമാനം പിന്നീട്‌ വിലയിരുത്തപ്പെട്ടത്‌.

കോണ്‍ഗ്രസില്‍ നിന്നു വഴിപിരിഞ്ഞ അദ്ദേഹം ജനമോര്‍ച്ച എന്ന സംഘടന സ്ഥാപിച്ചു. പില്‍ക്കാലത്ത്‌ ജനതാദള്‍ എന്ന രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പിറവിക്ക്‌ ബീജാവാപം നിര്‍വഹിച്ചതും ഈ സംഘടനയാണ്‌.

1989 ലും 1991 ലും കോണ്‍ഗ്രസിനെതിരെ മല്‍സരിച്ച്‌ അദ്ദേഹം ലോക്‌സഭയിലെത്തി. ഭൂരിപക്ഷം നേടാന്‍ അദ്ദേഹം നേതൃത്വം കൊടുത്ത മുന്നണിക്ക്‌ സാധിക്കാതെ പോയെങ്കിലും ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ അദ്ദേഹം പ്രധാനമന്ത്രിയായി. ഒരേ സമയം ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റെയും പിന്തുണ നേടുക വഴി ഏറ്റവും കൗശലക്കാരനായ രാഷ്‌ട്രീയക്കാരന്‍ എന്ന പേരും വി പി സിംഗിനെ തേടിയെത്തി.

എല്‍ കെ അഡ്വാനിയുടെ രഥയാത്ര തടയുക വഴി വര്‍ഗീയതയ്‌ക്കെതിരെയുളള തന്റെ നിലപാട്‌ വി പി സിംഗ്‌ ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍ ഇതിന്‌ അദ്ദേഹത്തിന്‌ വിലയായി നല്‍കേണ്ടി വന്നത്‌ തന്റെ പ്രധാനമന്ത്രിപദമായിരുന്നു. മന്ത്രിസഭയ്‌ക്കെതിരെ ബി.ജെ.പി അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ വി പിക്ക്‌ രാജിവച്ചൊഴിയേണ്ടി വന്നു.

1992 ലാണ്‌ അദ്ദേഹത്തിന്‌ അര്‍ബുദരോഗം സ്‌ഥിരീകരിക്കുന്നത്‌. അത്‌ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു. തുടര്‍ന്ന്‌ രാഷ്‌ട്രീയത്തില്‍ നിന്നകന്ന്‌ കവിതാരചനയിലും ചിത്രരചനയിലും ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ബി.ജെ.പി-കോണ്‍ ഗ്രസ്‌ ഇതര പാര്‍ട്ടികളുടെ ഉപദേഷ്‌ടാവായും പ്രവര്‍ത്തിക്കുകയായിരുന്നു.

മരണം ഇന്നലെ അദ്ദേഹത്തെ തേടിയെത്തുന്നതുവരെ തനിക്ക്‌ ശരിയെന്ന്‌ ബോധ്യമുണ്ടായിരുന്ന വഴികളിലൂടെ നടക്കാനുളള അസാമാന്യ ആര്‍ജവം അദ്ദേഹം കാട്ടിയിരുന്നു. ഏതാനും നാളുകള്‍ക്കു മുന്‍പ്‌ എഴുതിയ കവിതയില്‍ അദ്ദേഹം ഇങ്ങനെ എഴുതി;

`എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും നാള്‍ കുത്തിവരയ്‌ക്കുകയായിരുന്നു.ഇന്ന്‌ എനിക്ക്‌ ഒരു ഒപ്പു കടലാസ്‌ വേണം എല്ലാം മായ്‌ച്ച്‌ എനിക്ക്‌ ഒരിക്കല്‍ കൂടി വരച്ചു തുടങ്ങണം.`

മരണമാകുന്ന ഒപ്പു കടലാസ്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ വരകള്‍ക്കു പകരം ജീവന്‍ തന്നെ ഒപ്പിയെടുത്തപ്പോള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്‌ നഷ്‌ടമായിരിക്കുന്നത്‌ മനുഷ്യസ്‌നേഹിയായ ഒരു ധിക്കാരിയെയാണ്‌, എല്ലാ നിലയ്‌ ക്കും ആഢ്യത്വം കാത്തു സൂക്ഷിച്ച രാഷ്‌ട്രീയത്തിലെ രാജാ സാഹിബിനെയാണ്‌.

3 comments:

കാസിം തങ്ങള്‍ said...

നല്ല പോസ്റ്റ്. എങ്കിലും ഒരു പാട് വൈകിപ്പോയി.

ബഷീർ said...

വി.പി. സിംഗിന്റെ മരണം ഭീകരാക്രമണത്തിനിടയില്‍ മുങ്ങിപ്പോയി.. മാധ്യമങ്ങള്‍ക്കൊന്നും പിന്നെ അതൊരു വാര്‍ത്തയേ അല്ലായിരുന്നു. ആര്‍ജ്ജവമുള്ള ഒരു രഷ്ട്രീയ നേതാവു തന്നെ രാജാ സാഹേബ്‌..

ആശംസകള്‍

sandeep salim (Sub Editor(Deepika Daily)) said...

ബഷീര്‍ പറഞ്ഞതു ശരിയാണ്‌.... എങ്കിലും ഭീകരാക്രമണങ്ങളുടെ ആഘോഷങ്ങള്‍ക്കിടയിലും സിംഗിന്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. അതില്‍ എത്രത്തോളം വിജയിച്ചു എന്നത്‌ വായനക്കാര്‍ വിലയിരുത്തേണ്ടതാണ്‌.....

FACEBOOK COMMENT BOX